തിരുവനന്തപുരം: ഭിന്നശേഷികാരിയായ മകൾക്ക് ഐഡി കാര്‍ഡിന് അപേക്ഷിച്ചപ്പോള്‍ പതിച്ച് കിട്ടിയത് കുട്ടിക്ക് ഭ്രാന്ത് എന്ന്. തലതിരിഞ്ഞ വര്ഷങ്ങളാണ് വാലിഡിറ്റിയായി ചേർത്തിരിക്കുന്നത്. ഒപ്പും പേരുമില്ലാത്ത കാർഡിനെക്കുറിച്ചു കസ്റ്റംസ് സൂപ്രണ്ടും, അദ്ധ്യാപകനും എഴുത്തുകാരനുമായ ജോര്‍ജ് പുല്ലാട്ട് ആണ് തുറന്നു പറഞ്ഞത്. ‘സര്‍ക്കാര്‍ അറിയാത്ത നൊമ്ബരങ്ങള്‍’ എന്ന തലക്കെട്ടിൽ ജോർജ്ജ് പങ്കുവച്ച കുറിപ്പിൽ പറയുന്നത് ഭിന്നശേഷിക്കാരായ കുട്ടികളുള്ള പല മാതാപിതാക്കളുടെയും ആധിയാണ്
‘മകള്‍ക്ക് ഡിസേബിലിറ്റി കാര്‍ഡിന് അപേക്ഷിക്കാന്‍ പോയപ്പോഴാണ് അതിന്റേതായ ബൂദ്ധിമുട്ടുകള്‍ മനസ്സിലായത്. അഞ്ചുവര്‍ഷത്തേക്കാണ് കാര്‍ഡ്. ഓരോ അഞ്ചുവര്‍ഷം കൂടുമ്ബോഴും കാര്‍ഡ് പുതുക്കണം. അതിനായി പ്രത്യേക ക്യാമ്ബ് അറ്റന്‍ഡ് ചെയ്യണം. പിന്നീട് യുണീക് ഡിസേബിലിറ്റി കാര്‍ഡിന് അപേക്ഷിച്ച് കിട്ടിയപ്പോള്‍ ഞെട്ടിപ്പോയി. കുട്ടിക്ക് ഡിസേബിലിറ്റ് ടൈപ്പ് എന്നതില്‍ കുറിച്ചിരിക്കുന്നത് മനോരോഗം എന്ന്. കാര്‍ഡിന്റെ സാധുതയാണ് വിചിത്രം: 2019 മുതല്‍ 2016 വരെ. കുട്ടിയുടെ ജനനതീയതി ഇല്ല. കാര്‍ഡ് ഇഷ്യു ആളുടെ ഒപ്പില്ല, പേരില്ല. ഒരു മുദ്രയുണ്ട്. മുദ്രയിലെ അക്ഷരങ്ങള്‍ വായിച്ചെടുക്കാന്‍ പെടാപ്പാട്. ‘തരുന്ന ആളുടെ ഒപ്പും പേരുമില്ലാത്ത ഒരു രേഖ എങ്ങനെ ആധികാരികമാകും? ഭിന്നശേഷിക്കാര്‍ക്ക് ഇങ്ങനെയൊരു കാര്‍ഡ് അയക്കുമ്ബോള്‍ അതിലെ വിവരങ്ങള്‍ ഒന്ന് ഓടിച്ചു നോക്കുക പോലും ചെയ്യാതെ, ഒപ്പിടാതെ, ചുമ്മാ മുദ്ര കുത്തി വിടുന്ന വകുപ്പിനെയും നമ്മള്‍ ആരോഗ്യ ക്ഷേമ വകുപ്പ് എന്നൊക്കെ വിളിക്കണം.! ഇത്തരവാദപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മനോരോഗമുണ്ടോ എന്ന് പരിശോധിക്കണം.’-ജോര്‍ജ് പുല്ലാട്ട് കുറിക്കുന്നു.
