ThiruvananthapuramKeralaNattuvarthaNews

സംസ്ഥാനത്തെ സമ്പൂര്‍ണ വാക്‌സിനേഷന്‍ 75 ശതമാനം കടന്നതായി മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് സംസ്ഥാനത്തെ സമ്പൂര്‍ണ കോവിഡ് വാക്‌സിനേഷന്‍ 75 ശതമാനം കഴിഞ്ഞതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വാക്‌സിനേടുക്കേണ്ട ജനസംഖ്യയുടെ 97.38 ശതമാനം പേര്‍ക്ക് (2,60,09,703) ആദ്യ ഡോസ് വാക്‌സിനും 75 ശതമാനം പേര്‍ക്ക് (2,00,32,229) രണ്ടാം ഡോസ് വാക്‌സിനും നല്‍കി. ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ ആകെ 4,60,41,932 ഡോസ് വാക്‌സിനാണ് നല്‍കിയത്. ഇത് ദേശീയ ശരാശരിയേക്കാള്‍ വളരെ കൂടുതലാണ്. ദേശീയ തലത്തില്‍ ഒന്നാം ഡോസ് വാക്‌സിനേഷന്‍ 88.33 ശതമാനവും രണ്ടാം ഡോസ് വാക്‌സിനേഷന്‍ 58.98 ശതമാനവുമാകുമ്പോഴാണ് കേരളം ഈ നേട്ടം കൈവരിക്കുന്നത്.

Also Read : സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്‌

സംസ്ഥാനത്ത് ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണം. മൂക്കും വായും മൂടത്തക്കവിധം ശരിയായ രീതിയില്‍ മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലികകുകയും ഇടയ്ക്കിടയ്ക്ക് സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് കൈ വൃത്തിയാക്കുകയും വേണം. ഇതോടൊപ്പം പ്രധാനമാണ് വാക്‌സിനേഷന്‍. ഒമിക്രോണ്‍ സാഹചര്യത്തില്‍ പ്രത്യേക കോവിഡ് വാക്‌സിനേഷന്‍ യജ്ഞങ്ങള്‍ നടന്നു വരികയാണ്. സംസ്ഥാനത്ത് 10 ലക്ഷത്തോളം ഡോസ് വാക്‌സിന്‍ സ്റ്റോക്കുണ്ട്.

പത്തനംതിട്ട, ഇടുക്കി, എറണാകുളം, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ 100 ശതമാനത്തോളം പേരും ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയില്‍ 99 ശതമാനം പേരും തിരുവനന്തപുരം ജില്ലയില്‍ 98 ശതമാനം പേരും കോട്ടയം, കോഴിക്കോട് ജില്ലകളില്‍ 97 ശതമാനം പേരും ആദ്യ ഡോസ് വാക്‌സിന്‍ എടുത്തിട്ടുണ്ട്. 85 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിന്‍ നല്‍കിയ വയനാട് ജില്ലയാണ് സമ്പൂര്‍ണ വാക്‌സിനേഷനില്‍ മുന്നിലുള്ളത്. 83 ശതമാനം പേര്‍ക്ക് സമ്പൂര്‍ണ വാക്‌സിനേഷന്‍ നല്‍കിയ പത്തനംതിട്ട ജില്ലയാണ് തൊട്ട് പുറകില്‍. ആരോഗ്യ പ്രവര്‍ത്തരും കോവിഡ് മുന്നണി പോരാളികളും 100 ശതമാനം ആദ്യ ഡോസ് വാക്‌സിനും യഥാക്രമം 91, 93 ശതമാനം രണ്ടാം ഡോസ് വാക്‌സിനുമെടുത്തിട്ടുണ്ട്. സ്ത്രീകളാണ് പുരുഷന്‍മാരേക്കാള്‍ വാക്‌സിനെടുത്തത്. സ്ത്രീകള്‍ 2,40,42,684 ഡോസ് വാക്‌സിനും പുരുഷന്‍മാര്‍ 2,19,87,271 ഡോസ് വാക്‌സിനുമാണെടുത്തത്.

കോവിഡ് ബാധിച്ചവര്‍ക്ക് 3 മാസം കഴിഞ്ഞ് മാത്രം വാക്‌സിനെടുത്താല്‍ മതി. രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാനുള്ളവര്‍ ഒട്ടും കാലതാമസം വരുത്തരുത്. കോവിഷീല്‍ഡ് വാക്‌സിന്‍ 84 ദിവസം കഴിഞ്ഞും കോവാക്‌സിന്‍ 28 ദിവസം കഴിഞ്ഞും ഉടന്‍ തന്നെ രണ്ടാം ഡോസ് സ്വീകരിക്കേണ്ടതാണ്. ഇനിയും വാക്‌സിനെടുക്കാത്തവര്‍ എത്രയും വേഗം വാക്‌സിന്‍ സ്വീകരിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button