Latest NewsKeralaIndia

കെ റെയിലിൽ മുഖ്യമന്ത്രി മാപ്പു പറയണം, വീട് നഷ്ടപ്പെടുമെന്ന ഭീതിയിൽ ആത്മഹത്യ ചെയ്ത കുടുംബത്തിന് ധനസഹായം നൽകണം-ആവശ്യം

'മന്ത്രിയുടെ ഇടപെടൽ വിദേശ കമ്പനികൾക്ക് ഭൂരേഖകൾ ചോർത്തിക്കൊടുക്കാൻ അവസരം ഒരുക്കുകയും അനധികൃത സർവേ വഴി ജനങ്ങളുടെ ജീവിതം ഇല്ലാതാക്കി ആത്മഹത്യാ സാഹചര്യങ്ങളിലേക്ക് തള്ളിവിടുകയും ചെയ്തു'

തിരുവനന്തപുരം: കെ റെയിൽ അതിരടയാള കല്ലിടൽ ഹൈക്കോടതി തടഞ്ഞ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങളോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി. കേരളത്തിലെ റവന്യൂ വകുപ്പിന്റെ പക്കൽ സൂക്ഷിക്കേണ്ട ഭൂമി സംബന്ധിച്ച വിവരങ്ങൾ കെ റെയിൽ കമ്പനിക്ക് അനധികൃതമായി കൈമാറിയ റവന്യൂ വകുപ്പ് മന്ത്രി രാജിവെക്കണമെന്നും സമിതി ആവശ്യപ്പെട്ടു. മന്ത്രിയുടെ ഇടപെടൽ വിദേശ കമ്പനികൾക്ക് ഭൂരേഖകൾ ചോർത്തിക്കൊടുക്കാൻ അവസരം ഒരുക്കുകയും അനധികൃത സർവേ വഴി ജനങ്ങളുടെ ജീവിതം ഇല്ലാതാക്കി ആത്മഹത്യാ സാഹചര്യങ്ങളിലേക്ക് തള്ളിവിടുകയും ചെയ്തുവെന്ന് സമിതി പറഞ്ഞു.

വീട് നഷ്ടപ്പെടുമെന്ന ഭീതിയിൽ ആത്മസംഘർഷം മൂലം ആലുവ തോട്ടു മുഖത്ത് മരണപ്പെട്ട കുട്ടന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം. സിൽവർ ലൈൻ പദ്ധതി കേരളത്തെ സർവ്വനാശത്തിലേക്കാണ് നയിക്കുന്നതെന്ന തിരിച്ചറിവ് ഈ വൈകിയ വേളയിലെങ്കിലും സർക്കാരിന് ഉണ്ടാകണമെന്നും ഈ പദ്ധതിയുടെ എല്ലാ തുടർ നടപടികളും അടിയന്തിരമായി നിർത്തി വെക്കണമെന്നും സംസ്ഥാന കെ റെയിൽ സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി ആവശ്യപ്പെടുന്നു.

കഴിഞ്ഞ ഒരു വർഷത്തിലേറെയായി സമരസമിതി, മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും, കെറയിൽ നടത്തുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് സംരക്ഷണം നൽകരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിരവധി നിവേദനങ്ങൾ നൽകിയിരുന്നു. അതൊന്നും പരിഗണിക്കാതെ ജനങ്ങളെ ആകെ ഭീതിയിലും ആശങ്കയിലും മാനസിക സംഘർഷത്തിലും ആക്കികൊണ്ട് നടപടിക്രമങ്ങൾ പാലിക്കാതെ സ്വകാര്യ ഭൂമിയിൽ മതിൽ ചാടിക്കടന്നും പൂട്ടിയിട്ട ഗേറ്റുകൾ തല്ലിത്തകർത്തും രാത്രിയുടെ മറവിലും കല്ലിടുകയാണുണ്ടായത്.

കോടതി വിധിയുടെ പശ്ചാത്തലത്തിൽ കെ റയിൽ സ്ഥാപിച്ച മുഴുവൻ കോൺക്രീറ്റ് തൂണുകളും നീക്കം ചെയ്യണം. തൂണു സ്ഥാപിച്ച പ്രദേശങ്ങളിലെ മുഴുവൻ കുടുംബങ്ങൾക്കും മതിയായ നഷ്ടപരിഹാരം നൽകണം. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കൂട്ടുനിന്നു ജനങ്ങളെ ദ്രോഹിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശനമായ ശിക്ഷാ നടപടികൾ സ്വീകരിക്കണം. കെ റെയിലിന്റെ നിയമവിരുദ്ധ പ്രവർത്തനങ്ങളെ ചോദ്യം ചെയ്തവർക്കെതിരെ എടുത്ത മുഴുവൻ പോലീസ് കേസുകളും പിൻവലിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button