ജോര്‍ജ് പുല്ലാട്ടിന്റെ കുറിപ്പ് പൂര്‍ണ രൂപം:
സര്‍ക്കാര്‍ അറിയാത്ത നൊമ്ബരങ്ങള്‍
ജോര്‍ജ് പുല്ലാട്ട്
‘ഇപ്പോള്‍ നിങ്ങളുടെ ഏറ്റവും വലിയ ആഗ്രഹം എന്താണ്?’
‘ഞാന്‍ മരിക്കുന്നതിന് മുന്‍പ് എന്റെ മോള്‍ മരിച്ചു കണ്ടാല്‍ മതി’
‘അതെന്തുകൊണ്ട്?
‘ ഞാനില്ലാത്ത ഒരു ഭൂമിയില്‍ എന്റെ കുഞ്ഞ് കഷ്ടപ്പെടുന്നത് എനിക്ക് ഓര്‍ക്കാന്‍ വയ്യ സാര്‍’.
ഒരു അഭിമുഖത്തില്‍ കേരളത്തിലെ ഒരു വീട്ടമ്മ പറഞ്ഞ ഉത്തരമാണിത്. ഒത്തിരി ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന ഒരു പെണ്‍കുട്ടിയുടെ അമ്മ. ഇതു പറഞ്ഞിട്ട് അവര്‍ പൊട്ടിക്കരഞ്ഞു. സമൂഹത്തില്‍ ഒരുകൂട്ടം ആളുകളെ മന്ദബുദ്ധികളെന്നും വികലാംഗരെന്നുമൊക്കെയാണ് കുറച്ചുകാലം മുന്‍പ് വരെ വിളിച്ചിരുന്നത്. അതു കുറച്ചെങ്കിലും പരസ്യമായ പ്രയോഗമായിരുന്നു. എന്നാല്‍ സ്വകാര്യമായി വിളിക്കാന്‍ ആളുകള്‍ ഉപയോഗിച്ചിരുന്ന മറ്റു കുറേ വാക്കുകള്‍ ഇവിടെ എഴുതാന്‍ എന്റെ മനസ് സമ്മതിക്കുന്നില്ല. നിങ്ങളുടെ നാവില്‍ മനസ്സില്‍ അതു വന്നു കാണും.
സമൂഹത്തിന്റെ മുഖ്യധാരയില്‍ പെടാന്‍ യോഗ്യതയില്ലാത്തവര്‍ എന്നപോലെ അവഗണിക്കപ്പെട്ടിരുന്ന നിസ്സഹായരുടെ, പാവങ്ങളുടെ ഒരു വലിയ ഗണം. സ്വന്തം കുടുബത്തില്‍ പോലും തിരസ്‌കൃതര്‍ ആകുന്നവരുമുണ്ട്. എന്നാല്‍ സമീപകാലത്ത്, ആഗോള തലത്തില്‍ത്തന്നെ കുറച്ചു ഭേദപ്പെട്ട വാക്കുകള്‍ ഉപയോഗത്തില്‍ വന്നു. അതു മലയാളത്തിലും വന്നു. ‘ഭിന്ന ശേഷിക്കാര്‍’.
