ന്യൂഡൽഹി: പനാമ പേപ്പർ കേസിൽ ചോദ്യം ചെയ്യലിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. 2004 – 2006 വർഷങ്ങളിൽ ഐശ്വര്യ റായ് നടത്തിയ വിദേശയാത്രകളെ സംബന്ധിച്ച് വിവരങ്ങൾ ഇഡി തേടി. 2005 ജൂണിൽ ദുബായ് നടത്തിയ അമിക്ക് പാർട്നെഴ്സ് കമ്പനിയുടെ ഡയറക്ടർ ബോർഡ് യോഗം സംബന്ധിച്ച വിവരങ്ങളും ആരാഞ്ഞു. അമിക്ക് പാർട്നെഴ്സ് കമ്പനിയുടെ ഡയറക്ടർ ബോർഡ് യോഗത്തിന്റെ മിനിട്സും ഇഡി ചോദ്യം ചെയ്യലിൽ ഹാജരാക്കി.
തന്റെ സാമ്പത്തിക കാര്യങ്ങൾ നോക്കിയിരുന്നത് അച്ഛനായിരുന്നുവെന്ന് ഐശ്വര്യ മൊഴി നൽകിയെന്ന് ഇഡി വൃത്തങ്ങൾ അറിയിക്കുന്നു. കമ്പനിയെ കുറിച്ച് കൂടൂതൽ കാര്യങ്ങൾ അറിയില്ലെന്ന് ഐശ്വര്യ റായ് ചോദ്യം ചെയ്യലിൽ പറഞ്ഞെന്നുമാണ് വിവരം. വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ച കേസിലാണ് മുൻ ലോകസുന്ദരിയെ കേന്ദ്ര അന്വേഷണ ഏജൻസി ചോദ്യം ചെയ്തത്.
ഭർത്താവായ അഭിഷേകൻ ബച്ചന്റെ വിദേശ നിക്ഷേപത്തെ കുറിച്ചുള്ള വിവരങ്ങളും തേടിയെന്നാണ് റിപ്പോർട്ട്. പനാമ പേപ്പർ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് ബോളിവുഡ് നടി ഐശ്വര്യ റായ് ഹാജരാകണമെന്ന് അന്വേഷണ ഏജൻസി നോട്ടീസ് നൽകുകയായിരുന്നു. പനാമ പേപ്പർ കേസ് അന്വേഷിക്കുന്ന ഇഡി, ആദായനികുതി വകുപ്പ് അടക്കം വിവിധ ഏജൻസികളുടെ ഉദ്യോഗസ്ഥർ അടങ്ങുന്ന പ്രത്യേക സംഘമാണ് ഐശ്വര്യ റായിക്ക് ചോദ്യം ചെയ്യലിന് നോട്ടീസ് നൽകിയത്. രണ്ട് തവണ കേസുമായി ബന്ധപ്പെട്ട് ഐശ്വര്യ റായ്ക്ക് നോട്ടീസ് അയച്ചിരുന്നെങ്കിലും ഹാജരായിരുന്നില്ല.
ഒരു മാസം മുമ്പ് അഭിഷേക് ബച്ചനും ഇ ഡി ഓഫീസിലെത്തിയിരുന്നു.നികുതി വെട്ടിച്ച പണം വിവിധ ബിനാമി പേപ്പർ കമ്പനികളിൽ നിക്ഷേപിച്ച് വെളുപ്പിച്ചെന്നാണ് ആരോപണം. പനാമ പേപ്പർ രേഖകളിൽ ലോക നേതാക്കളും രാഷ്ട്രീയപ്രമുഖരും ഇന്ത്യയിൽ നിന്നുള്ള ബോളിവുഡ് താരങ്ങളും, കായിക താരങ്ങളും ഉൾപ്പെട്ടിരുന്നു. 2016 ൽ ഇതുമായി ബന്ധപ്പട്ട് 1048 ഇന്ത്യക്കാരുടെ പേരുകളാണ് പുറത്ത് വന്നത്.
മാധ്യമപ്രവർത്തകരുടെ കൂട്ടായ്മായായ ഐസിഐജെയാണിത് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടത്.
അതേസമയം ഇന്നലെ ബിജെപിക്കെതിരെ രാജ്യസഭയിൽ മുൻ നടിയും സമാജ് വാദി പാർട്ടി എംപിയുമായ ജയാ ബച്ചൻ പൊട്ടിത്തെറിക്കുകയും ശാപവാക്കുകൾ ഉന്നയിക്കുകയും ചെയ്തിരുന്നു.
Post Your Comments