ആലപ്പുഴ: സര്‍വകക്ഷി സമാധാനയോഗം നാളത്തേക്ക് മാറ്റി. ഇന്ന് വൈകിട്ടത്തെ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ബിജെപി അറിയിച്ചിരുന്നു. സംസ്ഥാനത്ത് മൂന്ന് ദിവസം കര്‍ശന പരിശോധനയ്ക്ക് പൊലീസ് മേധാവിയുടെ നിര്‍ദേശം. വാഹന പരിശോധന കര്‍ശനമാക്കും, ജാഥകള്‍ക്കും മൈക്ക് ഉപയോഗത്തിനും നിയന്ത്രണം. പൊലീസുകാരുടെ അവധി ഒഴിവാക്കി, ഗുണ്ടാപ്പട്ടികയിലുള്ളവര നിരീക്ഷിക്കും. അതേസമയം സർക്കാർ പോപ്പുലർ ഫ്രണ്ട് തീവ്രവാദികൾക്കൊപ്പമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ ആരോപിച്ചു.
ഭൂമിയോളം ക്ഷമിച്ചിട്ടും പിന്നെയും പിന്നെയും കുതിരകയറുകയാണ്, ഞങ്ങള്‍ സമാധാനത്തിന് എതിരായുള്ള പാര്‍ട്ടിയൊന്നുമല്ല എന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ നടക്കുന്ന സർവകക്ഷിയോഗം തന്നെ പ്രഹസനമാണെന്നും കണ്ണിൽ പൊടിയിടാനാണെന്നും സുരേന്ദ്രൻ ആരോപിച്ചു. സമാധാന ശ്രമങ്ങളോട് പൂർണ്ണമായും സഹകരിക്കും. പക്ഷേ, ഇവിടെ തീരുമാനങ്ങൾ എല്ലാം ഏകപക്ഷീയമായിട്ടാണ് നടപ്പാക്കുന്നത്. പോപ്പുലർ ഫ്രണ്ടിന്റെ താത്പര്യങ്ങൾ മാത്രമാണ് പോലീസ് സംരക്ഷിക്കുന്നത്.
ഇന്നലെ വൈകിട്ട് അഞ്ച് മണിക്ക് മൃതദേഹം വിട്ടു തരാൻ സാധിക്കുമെന്നാണ് കേന്ദ്രമന്ത്രിയോടടക്കം പോലീസ് പറഞ്ഞത്. എന്നാൽ അവസാന നിമിഷം പാർട്ടിപ്രവർത്തകരെയെല്ലാം കബളിപ്പിച്ച് പോസ്റ്റ്‌മോർട്ടം നടപടികൾ ഇന്നത്തേക്ക് മാറ്റി വച്ചു. ഇന്നലെ ശവസംസ്‌കാരത്തിനുള്ള എല്ലാ ചടങ്ങുകളും പൂർത്തിയാക്കിയിരുന്നു.ആയിരക്കണക്കിന് പ്രവർത്തകരാണ് ഇതിനായി കാത്തുനിന്നത് എന്നും അദ്ദേഹം പറഞ്ഞു. പത്രങ്ങളിലൂടെയാണ് സർവ്വകക്ഷിയോഗത്തിന്റെ സമയം അറിയുന്നത്.
എസ്ഡിപിഐയുടേയും സിപിഎമ്മിന്റേയും നേതാക്കളെ വിളിച്ച്, അവരോട് സമയം പറഞ്ഞ്, അവരുടെ താത്പര്യത്തിന് അനുസരിച്ചാണ് കാര്യങ്ങൾ നടത്തുന്നത്. മൃതദേഹം എപ്പോൾ വിട്ട് കിട്ടുമെന്നതിന് ഇപ്പോഴും ഉറപ്പൊന്നുമില്ല. കോടതിയിലും, രഞ്ജിത്തിന്റെ വീട്ടിലും മൃതദേഹം പൊതുദർശനത്തിന് വയ്‌ക്കുന്നുണ്ട്. കിലോമീറ്ററുകൾ അപ്പുറത്താണ് സംസ്‌കാരചടങ്ങുകൾ നടത്തുന്നത്.
പോലീസ് ഇതുവരെ പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ല. പോലീസ് ഡിവൈഎസ്പിയുടെ 200 മീറ്റർ അകലെയാണ് രഞ്ജിത്തിന്റെ വീട്. എന്നിട്ടും മൃതദേഹം ആശുപത്രിയിൽ എത്തിക്കാൻ ഒരു പോലീസുകാരൻ പോലും വന്നില്ല. അക്രമം തടയാനും ആരും ഉണ്ടായില്ല. ഒരു മുൻകരുതലും പോലീസ് എടുത്തില്ല. ബിജെപിയോട് കടുത്ത അനീതിയാണ് പോലീസ് കാണിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
Post Your Comments