Disabled എന്നതിന് പകരം differently abled എന്നായി. അങ്ങനെയുള്ളവര്‍ക്കായി സര്‍ക്കാര്‍ തലത്തില്‍ കുറച്ചൊക്കെ പദ്ധതികളും ഇളവുകളും ആനുകൂല്യങ്ങളും വന്നു. സ്‌കോളര്‍ഷിപ്പ്, ചികിത്സാ സഹായം തുടങ്ങി കുറച്ചൊക്കെ നടക്കുന്നുമുണ്ട് എന്ന് അംഗീകരിച്ചുകൊണ്ട് തന്നെ എന്റെ രണ്ട് അനുഭവങ്ങള്‍ സമൂഹത്തിന്റെയും സര്‍ക്കാരിന്റെയും ശ്രദ്ധയിലെത്തുമെന്ന പ്രതീക്ഷയോടെ ഇവിടെ കുറിക്കുകയാണ്. 26 വര്‍ഷം മുന്‍പ് ദൈവം ഞങ്ങള്‍ക്കൊരു സമ്മാനം തന്നു. നാലാമതൊരു കുട്ടി. അവള്‍ക്ക് ജ്യോതികയെന്നു പേരിട്ടു. അവള്‍ ഞങ്ങളുടെ മറ്റ് മൂന്നു മക്കളെപ്പോലെയല്ല എന്ന് അവള്‍ക്ക് ഒരു വയസാകും മുന്‍പേ ഞങ്ങള്‍ തിരിച്ചറിഞ്ഞിരുന്നു. പിന്നെ പരിശോധനകളും ചികിത്സകളുമായി. അതിനായി കൊച്ചിയിലും ബാംഗ്ലൂരിലും ഡല്‍ഹിയിലും കിട്ടാവുന്ന ഏറ്റവും മികച്ച സ്ഥലങ്ങളിലൊക്കെ ഞങ്ങള്‍ ജ്യോതികയെ കൊണ്ടുപോയി. പരിശോധനയില്‍( ബൗദ്ധികശേഷി ) IQ 50 എന്നു കണ്ടു.
അഞ്ചു വയസോടെ ഒരു വ്യക്തിയുടെ തലച്ചോറിന്റെ വളര്‍ച്ച പൂര്‍ണ്ണമാകുമെന്നും അപൂര്‍വം ചിലപ്പോള്‍ 18 വയസ് വരെ മാറ്റം കണ്ടേക്കാമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞും വായിച്ചും മറ്റും ഞങ്ങള്‍ മനസിലാക്കി. ഇപ്പോള്‍ അവള്‍ക്ക് 26 വയസിനുള്ള ശാരീരിക വളര്‍ച്ചയുണ്ട്. ശരീരം കൊണ്ട് അവള്‍ ഒരു യുവതിയാണ്, മനസുകൊണ്ട് ഒരു കുഞ്ഞാണ്. അഞ്ചു വയസ്സിന്റെ ബുദ്ധിയും പക്വതയുമേയുള്ളു. അങ്ങനെയൊരു പരിമിതി അവള്‍ക്കുണ്ടെന്ന് ഒറ്റ നോട്ടത്തില്‍ ആര്‍ക്കും തോന്നില്ല. അവളുമായി രണ്ടു മിനിറ്റ് ഇടപെടുമ്ബോള്‍ മനസ്സിലാവുകയും ചെയ്യും. ഇങ്ങനെയുള്ള വ്യക്തികള്‍ക്ക് സര്‍ക്കാര്‍ ചില ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ടെന്ന് അറിഞ്ഞപ്പോള്‍, അതു ലഭ്യമാക്കണമെന്ന് ഞങ്ങള്‍ തീരുമാനിച്ചു. അതവളുടെ അവകാശമാണ്.
കൊച്ചി കാക്കനാട് സിവില്‍ സ്റ്റേഷനില്‍ നടന്ന ഒരു ക്യാമ്ബിലാണ് ആദ്യമായി അവള്‍ക്കു വേണ്ടി അത്തരം ഒരു ഐഡന്റിറ്റി കാര്‍ഡ് ഉണ്ടാക്കാന്‍ പോയത്. അതൊരു വലിയ ചടങ്ങായിരുന്നു. ജ്യോതികയേക്കാള്‍ ബുദ്ധിമുട്ടനുഭവിക്കുന്ന അനേകം കുഞ്ഞുങ്ങളെയും അവരുടെ മാതാ പിതാക്കളെയും ഞങ്ങള്‍ അവിടെ കണ്ടു. അവരനുഭവിക്കുന്ന സങ്കടങ്ങള്‍ ഞങ്ങളുടേതിനേക്കാള്‍ ഒത്തിരി അധികമാണെന്ന് ഞങ്ങള്‍ വേദനയോടെ കണ്ടു. എങ്കിലും കാര്‍ഡ് ഉണ്ടാക്കാനുള്ള കടമ്ബകള്‍ പൂര്‍ത്തിയാക്കണമല്ലോ. പലവട്ടം വരി നിന്ന് പലരുടെ പരിശോധനയ്ക്ക് ശേഷം കാര്‍ഡ് ഉണ്ടാക്കി കിട്ടി.
