Kerala

പാലക്കാട്‌ പ്രചാരണത്തിന് ഇറങ്ങാതെ പി കെ ശശി വിദേശത്തേയ്ക്ക്: തെരഞ്ഞെടുപ്പിന് ശേഷം മടങ്ങിയെത്തും

പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പ് വന്നെത്തിയ സമയത്ത് വിദേശ യാത്രയ്ക്കിറങ്ങാൻ കെടിഡിസി ചെയർമാന്‍ പി.കെ.ശശി. അന്താരാഷ്ട്ര വാണിജ്യമേളയിൽ പങ്കെടുക്കാനാണ് പി കെ ശശിയ്ക്ക് വിദേശത്ത് പോകാൻ സർക്കാർ അനുമതി നൽകിയിരിക്കുന്നത്. പാലക്കാട് നിയമസഭാ സീറ്റ് യുഡിഎഫില്‍ നിന്നും തിരികെ നേടണമെങ്കില്‍ ശശിയെപ്പോലുള്ള ഒരു നേതാവ് സിപിഎമ്മിന് അത്യാവശ്യമാണ്. പക്ഷെ ശശി ‘മുങ്ങുക’യാണ്. ബ്രിട്ടൻ, ജർമനി തുടങ്ങിയ രാജ്യങ്ങളിലേക്ക് ആണ് പോകുന്നത്. നവംബർ മൂന്ന് മുതൽ 16 വരെയാണ് സന്ദര്‍ശനം. അതായത് പാലക്കാട്ട് ഉപതിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരികൊള്ളുമ്പോള്‍ ശശി ഉണ്ടാകില്ല. തിരഞ്ഞെടുപ്പിന് ശേഷം മാത്രമെ തിരിച്ചെത്തുകയുള്ളൂ.

പാലക്കാട്ടെ സിപിഎമ്മിന്റെ ഏറ്റവും ശക്തനും സ്വാധീനശക്തിയുള്ള നേതാവുമാണ് കെടിഡിസി ചെയർമാന്‍ പി.കെ.ശശി. പാര്‍ട്ടിയുടെ അച്ചടക്ക നടപടിക്ക് വിധേയനായ ശശിയെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും നീക്കിയിരുന്നു. കെടിഡിസി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും നീക്കണമെന്നു പാലക്കാട് ഘടകം ആവശ്യപ്പെട്ടെങ്കിലും അതിന് സംസ്ഥാന നേതൃത്വം തയ്യാറായിട്ടില്ല.

ശശിയെ പാലക്കാട് സിഐടിയു ജില്ലാ പ്രസിഡന്റ് സ്ഥാനത്തുനിന്നും നീക്കാന്‍ ജില്ലാ ഘടകം തീരുമാനിച്ചിട്ടുണ്ട്. മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി ഓഫീസ് നിര്‍മാണ ഫണ്ടില്‍ നിന്നും ശശി ലക്ഷങ്ങള്‍ തിരിമറി ചെയ്ത് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് പാര്‍ട്ടി അന്വേഷണ കമ്മിഷന്‍ കണ്ടെത്തല്‍. ശശി അധ്യക്ഷനായ യൂണിവേഴ്സല്‍ കോളേജ് നിയമനത്തിലും ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ് അച്ചടക്ക നടപടി വന്നത്.

ശശിക്ക് എതിരെ 2018ൽ ഉയര്‍ന്ന ലൈംഗിക പീഡന ആരോപണം വ്യാപക ചർച്ചയായതാണ്. ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ കമ്മറ്റി അംഗമായ യുവതിയാണ് അന്ന് പാർട്ടിക്ക് പരാതി നല്‍കിയത്. പാർട്ടി നിയോഗിച്ച കമ്മിഷൻ്റെ കണ്ടെത്തൽ അതിലേറെ ചർച്ചയായതാണ്. തീവ്രത കുറഞ്ഞ പീഡനമാണ് ശശി നടത്തിയത് എന്നായിരുന്നു എ.കെ.ബാലൻ, പി.കെ.ശ്രീമതി എന്നിവരടങ്ങിയ പാർട്ടി കമ്മിഷൻ കണ്ടെത്തിയത്. അതിൽ ആറു മാസത്തെ സസ്പെൻഷൻ കഴിഞ്ഞ് തിരിച്ചെടുത്ത ശേഷമാണ് വീണ്ടും നടപടി വന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button