മാനന്തവാടി: പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയെ കണ്ടെത്താൻ ഇന്നും തെരച്ചിൽ തുടരും. പഞ്ചാരക്കൊല്ലിയിൽ രാധയുടെ ജീവനെടുത്ത നരഭോജി കടുവയെ ഞായറാഴ്ച രാത്രിയോടെ വീണ്ടും കണ്ടെന്ന് നാട്ടുകാർ പറഞ്ഞതോടെ തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. ഞായറാഴ്ച വൈകീട്ട് 6.30 ഓടെയാണ് പ്രദേശവാസികൾ കടുവയെ കണ്ടത്. കേളകവലയിൽ പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി എസ് ദിലീപ് കുമാറിന്റെ തോട്ടത്തിന് അടുത്തായി കടുവയെ കണ്ടെന്നാണ് നാട്ടുകാർ അറിയിച്ചത്. ഇതോടെ വനം വകുപ്പ് സ്ഥലത്തെത്തി.
മേഖലയിൽ 48 മണിക്കൂർ കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. മാനന്തവാടി നഗരസഭയിലെ പഞ്ചാരകൊല്ലി, മേലെ ചിറക്കര, പിലാക്കാവ് മൂന്നുറോഡ്, മണിയൻകുന്ന്, എന്നിവിടങ്ങളിലാണ് ബുധനാഴ്ച രാവിലെ ആറുമണി വരെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.
മാനന്തവാടി നഗരസഭയിലെ പഞ്ചാരക്കൊല്ലി, പിലാക്കാവ്, ചിറക്കര,ഡിവിഷനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഡിവിഷനുകളിലെ സ്കൂൾ, അങ്കണവാടി, മദ്രസ, ട്യൂഷൻ സെൻ്ററുകൾ ഉൾപ്പെടെയുള്ളവ തുറന്ന് പ്രവർത്തിക്കാൻ പാടില്ലെന്നാണ് അറിയിപ്പ്. കർഫ്യൂ പ്രഖ്യാപിച്ച ഡിവിഷനുകളിൽ നിന്നും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പോയി പഠിക്കുന്ന വിദ്യാർത്ഥികൾ ജനുവരി 27, 28 തിയതികളിൽ സ്കൂളുകളിൽ ഹാജരാകേണ്ടതില്ലെന്നും അറിയിപ്പുണ്ട്.
പി.എസ്.സി പരീക്ഷ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടക്കുന്ന പരീക്ഷകൾക്ക് അത്യാവശ്യമായി പോകണ്ടവർ ഡിവിഷനിലെ കൗൺസിലറുമായി ബന്ധപ്പെട്ട് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യണമെന്നും അധികൃതർ അറിയിച്ചു. കടുവ സ്പെഷ്യൽ ഓപറേഷന്റെ ഭാഗമായാണ് നിയന്ത്രണമെന്ന് അധികൃതർ അറിയിച്ചു.
Post Your Comments