ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളം പൂർണ്ണശേഷിയിൽ പ്രവർത്തനം ആരംഭിച്ചു. വിമാനത്താവളത്തിലെ മൂന്നാം ടെർമിനലിലുള്ള കോൺകോഴ്‌സ് എ പൂർണമായും തുറന്നതോടെയാണ് വിമാനത്താവളം പൂർണശേഷിയിൽ പ്രവർത്തിച്ചു തുടങ്ങിയത്. ദുബായ് വിമാനത്താവളത്തിലെ എല്ലാ ടെർമിനലുകളും കോൺകോഴ്‌സുകളും ലോഞ്ചുകളും റസ്റ്റോറന്റുകളും മറ്റ് റീട്ടെയിൽ ഔട്ട്‌ലെറ്റുകളുമെല്ലാം ഇപ്പോൾ പൂർണതോതിൽ പ്രവർത്തിക്കുന്നുണ്ട്.
വിമാനത്താവളം പൂർണ്ണമായി പ്രവർത്തനം ആരംഭിക്കുന്നതോടെ ദുബായിയിലേക്കുള്ള സന്ദർശകരുടെ എണ്ണം വർധിക്കുമെന്നും ഇത് സാമ്പത്തിക മേഖലയ്ക്കും വ്യോമഗതാഗത മേഖലയ്ക്കും പുത്തൻ ഉണർവേകുമെന്നുമാണ് അധികൃതരുടെ വിലയിരുത്തൽ. വിമാനത്താവളത്തിലെ മൂന്നാം ടെർമിനൽ മാത്രം ഡിസംബറിന്റെ രണ്ടാം പകുതിയിൽ 16 ലക്ഷത്തിലധികം യാത്രക്കാർ ഉപയോഗപ്പെടുത്തുമെന്നാണ് പ്രതീക്ഷ.
കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മികച്ച ആരോഗ്യ സുരക്ഷാ നടപടികൾ വിമാനത്താവളത്തിൽ ഒരുക്കിയിട്ടുണ്ട്. ഫാസ്ട്രാക്ക് കൊവിഡ് പി.സി.ആർ പരിശോധനാ സംവിധാനവും കൂടുതൽ മികച്ച കസ്റ്റമർ സർവീസും സജ്ജമാക്കിയിട്ടുണ്ട്. യാത്രക്കാർക്ക് വേണ്ട എല്ലാ സേവനങ്ങളും വളരെ വേഗത്തിലും കൃത്യമായുമാണ് ദുബായ് വിമാനത്താവളത്തിൽ നൽകുന്നത്.
Post Your Comments