ന്യൂഡൽഹി: കാശിയുടെ വികസനത്തിൽ അസ്വസ്ഥരാകുന്ന ചിലരുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാരണാസിയിൽ പുതിയ പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അതിവേഗത്തിൽ തന്നെ വാരണാസി വികസനത്തിന്റെ മാതൃകയായി മാറുകയാണെന്നും മോദി പറഞ്ഞു.
ഉത്തർപ്രദേശിലെ രാഷ്ട്രീയത്തെ ജാതിയിലൂടെയും മതത്തിലൂടെയും കാണുന്നവരെ ഇതൊക്കെ അസ്വസ്ഥരാക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സ്‌കൂളുകൾ, കോളജുകൾ, റോഡുകൾ, വെള്ളം, പാവപ്പെട്ടവർക്ക് വീട്, ഗ്യാസ് കണക്ഷനുകൾ, ശൗചാലയങ്ങൾ എന്നിവ വികസനത്തിന്റെ ഭാഗമായി അക്കൂട്ടർ കണക്കാക്കുന്നില്ലെന്നും മോദി ചൂണ്ടിക്കാട്ടി.
വാരണാസിയിലെ ജനങ്ങളുടെ ജീവിതം മുൻനിർത്തി കൊണ്ടാണ് ഓരോ പദ്ധതികളും ആവിഷ്കരിച്ചിരിക്കുന്നത്. ഇതുവരെ ഉദ്ഘാടനം ചെയ്ത പദ്ധതികളെല്ലാം അവരുടെ ജീവിതത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതാണെന്നും അദ്ദേഹം അറിയിച്ചു. പഴയ സർക്കാറിൽ നിന്ന് ലഭിച്ച സേവനങ്ങളും ഇപ്പോഴത്തെ സർക്കാരിൽ നിന്ന് ലഭിച്ച സേവനങ്ങളും തമ്മിൽ താരതമ്യം ചെയ്തു പരിശോധിക്കുകയാണെങ്കിൽ അതിലെ മാറ്റങ്ങൾ വളരെയധികം പ്രകടമാണെന്നും മോദി കൂട്ടിച്ചേർത്തു.
Post Your Comments