അഞ്ചു വര്‍ഷത്തേക്കായിരുന്നു ആ കാര്‍ഡ്. valid for five years. അതു കഴിഞ്ഞപ്പോള്‍ രണ്ടാമതൊരു കാര്‍ഡ് ഉണ്ടാക്കാന്‍ ഫോര്‍ട്ട് കൊച്ചിയില്‍ വീണ്ടുമൊരു ക്യാമ്ബ്. ചടങ്ങുകളൊക്കെ അതു തന്നെ. തീരെ വയ്യാത്തവരും അക്രമാസക്തരാകുന്നവരും എപ്പോഴും കരയുന്നവരുമൊക്കെയായി അനേകര്‍ അവിടെയുണ്ട്. ചടങ്ങ് ഒന്നുതന്നെ. അന്നും കിട്ടി അഞ്ചു വര്‍ഷം വാലിഡിറ്റിയുള്ള കാര്‍ഡ്. പ്രായം കൂടി വരുന്ന മാതാപിതാക്കള്‍ ഇത്രയും ബുദ്ധിമുട്ടുകളനുഭവിക്കുന്ന മക്കളുമായി, ഓരോ അഞ്ചു വര്‍ഷത്തിലും ഇങ്ങനെ വീണ്ടും കഷ്ടപ്പെടണം എന്നാണ് സര്‍ക്കാര്‍ നയം.
ആയുഷ്‌കാലം മുഴുവന്‍ നിലനില്‍ക്കുമെന്ന് വൈദ്യശാസ്ത്രം സാക്ഷ്യപ്പെടുത്തുന്ന ബൗദ്ധിക ശാരീരിക വെല്ലുവിളികള്‍ അനുഭവിക്കുന്നവര്‍ക്ക് കൊടുക്കുന്ന കാര്‍ഡ് എന്തിനാണ് അഞ്ചു വര്‍ഷത്തേയ്ക്ക് മാത്രം സാധുതയുള്ളതാക്കുന്നത്? അഞ്ചു വയസിനപ്പുറം ബുദ്ധി വളരില്ല, ഇല്ലാത്ത കൈ ഒരിക്കലും മുളയ്ക്കില്ല, എന്നൊക്കെ വൈദ്യശാസ്ത്രം പറയുമ്ബോള്‍, അയാള്‍ക്ക് കൊടുക്കുന്ന കാര്‍ഡ് അഞ്ചു വര്‍ഷത്തേയ്ക്ക് മാത്രം പരിമിതപ്പെടുത്തുന്നത്, അതിനിടെ ആ തലച്ചോര്‍ വളരുമെന്നും സാധാരണ നിലയിലോ അതിലും മികച്ചതോ ആയിത്തീരുമെന്നും സര്‍ക്കാര്‍ വിചാരിക്കുന്നതുകൊണ്ടാകുമല്ലോ. അയാള്‍ക്ക് ഇല്ലാത്ത കൈ പിന്നീട് മുളച്ചു വരുമെന്നും ആനുകൂല്യം കൊടുക്കുന്നത് നഷ്ടമാകുമെന്നും അധികൃതര്‍ സംശയിക്കുന്നതു കൊണ്ടായിരിക്കുമല്ലോ.
