KeralaLatest NewsIndia

കനാലിൽ വീണ കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കവേ തെലങ്കാനയിൽ 3 മലയാളി യുവാക്കൾ മുങ്ങി മരിച്ചു

ഇരുവരെയും രക്ഷിക്കാൻ ശ്രമിക്കവെയാണ് മറ്റു 2 പേരും അപകടത്തിൽ പെട്ടത്.

കട്ടപ്പന : തെലങ്കാനയിലെ ഖമ്മം ജില്ലയിൽ കനാലിൽ വീണ കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ 3 മലയാളി യുവാക്കൾ മുങ്ങി മരിച്ചു. ഇടുക്കി ജില്ലയിൽ കാഞ്ചിയാർ പഞ്ചായത്തിലെ കക്കാട്ടുകട സ്വദേശി തോട്ടയ്ക്കാട്ട് മഠത്തിൽ ഓമനക്കുട്ടന്റെ മകൻ വിവേക് (22), ബെംഗളൂരുവിൽ സ്ഥിരതാമസമാക്കിയ മലയാളി സോനു പാറയ്ക്കൽ (35), ആലപ്പുഴ വയലാർ പഞ്ചായത്ത് 13–ാം വാർഡ് കണ്ടനാട്ട് സന്തോഷിന്റെ മകൻ അഭയ് സന്തോഷ്(26) എന്നിവരാണ് മരിച്ചത്.

ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് അപകടം. സോനു ആയുർവേദ സ്ഥാപനത്തിന്റെ മാനേജരും മറ്റു 2 പേർ ആയുർവേദ തെറപ്പിസ്റ്റുകളുമാണ്. സോനുവിന്റെ മകൻ ഷാരോൺ ഉൾപ്പെടെ 9 അംഗ സംഘമാണ് എൻഎസ്പി കനാൽ കാണാനായി പോയത്. ഷാരോൺ കാൽവഴുതി വെള്ളത്തിലേക്കു വീണു. മകനെ രക്ഷിക്കാനായി ശ്രമിക്കുന്നതിനിടെ സോനുവും അപകടത്തിൽപെട്ടു. ഇരുവരെയും രക്ഷിക്കാൻ ശ്രമിക്കവെയാണ് മറ്റു 2 പേരും അപകടത്തിൽ പെട്ടത്.

ഇതിനിടെ മറ്റൊരാൾ ഷാരോണിനെ രക്ഷിച്ചെങ്കിലും അപ്പോഴേക്കും 3 പേരെയും കാണാതായി. നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് പൊലീസ് സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. വിജയവാഡയിൽ നിന്നുള്ള എൻഡിആർഎഫ് സംഘം തിങ്കളാഴ്ച ഉച്ച കഴിഞ്ഞപ്പോൾ തിരച്ചിൽ തുടങ്ങി.

കനാലിലേക്കുള്ള നീരൊഴുക്ക് കുറച്ചശേഷം നടത്തിയ തിരച്ചിലിനെത്തുടർന്ന് ഇന്നലെയാണ് മൂവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. വിവരമറിഞ്ഞ് വിവേകിന്റെ ബന്ധുക്കൾ സ്ഥലത്ത് എത്തിയിരുന്നു. പോസ്റ്റ്മോർട്ടത്തിനുശേഷം വൈകിട്ട് ഏഴോടെ വിവേകിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ഭയിന്റെ മൃതദേഹം ഇന്നു വീട്ടിലെത്തിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button