എലത്തൂർ: കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് വരുകയായിരുന്നയാളുടെ കാർ തടഞ്ഞുനിർത്തി കത്തികാട്ടി കള്ളക്കടത്ത് സംഘം അരക്കിലോ സ്വർണവും പണവും കവർന്നു. പൂളാടിക്കുന്ന് ജങ്ഷന് സമീപം അത്തോളി റോഡിൽ ചൊവ്വാഴ്ച രാവിലെ ആറു മണിയോടെയാണ് സംഭവം. ദുബായിൽനിന്ന് കരിപ്പൂരിൽ വിമാനമിറങ്ങി നാദാപുരത്തേക്ക് പോവുകയായിരുന്ന വിഷ്ണുമംഗലം കിഴക്കയിൽ ഇല്യാസ് സഞ്ചരിച്ച കാറാണ് നാലംഗസംഘം പിന്തുടർന്ന് പിടികൂടി സ്വർണം കവർന്നത്.
സുഹൃത്ത് മുഹമ്മദ്, സഹോദരൻ ഹുസൈൻ എന്നിവരും കാറിലുണ്ടായിരുന്നു. കറുത്ത കാറിലെത്തിയ സംഘം റോഡിനുകുറുകെ കാർ തടഞ്ഞാണ് സ്വർണം കവർന്നതെന്നാണ് ഇവർ നൽകിയ മൊഴി. ഫോണിലൂടെ നൽകിയ പരാതിയിൽ രണ്ടരപ്പവൻ സ്വർണമാല, ഐഫോണുകൾ, പണം എന്നിവ നഷ്ടമായെന്നായിരുന്നു പോലീസിനോട് പറഞ്ഞത്. നേരിട്ട് സ്റ്റേഷനിൽ പരാതി നൽകാനെത്തിയപ്പോൾ പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ അരക്കിലോ സ്വർണം നഷ്ടമായെന്ന് ഇവർ മൊഴി തിരുത്തി.
തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു .ദുബായിൽനിന്ന് വിമാനമാർഗം ചെറിയ സിലിൻഡർ മാതൃകയിൽ കൊണ്ടുവന്ന അരക്കിലോ സ്വർണമാണ് അജ്ഞാതസംഘം തട്ടിപ്പറിച്ചതെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി
മൂന്നു ചെറിയ സിലിൻഡറുകൾ മലദ്വാരത്തിൽ ഒളിപ്പിച്ചാണ് എത്തിച്ചതെന്നാണ് പോലീസ് നിഗമനം. നാദാപുരം സ്വദേശിക്ക് എത്തിക്കാൻ കൊടുത്തയച്ച സ്വർണമാണിതെന്നാണ് ലഭിക്കുന്ന സൂചനകൾ. ഇത് സംബന്ധിച്ച വിവരങ്ങൾ എൻഫോഴ്സ്‌മെൻറ് ഡയറക്ടറേറ്റിന് പോലീസ് കൈമാറും.
സ്വർണം തട്ടിപ്പറിച്ച സംഘത്തെക്കുറിച്ചുള്ള അന്വേഷണം കള്ളക്കടത്ത് സംഘത്തിലേക്കും പോലീസ് വ്യാപിപ്പിക്കും. പരാതിക്കാരുടെ മൊഴിയിൽ വൈരുധ്യമുള്ളതായി പോലീസിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്. രാവിലെ ആറു മണിയോടെയുണ്ടായ സംഭവം പരാതിക്കാർ മൂന്നു മണിക്കൂറിലേറെ വൈകിയാണ് പോലീസിൽ നേരിട്ടെത്തി രേഖാമൂലം അറിയിക്കുന്നത്. അരക്കിലോ സ്വർണം ഇവരിൽ നിന്ന് നഷ്ടപ്പെട്ടിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചതായും പോലീസ് വ്യക്തമാക്കി.
Post Your Comments