സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ച ‘ട്രാന്‍സ്‌ഫോര്‍മേഷന്‍’ ചലഞ്ച് ആണ്. പിന്നിട്ട കാലത്തെ അടയാളപ്പെടുത്ത ചിത്രങ്ങളുമായി പലരും ഈ ചലഞ്ച് ഏറ്റെടുത്തുകഴിഞ്ഞു . ഇപ്പോഴിതാ ആൺ ഉടൽ അഴിച്ചു കളഞ്ഞു കൊണ്ട് പെൺ സ്വത്വത്തെ സ്വന്തമാക്കിയ തന്റെ ജീവിത പോരാട്ടങ്ങളെക്കുറിച്ചു രാഗരഞ്ജിനി പങ്കുവയ്ക്കുന്നു.
വനിത ഓണ്‍ലൈനിനോടാണ് രാഗരഞ്ജിനി തന്റെ ട്രാൻസ് വ്യക്തിത്വത്തെക്കുറിച്ചും പൊതു സമൂഹത്തിൽ നിന്നും നേരിട്ട അപമാനങ്ങളെക്കുറിച്ചും തുറന്നു പറഞ്ഞത്. രാഗരഞ്ജിനിയുടെ വാക്കുകൾ ഇങ്ങനെ.. ‘ഹോട്ടലില്‍ ജോലിക്കു നിൽക്കുന്ന സമയത്താണ് ട്രാൻസ് സമൂഹത്തെ കുറിച്ച് കൂടുതൽ അറിയുന്നത്. ആദ്യമൊക്കെ ട്രാന്‍സ് കൂട്ടായ്മയും ഒത്തു ചേരലും എല്ലാം രഹസ്യമായിട്ടായിരുന്നു. സമൂഹം പലപ്പോഴും ഞങ്ങളെ കണ്ടിരുന്നത് അവജ്ഞയോടെയായിരുന്നു. അതിന്റെ തിക്തഫലം അറിഞ്ഞത് കോഴിക്കോട് വച്ച് നടന്ന ഒരു കൂട്ടായ്മയ്ക്കു ശേഷമാണ്. ഒത്തു ചേരല്‍ കഴിഞ്ഞ് സാരിയുടുത്ത് നിരത്തിലൂടെ വന്ന ഞങ്ങള്‍ക്കു നേരെ ചിലർ കാമക്കണ്ണുകളോടെയെത്തി. ഞങ്ങളെ സെക്ഷ്വലി ഹരാസ് ചെയ്തു. ഞങ്ങള്‍ ട്രാന്‍സ് ആണെന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറാന്‍ നോക്കി. പക്ഷേ സാരിയില്‍ ഞങ്ങള്‍ സുന്ദരികളാണെന്ന് പറഞ്ഞായിരുന്നു ആ കാട്ടാളന്‍മാര്‍ പാഞ്ഞടുത്തത്.’
‘പൊലീസ് ഇടപെട്ടപ്പോള്‍ കുറ്റക്കാര്‍ ഞങ്ങളായി. ഞങ്ങളൊക്കെ വേഷം കെട്ടി നടക്കുന്നവരാണ് എന്നവര്‍ പൊലീസിനോട് പറഞ്ഞു. ജയിലിൽ കിടന്നാൽ ഇവമ്മാരൊക്കെ ആണുങ്ങളായിക്കോളും എന്നു പറഞ്ഞ് കള്ളക്കേസിൽ കുടുക്കി റിമാൻഡ് ചെയ്തു. കോഴിക്കോട്ടെ ആ ജയിൽ ശരിക്കും നരകമായിരുന്നു. ബാത്ത്റൂമിൽ പോകാൻ പറ്റില്ല. രഹസ്യമായി പോകാൻ പറ്റുന്ന ശുചിമുറി പോലും ഭയപ്പാടിന്റെ കേന്ദ്രമായി. എപ്പോഴാണ് ഞങ്ങളെ അപമാനിക്കുകയെന്നോ സെക്ഷ്വലി ഹരാസ് ചെയ്യുകയെന്നോ പറയാൻ പറ്റാത്ത അവസ്ഥ. പുറത്താണെങ്കിൽ പലരും ദുഷിച്ച കണ്ണുകളോടെ ഞങ്ങളെ കണ്ടു. ഒരു സെല്ലിൽ പത്തോ പതിനഞ്ചോ പേരുണ്ടാകും. രാത്രി ഉറങ്ങാൻ സമ്മതിക്കില്ല. ദുരുദ്ദേശ്യത്തോടെ അരികിലേക്ക് വരും. അങ്ങനെ എത്ര രാത്രികൾ ഉറങ്ങാതെ എഴുന്നേറ്റിരുണ്ടെന്നോ. പകലെങ്ങാനും കിടന്നുറങ്ങിയാൽ നടുവിന് ഒറ്റച്ചവിട്ടാണ്. ഞങ്ങൾ സഹകരിക്കാത്തതിന്റെ ദേഷ്യമാണ് അവർ. ജയിലിൽ ക്യാമറ നിരീക്ഷണം ഇല്ലായിരുന്നെങ്കിൽ ഞങ്ങളിൽ പലരും മൃതദേഹങ്ങളായി പുറത്തു വന്നേനെ’ -രാഗരഞ്ജിനി പറയുന്നു.
Post Your Comments