ജ്യോതികയ്ക്കായി ഉണ്ടാക്കി കിട്ടിയ ‘UNIQUE DISABILITY CARD’ ആണ് ഇവിടെ കാണുന്നത്. സര്‍ക്കാരിന്റെ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശമനുസരിച്ച് 2018 ല്‍ ഒരു ക്യാമ്ബില്‍ പോയിട്ടാണ് അതിന്റെ ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത്. പിന്നീടാണ് അത്ഭുതങ്ങള്‍ സംഭവിക്കുന്നത് .
2019 ഒടുവില്‍ ഈ കാര്‍ഡ് അയച്ചു കിട്ടി. ഇതിലെ വിശേഷങ്ങള്‍ ഇങ്ങനെയൊക്കെയാണ്..GOVERNMENT OF INDIA തന്നിരിക്കുന്ന ഈ കാര്‍ഡ് നോക്കണേ.
1.. 17/07/2019 ല്‍ തയ്യാറാക്കിയ കാര്‍ഡിന് 14/11/2016 വരെ വാലിഡിറ്റി ഉണ്ട്. അതേ 2019 മുതല്‍ 2016 വരെ സാധുത.!
2..Diasbility Type..
Mental illness.
mental illness എന്നു വച്ചാല്‍ മനോരോഗം എന്നാണല്ലോ. അഥവാ നാടന്‍ ഭാഷയില്‍ ‘ഭ്രാന്ത് ‘. എന്റെ മകളുടെ പ്രശ്‌നം മനോരോഗമാണെന്ന് സാക്ഷ്യപ്പെടുത്തിയിരിക്കുന്നത് ഒരു മനോരോഗിയല്ല.. കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള, കേരള സര്‍ക്കാരിന്റെ കീഴിലുള്ള ഒരു ജില്ലാ മെഡിക്കല്‍ ഓഫീസറാണ്. ബൗദ്ധിക നിലവാരം കുറഞ്ഞിരുന്നാല്‍ അതിനെ ‘ മനോരോഗം’ എന്നാണോ സര്‍ക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും രേഖകളില്‍ അധികൃതര്‍ അടയാളപ്പെടുത്തുന്നത് എന്ന് അറിയാന്‍ ആഗ്രഹമുണ്ട്.
3. Jyothika George എന്ന് ഇംഗ്ലീഷില്‍ എഴുതിയ പേര് മലയാളമായപ്പോള്‍ ‘ജ്യോതിക ജോര്&zwj:ജ് ‘ എന്ന് വളരെ വിഷമിച്ച് അടിച്ചു കേറ്റിയിട്ടുണ്ട്.. ആ ജാഗ്രതയെ നമിക്കാതെ വയ്യ.
4. ജനിച്ച വര്‍ഷം 1995 എന്നു കാണിച്ചിട്ടുണ്ട്. പക്ഷേ സാധാരണ തിരിച്ചറിയല്‍ രേഖകളില്‍ ചേര്‍ക്കുന്നതു പോലെ ഇതില്‍ ജനനതീയതി ഇല്ല. ഈ ‘മനോരോഗിക്ക് ‘ ജനന തീയതി പ്രസക്തമല്ല എന്നു കരുതുന്നുണ്ടോ ആവോ!
5. ‘ ISSUING AUTHORITY SIGN’ എന്ന് അടിച്ചിരിക്കുന്നിടത്ത് ഒരു മുദ്രയുണ്ട്. ഒപ്പില്ല, പേരില്ല, മുദ്രയിലെ അക്ഷരങ്ങള്‍ വായിച്ചെടുക്കാന്‍ എളുപ്പമല്ല. ഈ കാര്‍ഡുമായി ഒരിടത്ത് ചെന്നാല്‍ ഇതു വ്യാജ കാര്‍ഡ് ആണെന്ന് ഇതു തന്നവര്‍ പോലും ആക്ഷേപിക്കും. തരുന്ന ആളുടെ ഒപ്പും പേരുമില്ലാത്ത ഒരു രേഖ എങ്ങനെ ആധികാരികമാകും? ഭിന്നശേഷിക്കാര്‍ക്ക് ഇങ്ങനെയൊരു കാര്‍ഡ് അയക്കുമ്ബോള്‍ അതിലെ വിവരങ്ങള്‍ ഒന്ന് ഓടിച്ചു നോക്കുക പോലും ചെയ്യാതെ, ഒപ്പിടാതെ, ചുമ്മാ മുദ്ര കുത്തി വിടുന്ന വകുപ്പിനെയും നമ്മള്‍ ആരോഗ്യ ക്ഷേമ വകുപ്പ് എന്നൊക്കെ വിളിക്കണം.! ഇത്തരവാദപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മനോരോഗമുണ്ടോ എന്ന് പരിശോധിക്കണം.
