തിരുവനന്തപുരം: മൂന്നാം തരംഗത്തിൽ പ്രതീക്ഷിച്ചതിനേക്കാൾ നേരത്തെ കേരളം കോവിഡ് കേസുകളുടെ പാരമ്യഘട്ടത്തിലെന്ന് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തൽ. ഒരാഴ്ചയ്ക്ക് മീതെയായി കേസുകൾ ഒരേ നിലയിൽ തുടരുന്നതാണ് നിഗമനം ശക്തമാക്കുന്നത്. അടുത്തയാഴ്ചയോടെ കേസുകൾ കുറയാൻ തുടങ്ങുമെന്നാണ് പ്രതീക്ഷ. അതേസമയം കേസുകൾ കുതിച്ചു കയറിയതിന് ആനുപാതികമായി കൂടുന്ന മരണസംഖ്യയാണ് പുതിയ ആശങ്ക. കോഴിക്കോട് കഴിഞ്ഞ ദിവസം മരിച്ചവരിൽ 2 നവജാതശിശുക്കളും ഉൾപ്പെടുന്നു.
പീക്ക് അഥവാ പാരമ്യഘട്ടം എന്നായിരിക്കുമെന്നതായിരുന്നു ഒമിക്രോൺ ഘട്ടത്തിലെ പ്രധാനചോദ്യം. മോശം ഘട്ടം കഴിഞ്ഞെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ 8 ദിവസത്തിനിടെ 6 ദിവസവും അമ്പതിനായിരത്തിന് മുകളിലാണ് കേസുകൾ. കൂടുകയോ വലിയ തോതിൽ എണ്ണം കുറയുകയോ ചെയ്തില്ല. പക്ഷെ ടിപിആർ കുറഞ്ഞു വരുന്നു. പരിശോധിച്ച് കണ്ടെത്തിയ പോസിറ്റീവ് കേസുകളേക്കാൾ വലിയ അളവ് അറിയാതെ പോോസിറ്റിവായി പോയവരെ കൂടി കണക്കാക്കിയാണ് പാരമ്യഘട്ടം കടന്നെന്ന അനുമാനം. വൻ വ്യാപനമുണ്ടായ തിരുവനന്തപുരത്ത് പീക്ക് ഘട്ടം കഴിഞ്ഞെന്ന് ആരോഗ്യവകുപ്പ് നിഗമനമുണ്ട്.
ഒമക്രോൺ തരംഗത്തിലെ കേസുകൾക്ക് ആനുപാതികമായി മരണസംഖ്യയിലും പ്രതിഫലനമുണ്ട്. 94, 101,91, 142 എന്നിങ്ങനെയാണ് കഴിഞ്ഞ നാല് ദിവസത്തെ മരണസംഖ്യ. വാക്സിൻ നൽകിയ പ്രതിരോധം, രോഗം വന്നുപോയതിലൂടെയുണ്ടായ പ്രതിരോധം ഒക്കെയുണ്ടാായിരിക്കെ മരണസംഖ്യ എത്ര വരെ പോകുമെന്നതാണ് ഒമിക്രോൺ കേരളത്തെ എത്രത്തോളം പരിക്കേൽപ്പിച്ചെന്ന് മനസ്സിലാവുക. രോഗം വന്നുപോയതിലൂടെയുണ്ടായ ഹൈബ്രിഡ് പ്രതിരോധശേഷി താരതമ്യേന കേരളത്തിൽ കുറവായത് മരണത്തിൽ പ്രതിഫലിക്കുമെന്നു തന്നെയാണ് കരുതുന്നത്. ഇന്നലെ മരിച്ചവരിൽ 14 പേർ 50 വയസ്സിന് താഴെയുള്ളവരാണ്. കോഴിക്കോട് 3 ദിവസം പ്രായമായ പെൺകുഞ്ഞും ഒന്നരമാസം പ്രായമുള്ള ആൺകുട്ടിയും മരിച്ചു. മറ്റസുഖങ്ങളുള്ളവരാണ് കുട്ടികൾ. 20 വയസ്സുള്ള പെൺകുട്ടിയും ഇന്നലെ മരിച്ചവരിൽ പെടുന്നു.
Post Your Comments