KeralaLatest NewsArticleNewsWriters' Corner

നഷ്ടങ്ങളുടെ 2021: വെള്ളിത്തിരയിൽ നിന്നും വിടവാങ്ങിയവർ

മൂന്നു തവണ ദേശീയ പുരസ്കാരങ്ങളും ആറു സംസ്ഥാന പുരസ്കാരങ്ങളും ഈ പ്രതിഭയെ തേടിയെത്തിയിട്ടുണ്ട്

കോവിഡും ലോക് ഡൗണും ജീവിതങ്ങളെ പുനർനിർണയിച്ചപ്പോൾ രണ്ടായിരത്തി ഇരുപത്തിയൊന്നിൽ ചലച്ചിത്ര രംഗത്തു നിന്നും നമുക്ക് ഏറെ പ്രിയങ്കരരായ ചില അഭിനേതാക്കൾ വിട്ടു പിരിഞ്ഞു .മലയാള ചലച്ചിത്ര ലോകത്തു നിന്ന് നെടുമുടിവേണു ,ശരണ്യ ശശി, കന്നഡ ചലച്ചിത്ര ലോകത്തു നിന്നും പുനീത് രാജ് കുമാർ തമിഴ് ചലച്ചിത്ര ലോകത്തു നിന്നും വിവേക് ഉൾപ്പെടെയുള്ളവരാണ് സിനിമ ആരാധകരെ നിരാശയിലാക്കി വിട്ടു പിരിഞ്ഞത്.

നെടുമുടി വേണു

വെള്ളിത്തിരയിൽ അത്ഭുതങ്ങൾ സൃഷ്ടിച്ച നെടുമുടി വേണു നാടകരംഗത്തു നിന്നുമാണ് സിനിമയിൽ എത്തിയത്. വിഖ്യാത സംവിധായകരായ അരവിന്ദൻ, പത്മരാജൻ, ഭരത് ഗോപി എന്നിവരുമായുള്ള സൗഹൃദമാണ് നെടുമുടി വേണുവിനെ സിനിമയിലേക്ക് എത്തിച്ചത്. അരവിന്ദൻ സംവിധാനം ചെയ്ത ‘തമ്പ്’ എന്ന ചിത്രത്തിലൂടെ ആയിരുന്നു അരങ്ങേറ്റം. തുടർന്ന് ആരവം, തകര, ഒരിടത്തൊരു ഫയൽവാൻ, കള്ളൻ പവിത്രൻ,​അച്ചുവേട്ടന്റെ വീട്, അപ്പുണ്ണി, പഞ്ചവടിപ്പാലം, മിന്നാമിനുങ്ങിന്റെ നുറുങ്ങുവട്ടം, പാളങ്ങൾ, പഞ്ചാഗ്നി, താളവട്ടം, വൈശാാലി, ചിത്രം, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, വന്ദനം, ഹിസ് ഹൈനസ് അബ്ദുള്ള, പെരുന്തച്ചൻ, സർഗം, മണിച്ചിത്രത്താഴ്, സുന്ദരക്കില്ലാഡി, ബെസ്റ്റ് ആക്ടർ, നോർത്ത് 24 കാതം ,ഒരു സെക്കൻറ് ക്ലാസ് യാത്ര , ഒരു കുപ്രസിദ്ധ പയ്യൻ എന്നു തുടങ്ങി അഞ്ഞൂറോളം ചിത്രങ്ങളിൽ വേഷമിട്ടു.

read also: സ്ത്രീധന പ്രശ്നങ്ങള്‍ ഉയര്‍ന്നാല്‍ യുവതികള്‍ പ്രതികരിക്കണം, മാറിനില്‍ക്കരുത് : മുഖ്യമന്ത്രി പിണറായി വിജയന്‍

മൂന്നു തവണ ദേശീയ പുരസ്കാരങ്ങളും ആറു സംസ്ഥാന പുരസ്കാരങ്ങളും ഈ പ്രതിഭയെ തേടിയെത്തിയിട്ടുണ്ട് നടൻ എന്നതിനപ്പുറം തിരക്കഥ രചന, സംവിധാനം എന്നിവയിലും നെടുമുടി വേണു കഴിവു തെളിയിച്ചു. കാറ്റത്തെ കിളിക്കൂട് അടക്കം ആറോളം സിനിമകളുടെ തിരക്കഥാരചനയിൽ പങ്കാളിയായി. പാച്ചി എന്ന അപരനാമത്തിൽ ആയിരുന്നു പല ചലച്ചിത്രങ്ങൾക്കും അദ്ദേഹം തിരക്കഥ ഒരുക്കിയിരുന്നത്. ‘പൂരം’ എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തും അരങ്ങേറ്റം കുറിച്ച നെടുമുടി വേണു മൃദംഗം പോലുള്ള വാദ്യോപകരണങ്ങൾ വായിക്കുന്നതിലും പ്രാവിണ്യം നേടിയിരുന്നു. സീരിയൽ രംഗത്തും തിളങ്ങിയ താരമാണ് നെടുമുടി വേണു. കലാസിനിമയുടെ പ്രയോക്താക്കൾക്ക് എന്നും പിന്തുണ നൽകിയിരുന്ന നടൻ കൂടിയായിരുന്നു നെടുമുടി.

