തിരുവനന്തപുരം: രാത്രിയില്‍ പെണ്‍കുട്ടിയെ കാണാന്‍ വീട്ടിലെത്തിയ ആണ്‍സുഹൃത്തിനെ പെണ്‍കുട്ടിയുടെ അച്ഛന്‍ കുത്തിക്കൊന്ന സംഭവത്തില്‍ നിര്‍ണായകമായേക്കുന്ന ഫോണ്‍ രേഖകള്‍ പരിശോധിക്കുകയാണ് പൊലീസ്. പ്രതി സൈമണ്‍ ലാലയുടെ ഭാര്യ പുലര്‍ച്ചെ ഫോണ്‍ ചെയ്ത് അത്യാവശ്യമായി പൊലീസ് സ്റ്റേഷനില്‍ പോകണമെന്ന് അറിയിച്ചുവെന്നാണ് അനീഷിന്റെ മാതാപിതാക്കള്‍ പറയുന്നത്. മകന്‍ വീട്ടിലില്ലെന്ന് അറിഞ്ഞതോടെ തിരികെ പ്രതിയുടെ ഭാര്യയുടെ ഫോണിലേക്ക് വിളിച്ചിരുന്നുവെങ്കിലും മകനെ കുറിച്ച് കൃത്യമായ വിവരം ലഭിച്ചില്ലെന്ന് ഇവര്‍ പറയുന്നു.
പേട്ട ചായക്കുടി ലൈനില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. രാത്രിയില്‍ പെണ്‍കുട്ടിയെ കാണാന്‍ വീട്ടിലെത്തിയതായിരുന്നു പത്തൊമ്പതുകാരനായ അനീഷ് ജോര്‍ജ്. മകളുടെ മുറിയില്‍ നിന്ന് ശബ്ദം കേട്ടതിനെ തുടര്‍ന്നാണ് പിതാവ് സൈമണ്‍ ലാല ആയുധവുമായി എത്തിയത്. മുറി തുറക്കാത്തതിനെ തുടര്‍ന്ന് വാതില്‍ തകര്‍ത്ത് അകത്ത് കയറിയ ലാല പിടിവലിക്കിടെ യുവാവിനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു.
Read Also : പത്തുവയസുകാരനെ ലൈംഗികമായി ഉപദ്രവിച്ചു: നാല്പതുകാരന് മുപ്പത്തിമൂന്നരവര്‍ഷം തടവും പിഴയും വിധിച്ച് കോടതി
കള്ളനാണെന്ന് കരുതി തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് അനീഷിനെ കുത്തിയതെന്ന് പൊലീസില്‍ കീഴടങ്ങിയ സൈമണ്‍ ലാല മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഈ മൊഴി കളവാണെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. സൈമന്റെ മകളും അനീഷും തമ്മില്‍ വര്‍ഷങ്ങളായി അടുപ്പമുള്ളവരായിരുന്നു. സൈമണ്‍ ലാലക്ക് അനീഷിനെ മുന്‍പരിചയമുണ്ടായിരുന്നു.
അനീഷ് വീട്ടില്‍ വരാറുണ്ടെന്ന് സംശയം തോന്നിയ സൈമണ്‍ ജാഗ്രതയിലായിരുന്നു. കഴിഞ്ഞ ദിവസം രാത്രി മകളുടെ മുറിയില്‍ അനീഷിനെ കണ്ടതോടെ സൈമണ്‍ പ്രകോപിതനാകുകയായിരുന്നു. ആക്രമിക്കരുതെന്ന് ഭാര്യയും രണ്ടു പെണ്‍മക്കളും കരഞ്ഞു പറഞ്ഞുവെങ്കിലും കത്തികൊണ്ട് നെഞ്ചിലും മുതുകിലും കുത്തിയെന്ന് പേട്ട പൊലീസ് പറയുന്നു.
Post Your Comments