6. ഇതിനോടൊപ്പം ഒരു കത്തുണ്ട്. അതില്‍ ഇങ്ങനെയൊരു വാക്യമുണ്ട്.. YOUR UDID CARD (UNIQUE DISABILITY IDENTITY CARD എന്നര്‍ത്ഥം ) HAS BEEN SUCCESSFULLY GENERATED.’വിജയകരമായി സൃഷ്ടിച്ച ‘കാര്‍ഡിലെ ചില വിശേഷങ്ങളാണ് മുകളില്‍ കുറിച്ചത്.തീര്‍ന്നില്ല.
7. ഇതു തന്നിരിക്കുന്നത് ഏതെങ്കിലുമൊരു കള്ളക്കമ്ബനിയല്ല. DEPARTMENT FOR EMPOWERMENT OF PERSONS WITH DISABILITIES, MINISTRY OF SOCIAL JUSTICE & EMPOWERMENT, GOVERNMENT OF INDIA ആണ്. ശാക്തീകരണം എന്നത് വലിയ സംഗതിയാണ്. പക്ഷേ അതിലൊരു ഒപ്പില്ല, ഫോണ്‍ നമ്ബറില്ല. സര്‍ക്കാരും വ്യാജ രേഖകള്‍ കൊടുത്തു തുടങ്ങിയിട്ടുണ്ടോ എന്നൊരാള്‍ക്ക് സംശയം തോന്നിയാല്‍ കുറ്റപ്പെടുത്താന്‍ പറ്റുമോ?അയ്യോ കുറ്റം പറയരുത്. ഇമെയില്‍ വിലാസമുണ്ട് കേട്ടോ . എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ അതില്‍ ബന്ധപ്പെടാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതൊരു നല്ല കാര്യമാണ്. ഇന്ത്യയിലെ നിരക്ഷരരും നിസ്സഹായരും ദാരിദ്രരുമായ ആളുകള്‍ വാര്‍ത്താവിനിമയത്തിന് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് ഇമെയില്‍ ആണെന്ന്, സര്‍ക്കാരിനറിയാം. സന്തോഷം. എനിക്കറിയില്ലായിരുന്നു.
ഇനി എന്നോട് വരുന്ന ചോദ്യങ്ങള്‍, വരാന്‍ പോകുന്ന നടപടികള്‍,
1. ഇതു കിട്ടിയപ്പോള്‍ നിങ്ങള്‍ക്കുള്ള പരാതി ഇമെയില്‍ വഴി അറിയിച്ചോ.?
ഉത്തരം..അറിയിച്ചില്ല. അങ്ങനെ അറിയിച്ചാലുടനെ പരിഹാരം കിട്ടുമെന്ന പ്രതീക്ഷ ഉണ്ടായില്ല. ഇമെയില്‍ എന്താണെന്നു പോലും അറിയാത്ത കോടിക്കണക്കിനു ജനങ്ങളുടെ പ്രകടിപ്പിക്കാത്ത പ്രതിഷേധമായി അത് വേണ്ടെന്നു വെച്ചു. ഇത്രയും ചെറിയ കാര്യം പോലും വേണ്ട പോലെ ചെയ്യാത്തവരെ സമീപിച്ചിട്ട് കാര്യമില്ലെന്നും തോന്നി.
