മീനങ്ങാടി: വയനാട് ചീരാംകുന്ന് വിഷ്ണു നിവാസില്‍ കണ്ണന്റെ മകന്‍ വിഷ്ണുവിനെ (23) സൗദി അറേബ്യയിലെ ദമാമിലെ താമസസ്ഥലത്തു ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ചു ബന്ധുക്കൾ. യുവാവിന്റെ മരണത്തില്‍ സംശയം രേഖപ്പെടുത്തി ബന്ധുക്കളും സുഹൃത്തുക്കളും രംഗത്തുവന്നിട്ടുണ്ട്. ദമാമിലെ കഫ്റ്റീരിയ ജീവനക്കാരനായിരുന്നു വിഷ്ണു. രണ്ട് ദിവസം മുൻപ് വിഷ്ണു മരിച്ചതായി കഴിഞ്ഞ ദിവസം പുലര്‍ച്ചെയോടെയാണ് ബന്ധുക്കള്‍ക്കു വിവരം ലഭിച്ചത്.
സ്ഥാപനത്തിന്റെ ഉടമകള്‍ വിഷ്ണുവിനെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ ആരോപിക്കുന്നു. ഇത് സംബന്ധിച്ച തെളിവുകളും അവര്‍ പുറത്തുവിട്ടിട്ടുണ്ട്. ഉടമകള്‍ മര്‍ദിക്കുന്നുണ്ടെന്നു പറഞ്ഞ് വിഷ്ണു അയച്ച വാട്‌സാപ് ശബ്ദസന്ദേശം സുഹൃത്തുക്കള്‍ പുറത്തുവിട്ടിട്ടുണ്ട്. സ്ഥാപനത്തില്‍ കച്ചവടം കുറയുന്നതിന്റെ പേരില്‍ വിഷ്ണുവിനെയാണ് ഇവര്‍ ആക്രമിച്ചിരുന്നത്. ഉടമകള്‍ ഇക്കാര്യം പറഞ്ഞ് യുവാവിനെ മര്‍ദ്ദിച്ചിരുന്നുവെന്നുമാണ് സുഹൃത്തുക്കള്‍ പറയുന്നത്.
വിഷ്ണുവിന്റെ സന്ദേശം പുറത്തുവന്നതോടെയാണ് മരണത്തില്‍ ദൂരുഹതയുണ്ടെന്ന സംശയവും ബലപ്പെട്ടത്. സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയും കേന്ദ്ര പ്രവാസി കാര്യമന്ത്രിക്കും പരാതി നല്‍കിയേക്കും. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. മാതാവ്: സുനിത. സഹോദരന്‍: ജിഷ്ണു.
Post Your Comments