കല്‍പ്പറ്റ : വയനാട് കുറുക്കന്‍മൂലയില്‍ കടുവയിറങ്ങി ദിവസങ്ങള്‍ കഴിഞ്ഞിട്ടും കടുവയെ കണ്ടെത്താനാകാത്തതില്‍ ജനങ്ങള്‍ ഭീതിയിലാണ്. ദിവസങ്ങളായി കുറുക്കന്‍മൂല ഭാഗത്ത് തിരച്ചില്‍ തുടരുകയാണെങ്കിലും കടുവയുടെ താവളം ഇതുവരെ കണ്ടെത്താനായിട്ടില്ല. അതേസമയം, കടുവ ഇപ്പോഴും പ്രദേശത്ത് ആക്രമണം തുടരുകയാണ്. കാടിനുള്ളില്‍ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പാതയൊരുക്കി തിരച്ചില്‍ നടത്തിയിരുന്നു. മാത്രമല്ല കുങ്കിയാനകളുടെ സഹായത്തോടെ മയക്കുവെടി സംഘങ്ങളും കാടിനുള്ളില്‍ തിരച്ചില്‍ നടത്തി.
ക്രിസ്തുമസ് തലേന്ന് വരെ തോല്‍പ്പെട്ടി വന്യജീവി സങ്കേതത്തിന്റെ ഭാഗമായ ദേവട്ടത്തെ ഉള്‍വനങ്ങളായ മന്ദംകൊല്ലി, ഈശ്വരക്കൊല്ലി എന്നിവിടങ്ങളില്‍ കടുവക്കായി തിരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ ദിവസം മുഴുവന്‍ തിരച്ചില്‍ നടത്തിയെങ്കിലും കടുവയെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്ന് വനം വകുപ്പ് അധികൃതര്‍ അറിയിച്ചു.
ഇതിനിടെ കടുവയുടെ കഴുത്തില്‍ ഉണ്ടായ മുറിവില്‍ നിന്നും വീണ ചോരത്തുള്ളികള്‍ പിന്തുടര്‍ന്ന് അന്വേഷണം നടത്തിയെങ്കിലും അതിനും ഫലം ഉണ്ടായില്ല. ഇതിനെ തുടര്‍ന്ന് കുറുക്കന്‍മൂലയില്‍ സ്ഥാപിച്ചതിനെക്കാളും സാങ്കേതിക സംവിധാനങ്ങളുള്ള ക്യാമറകള്‍ വനത്തിനുള്ളിലും സ്ഥാപിച്ചിരുന്നു.
എന്നാല്‍ ഈ ക്യാമറകളില്‍ ഒന്നും തന്നെ കടുവയുടെ ദൃശ്യങ്ങള്‍ പതിയാത്തതും വനം വകുപ്പ് ഉദ്യോഗസ്ഥരെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. കടുവയുടെ സഞ്ചാരപാത കണ്ട് പിടിക്കാന്‍ 68 ക്യാമറകളാണ് പ്രദേശത്ത് സ്ഥാപിച്ചിരിക്കുന്നത്. ഈ ക്യാമറകളില്‍ കടുവയുടെ ദൃശ്യങ്ങള്‍ പതിയുന്നത് അനുസരിച്ച് ആ പ്രദേശങ്ങളില്‍ പരിശോധന നടത്തുകയാണ്.
Post Your Comments