കേരളത്തിൽ, പ്രത്യേകിച്ച് വയനാട്ടിൽ അടുത്തിടെ കടുവയുടെ ശല്യം രൂക്ഷമായിരിക്കുകയാണ്. നിരവധി ജീവനുകൾ നഷ്ടമായി. ഉത്തരാഖണ്ഡിലെ റാംനഗറിൽ നിന്നുള്ള ഒരു 17 -കാരൻ കടുവയോട് മല്ലുപിടിച്ച്, മരണത്തിന്റെ വക്കിൽ നിന്നും ജീവനോടെ രക്ഷപ്പെട്ട കഥ ആരെയും അമ്പരപ്പിക്കുന്നതാണ്. 2023 നവംബർ രണ്ടിന് സ്കൂളിൽ നിന്നും തിരികെ വരും വഴിയാണ് അങ്കിത് എന്ന 17 -കാരനെ കടുവ അക്രമിക്കുന്നത്. മരണത്തെ മുഖാമുഖം കണ്ടാണ് യുവാവ് ജീവിതത്തിലേക്ക് മടങ്ങിവന്നത്.
കടുവ ഒരു മരത്തിൻ്റെ പിന്നിൽ നിന്ന് അങ്കിതിൻ്റെ നേരെ കുതിക്കുകയായിരുന്നു. പിന്നീട്, അത് അവൻ്റെ കഴുത്തിലും തലയിലും കടിച്ചു വലിച്ചു. അങ്കിതിന്‍റെ തല കടുവയുടെ വായിലായിരുന്നു. അവന്‍ അതിന്‍റെ നാവില്‍ പിടിച്ചു വലിച്ചാണ് അങ്കിത് സ്വന്തം ജീവൻ രക്ഷിച്ചെടുത്തത്.
‘ഞാൻ സ്കൂളിൽ നിന്നും വരികയായിരുന്നു. റോഡിൽ ഒരു കടുവ ഉണ്ടായിരുന്നു, അത് പിന്നിൽ നിന്നും എന്നെ ആക്രമിക്കുകയും കാട്ടിലേക്ക് വലിച്ചിഴക്കുകയും ചെയ്തു. എനിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അത് എൻ്റെ തലയിൽ കടിച്ചു. പക്ഷേ, ഞാൻ ഉടനെ തന്നെ പ്രതികരിച്ചു, അതിന്റെ നാവ് പിടിച്ചു വലിച്ചു. അതിനു ശേഷം ഞാൻ രക്ഷപ്പെട്ടു’, അങ്കിത് പറഞ്ഞു.
എന്നാൽ, കടുവയുടെ പിടിയിൽ നിന്നും രക്ഷപ്പെട്ടെങ്കിലും അങ്കിതിന് ഗുരുതരമായി പരിക്കേറ്റിരുന്നു. യുവാവിന് ഒരുപാട് രക്തം നഷ്ടപ്പെട്ടിരുന്നു. തലയോട്ടിൽ പരിക്കേറ്റിരുന്നു, തലയോട്ടിയിലെ എല്ലുകൾ വരെ കാണാമായിരുന്നു, വലതു ചെവി തൂങ്ങിക്കിടക്കുകയായിരുന്നു, മുഖം ആകെ വികൃതമായിരുന്നു, വലതു കൈയുടെ തള്ളവിരൽ ഭാഗികമായി ഛേദിക്കപ്പെട്ടിരുന്നു എന്നാണ് ഡോക്ടർമാർ പറയുന്നത്. എന്നാൽ, പ്ലാസ്റ്റിക് സർജൻ ഡോ. ആഷിഷ് ധിംഗ്രയുടെയും അനസ്‌തേഷ്യോളജിസ്റ്റ് ഡോ. യോഗിത പിതാലെയുടെയും പരിചരണത്തിൽ, അങ്കിത് സുഖം പ്രാപിച്ച് വരികയാണ്.
Post Your Comments