2. തിരുത്തലിനു വേണ്ടി ജില്ലാ മെഡിക്കല്‍ ഓഫീസറെ ബന്ധപ്പെട്ടോ?
ഉത്തരം. എങ്ങനെ ബന്ധപ്പെടും ? കക്ഷി എവിടെയാണ്? അങ്ങേരുടെ ഫോണ്‍ നമ്ബര്‍ എന്ത്? എവിടെയാണിരിപ്പ്? ഒന്നുമറിയില്ലല്ലോ. എങ്കിലും തപ്പിക്കിട്ടിയ ഫോണ്‍ നമ്ബറില്‍ (0484 2360802.) ബന്ധപ്പെടാന്‍ പല വട്ടം ശ്രമിച്ചു. ഒരിക്കലും ആരെയും കിട്ടിയില്ല. പിന്നെ കോറോണയുടെ വരവോടെ ഇതിനായി ഓടിയുമില്ല.
ഇനി ഒരു വിഷയം കൂടി..
എന്റെ മകള്‍ ജെനിയുടെ ഒരു വയസുള്ള കുഞ്ഞിന് കുത്തിവെപ്പ് എടുക്കാന്‍ വേണ്ടി തുപ്പൂണിത്തുറ ഗവണ്മെന്റ് ആശുപത്രിയില്‍ ഞാനും പോയി. ജെനിക്ക് പനിയുള്ള ദിവസം. ഓ പി ടിക്കറ്റ് എടുക്കണം. ക്യൂവില്‍ കുറച്ചു പുറകിലായി കുഞ്ഞിനെയുമെടുത്തു ഞാന്‍ നില്‍ക്കുന്നു. ‘മുതിര്‍ന്ന പൗരന്മാര്‍ക്ക് ക്യു നില്‍ക്കേണ്ടതില്ല. ജില്ലാ കളക്ടര്‍ ‘എന്ന ബോര്‍ഡ് അപ്പോഴാണ് ഞാന്‍ കണ്ടത്. ആ കിളിവാതിലിനു മുന്നില്‍ ക്യുവില്ല . ഞാന്‍ അങ്ങോട്ട് മാറി നിന്ന് കൗണ്ടറിലേക്ക് കയ്യും കണ്ണും നാക്കും നീട്ടി. അകത്തിരിക്കുന്നവര്‍ എന്നെ നോക്കുന്നു പോലുമില്ല. പക്ഷേ ക്യുവില്‍ ചിലര്‍ പറഞ്ഞു, ‘എടേ ഇങ്ങോട്ട് നില്‍ക്ക്. ഞങ്ങളിവിടെ കുറേ നേരമായി നില്‍ക്കുന്നു.’ സീനിയര്‍ സിറ്റിസണ്‍ ബോര്‍ഡ് കാണിച്ച് ഞാന്‍ പറഞ്ഞു, ‘ഞാന്‍ ഈ കൂട്ടത്തിലാ ‘
ഒരുത്തന്‍ പറഞ്ഞു, ‘തന്നെ കണ്ടിട്ട് അങ്ങനെ തോന്നുന്നില്ലല്ലോ ‘ എന്നെക്കണ്ടിട്ട് വയസ്സനാണെന്ന് അയാള്‍ക്ക് തോന്നിയാലേ എനിക്ക് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്ന ആ സൗകര്യം ഉപയോഗിക്കാന്‍ പറ്റുകയുള്ളു എന്ന്! അകത്തിരുന്നു പണിക്കൊപ്പം കൊഞ്ചിക്കുഴയുന്ന പെണ്ണിനോടും ചെക്കനോടുമായി ഞാന്‍ പറഞ്ഞു ‘ഞാന്‍ സീനിയര്‍ സിറ്റിസണ്‍ ആണ്. എനിക്ക് ഓ പി ചീട്ട് വേണം ‘ അവര്‍ ക്യു നില്‍ക്കുന്നവരെ നോക്കി പറഞ്ഞു, ‘അവര് സമ്മതിക്കുകേല’
കുഞ്ഞിനേയും പിടിച്ചു വളഞ്ഞു നിന്ന് ഞാന്‍ അവരോട് സംസാരിച്ചതൊന്നും അവര്‍ കേട്ടതേയില്ല. കുറച്ചു മാറി നിന്ന് ഞാന്‍ ഗൂഗിളില്‍ നിന്ന് എറണാകുളം ജില്ലാ കളക്ടറുടെ നമ്ബര്‍ എടുത്തു വിളിച്ചു. കാര്യങ്ങള്‍ മുഴുവന്‍ കേള്‍ക്കും മുന്‍പ് അവര്‍ ഫോണ്‍ കട്ട് ചെയ്തു..പിന്നെ ആരോഗ്യമന്ത്രി ശൈലജയുടെ നമ്ബര്‍ തപ്പി, വിളിച്ചു (9447982200).