ശരണ്യ ശശി

കണ്ണൂർ പഴയങ്ങാടി സ്വദേശിനിയായ ശരണ്യ, ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത സൂര്യോദയം എന്ന ദൂരദർശൻ സീരിയയിലൂടെയാണ് അഭിനയ രംഗത്തേയ്ക്ക് എത്തുന്നത്. പിന്നീട് ഒട്ടനവധി ടെലിവിഷൻ സീരിയലുകളിലും ചാക്കോ രണ്ടാമൻ, തലപ്പാവ്, ഛോട്ടാ മുംബൈ തുടങ്ങിയ സിനിമകളിലും വേഷമിട്ട താരത്തിന്റെ ജീവിതത്തിൽ വില്ലനായത് ക്യാൻസർ ആയിരുന്നു

എട്ട് വര്‍ഷത്തിലധികം കാന്‍സറിനോട് പോരാടിയ താരമാണ് ശരണ്യ. തലവേദനയിലൂടെയായിരുന്നു രോഗത്തിന്റെ തുടക്കം. ഡോക്ടറെ കാണിച്ച് രണ്ട് മാസത്തോളം മൈഗ്രെയിനിന്റെ ഗുളിക കഴിച്ചു. എന്നാല്‍ 2012ല്‍ ഷൂട്ടിംഗ് സെറ്റില്‍ കുഴഞ്ഞുവീണു. സഹപ്രവര്‍ത്തകര്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ട്യൂമറാണെന്ന് തിരിച്ചറിഞ്ഞത്. പതിനൊന്നോളം ശസ്ത്രക്രിയകള്‍ നടത്തി. നിരവധി തവണ റേഡിയേഷനു വിധേയയായ താരത്തിന്റെ ദാമ്പത്യ ജീവിതവും പരാജയമായിരുന്നു.

വിവേക്

തമിഴ് കോമഡി താരങ്ങളിൽ ശ്രദ്ധേയനായ നടനാണ് വിവേക്. താരത്തിന്റെ മരണം വിവാദത്തിലായത് കോവിഡ് വാക്സിന്റെ പേരിലാണ്. ചെന്നൈ സർക്കാർ ആശുപത്രിയിൽ നിന്നും വാക്സിൻ സ്വീകരിച്ചതിനു പിന്നാലെയാണ് താരത്തിനു ഹൃദയാഘാതം ഉണ്ടായത്. അതാണ് വിവാദങ്ങൾക്കും കാരണമായത്. എന്നാൽ വിവേകിന്റെ മരണത്തിനു വാക്സിൻ സ്വീകരിച്ചതുമായി ബന്ധമില്ലെന്ന് ആരോഗ്യവിദഗ്ധർ വ്യക്തമാക്കി.

Vivek At The Ezhumin Press Meet

ഇതിഹാസ ചലച്ചിത്ര നിർമ്മാതാവ് ബാലചന്ദർ 1980 കളുടെ അവസാനത്തിലാണ് വിവേക് എന്ന നടനെ സിനിമ ലോകത്തിന് സമ്മാനിച്ചത്. 1990 കളിൽ തമിഴ് സിനിമയിലെ ഏറ്റവും കൂടുതൽ തിരക്കുള്ള ഹാസ്യനടന്മാരിൽ ഒരാളായി അദ്ദേഹം മാറി. സാമി, ശിവാജി, അന്യൻ തുടങ്ങി ഇരുന്നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മൂന്ന് തവണ തമിഴ്‌നാട് സർക്കാരിന്റെ മികച്ച ഹാസ്യനടനുള്ള പുരസ്‌കാരം നേടിയ വിവേക് 2009 ൽ പത്മശ്രീയും നേടി. സാമൂഹിക ഉത്തരവാദിത്തമുള്ള ഹാസ്യനടൻ എന്ന നിലയിൽ അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു

പുനീത് രാജ്‌കുമാർ

കന്നഡ സിനിമാ ലോകത്ത് തീരാ നഷ്ടമുണ്ടാക്കിയ ഒന്നാണ് നടൻ പുനീത് രാജ്‌കുമാറിന്റെ വിയോഗം. കന്നഡയിലെ ഇതിഹാസ നടൻ രാജ്‍കുമാറിന്‍റെ മകനാണ്. രാജ്‍കുമാറ്‍ നായകനായെത്തിയ ചില ചിത്രങ്ങളിലൂടെ ബാലതാരമായിട്ടായിരുന്നു പുനീതിന്റെ സിനിമാപ്രവേശം. ‘ബെട്ടാഡ ഹൂവു’വിലെ അപ്പു എന്ന കഥാപാത്രം പുനീതിന് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡ് നേടിക്കൊടുത്തു. മുതിര്‍ന്നശേഷം അപ്പുവെന്ന മറ്റൊരു ചിത്രത്തിലും അഭിനയിച്ച പുനീത് രാജ്‍കുമാര്‍ അതേ വിളിപ്പേരിലാണ് ആരാധകര്‍ക്ക് ഇടയില്‍ അറിയപ്പെട്ടിരുന്നതും. നിരവധി സത്പ്രവർത്തികൾ നടത്തിയിരുന്ന പുനീത് ഒരു നടൻ എന്ന നിലയിൽ മാത്രമല്ല മികച്ച ഒരു സാമൂഹ്യ പ്രവർത്തകൻ എന്ന രീതിയിലും ആരാധകരെ നേടിയിരുന്നു.


ഓരോ വേർപാടും ഏറെ വേദനാ ജനകമാണ്. എങ്കിലും വേർപെട്ടു പോയവർ അവരുടെ കാപാത്രങ്ങളിലൂടെ നമ്മോടൊപ്പം എന്നുമുണ്ടാകും..

shortlink

Related Articles

Post Your Comments

Related Articles


Back to top button