ന്യൂഡല്‍ഹി: രാജ്യത്ത് കടുത്ത ആശങ്ക ഉയര്‍ത്തി ഒമിക്രോണ്‍ സ്ഥിരീകരിക്കുന്നവരുടെ എണ്ണം കൂടുന്നു. കഴിഞ്ഞദിവസം കര്‍ണാടകത്തില്‍ അഞ്ചുപേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 160 കടന്നു. ധാര്‍വാഡ്, ഭദ്രാവതി, ഉഡുപ്പി , മംഗലാപുരം എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് കര്‍ണാടകയില്‍ കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചത്.
മഹാരാഷ്ട്ര (54), ഡല്‍ഹി (22), രാജസ്ഥാന്‍ (17), കര്‍ണാടക (19), തെലങ്കാന (20), ഗുജറാത്ത് (11), കേരളം (11), ആന്ധ്രപ്രദേശ് (1), ചണ്ഡീഗഡ് (1), തമിഴ്നാട് (1), പശ്ചിമ ബംഗാള്‍ (4) എന്നിങ്ങനെയാണ് ഇപ്പോഴത്തെ രോഗബാധിതര്‍. ഒമിക്രോണ്‍ സ്ഥിരീകരിക്കുന്നവരുടെ എണ്ണം കൂടിയതോടെ രാജ്യത്ത് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ ഒരുങ്ങുകയാണ് അധികൃതര്‍. അധികം വൈകാതെ തന്നെ കൊവിഡ് മൂന്നാം തരംഗം രാജ്യത്ത് ഉണ്ടാകുമെന്നാണ് വിദഗ്ദ്ധരുടെ നിഗമനം.
ഒമിക്രോണിന് ഡെല്‍റ്റയേക്കാള്‍ പ്രഹരശേഷി കുറവാണെന്നതിന് തെളിവില്ലെന്ന് ബ്രിട്ടീഷ് ഗവേഷകര്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ബ്രിട്ടനില്‍ തുടര്‍ച്ചയായ മൂന്നാംദിവസവും കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ലണ്ടനിലെ ഇംപീരിയല്‍ കോളജ് പുതിയ പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. അതേസമയം, നിഗമനത്തിലെത്താന്‍ കൂടുതല്‍ വിവരങ്ങള്‍ വേണമെന്നാണ് ആരോഗ്യവിദഗ്ദ്ധരുടെ പക്ഷം.
Read Also: രാജ്യത്തെ മുസ്‌ലിങ്ങളുടെ യഥാര്‍ത്ഥ ശത്രുക്കള്‍ ബി.ജെ.പി അല്ല: തുറന്ന് പറഞ്ഞ് ഇംതിയാസ് ജലീല്‍
ബ്രിട്ടനില്‍ ഒമിക്രോണ്‍ വ്യാപനം അതിഭീകരമാവുകയാണ്. ഇതുവരെ ഏഴ് പേര്‍ ഒമിക്രോണ്‍ ബാധിച്ച് മരിച്ചു. 25,000 ഓളം പേര്‍ ചികിത്സയിലാണ്. 24 മണിക്കൂറിനിടെ പതിനായിരം ഒമിക്രോണ്‍ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയേക്കുമെന്നാണ് ബ്രിട്ടീഷ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രണ്ടാഴ്ചത്തേയ്ക്ക് സര്‍ക്യൂട്ട് – ബ്രേക്കര്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്നാണ് വിവരം.
രാജ്യത്ത് ക്രിസ്മസ് ആഘോഷങ്ങള്‍ നടക്കുന്നതിനിടെയാണ് ഒമിക്രോണ്‍ പ്രതിസന്ധി സൃഷ്ടിക്കുന്നത്. ആഘോഷങ്ങള്‍ക്ക് ശേഷമേ നിയന്ത്രണങ്ങള്‍ നിലവില്‍ വരൂ എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, ഒമിക്രോണും ഡെല്‍റ്റയും ചേര്‍ന്ന് കൂടുതല്‍ അപകടകരമായ വകഭേദം ഉണ്ടാവാനുള്ള സാദ്ധ്യത കൂടുതലാണെന്ന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ദ്ധര്‍ രംഗത്തെത്തിയിട്ടുണ്ട്.
Post Your Comments