ഒരു പുരുഷ സ്വരം,’നിങ്ങടെ പ്രശ്‌നം എന്താ? ‘
എന്റെ പ്രശ്‌നം ഞാന്‍ മുഴുവന്‍ പറയും മുന്‍പ് അയാള്‍ പറഞ്ഞു, ‘നിങ്ങള്‍ അവിടെ മെഡിക്കല്‍ ഓഫീസര്‍ക്ക് പരാതി കൊട് ‘
എനിക്ക് മന്ത്രിയോട് മിണ്ടണം എന്നു ഞാന്‍ പറഞ്ഞു.അതു നടക്കില്ല എന്നയാള്‍ .
‘നിങ്ങള്‍ എന്തിനാണ് മന്ത്രിയുടെ നമ്ബര്‍ പരസ്യപ്പെടുത്തിയിരിക്കുന്നത്’, എന്നു ഞാന്‍. ഫോണ്‍ കട്ട് ആയി ..മെഡിക്കല്‍ ഓഫീസറെ കാണാന്‍ ഓടി. അയാള്‍ സ്ഥലത്തില്ല. ഒടുവില്‍ ക്യു നിന്ന് ഒരു മണിക്കൂര്‍ കഴിഞ്ഞു കുഞ്ഞിന് കുത്തു കിട്ടി.
മനസിനാകെ കിട്ടിയ കുത്തുമായി ഞാന്‍ മടങ്ങി.ഇതുപോലെ അനുഭവിക്കുന്ന പതിനായിരങ്ങള്‍ കേരളത്തിലുണ്ട്. ഇക്കഴിഞ്ഞ ദിവസം തുപ്പണിത്തുറ ഗവണ്മെന്റ് ആശുപത്രിയില്‍ ഇതേ. IQ സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍ ഒരു ഡോക്ടര്‍ ഇരുപത് പേരില്‍നിന്ന് ആയിരം രൂപ വീതം ഈടാക്കിയത് വാര്‍ത്ത ആയല്ലോ. പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ആ രോഗ്യമന്ത്രിയുടെ ബന്ധുക്കള്‍ അവരെ സമീപിച്ചെന്നും അറിയുന്നു. ജ്യോതികയുടെ കാര്‍ഡ് ശരിയാക്കി തരാന്‍ എന്നെ ആരായിരിക്കും സമീപിക്കുക,? ഇത്രയൊക്കെ ക്ഷേമം ഉറപ്പാക്കുന്നവര്‍ക്ക് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും മറ്റും, എന്തു പുരസ്‌കാരമായിരിക്കും കിട്ടുക?
2016 വരെ വാലിഡിറ്റിയുള്ള കാര്‍ഡ് ഞാന്‍ മുറുകെ പിടിച്ചിട്ടുണ്ട്.
ജോര്‍ജ് പുല്ലാട്ട്
18.12.21
Post Your Comments