തിരുവനന്തപുരം: കേരള പോലീസിനെതിരേ തലസ്ഥാനത്തെ സി.പി.എം. ഏരിയാ സമ്മേളനങ്ങളിൽ അതിനിശിത വിമർശനം. പാർട്ടി നേതാക്കൾ സർക്കാർ കാര്യങ്ങളിൽ ഇടപെടരുതെന്ന് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും പ്രഖ്യാപിച്ചതോടെ പോലീസ് ആർ.എസ്.എസായി മാറിയെന്നതാണ് പല സമ്മേളനങ്ങളിലുമുയർന്ന വിമർശനം. ഒരു പ്രശ്നത്തിന് പോലീസ്‌സ്റ്റേഷനിൽ പോയാൽ പാർട്ടി സഖാക്കൾക്ക് രണ്ടിടി കൂടുതൽ കിട്ടുന്ന സ്ഥിതിയായെന്നും അംഗങ്ങൾ വിമർശിച്ചു.
പോലീസിന്റെ പ്രവർത്തനങ്ങൾ, പൊതുമരാമത്ത്-ആരോഗ്യ വകുപ്പുകളിലെ പോരായ്മകൾ, അനുപമയുടെ കുഞ്ഞിനെ ദത്തുനൽകിയ സംഭവത്തിൽ ശിശുക്ഷേമ സമിതിക്കുണ്ടായ വീഴ്ചകൾ, പട്ടികജാതി ഫണ്ട് തട്ടിപ്പിൽ ഉൾപ്പെട്ട ഡി.വൈ.എഫ്.ഐ. നേതാവിനെ സംരക്ഷിക്കാനുള്ള ശ്രമം എന്നിവയെല്ലാമാണ് പ്രധാനമായും വിമർശന വിധേയമായത്.
രണ്ടാം പിണറായി സർക്കാർ പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നില്ലെന്ന് പ്രതിനിധികൾ കുറ്റപ്പെടുത്തി. ഭരണത്തുടർച്ച ആവേശമുണ്ടാക്കുന്നതാണ്. എന്നാൽ, ഭരണംകിട്ടിയതോടെ സർക്കാരിന്റെ സമീപനത്തിൽപ്പോലും മാറ്റംവന്നു. സ്റ്റേഷനുകളിൽ ന്യായമായ ആവശ്യങ്ങൾക്കുപോലും പാർട്ടിക്ക് ഇടപെടാൻ കഴിയുന്നില്ല. പോലീസിന്റെ ഉന്നതതലം മുതൽ ആർ.എസ്.എസ്. സെൽ പ്രവർത്തിക്കുന്നുണ്ടെന്ന് സംശയിക്കത്തക്ക കാര്യങ്ങളാണ് നടക്കുന്നതെന്നും പ്രതിനിധികൾ കുറ്റപ്പെടുത്തി.
ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങൾ താളംതെറ്റി. കഴിഞ്ഞ സർക്കാരിന്റെ കാലത്തെ പ്രവർത്തനങ്ങൾ പരിശോധിക്കുമ്പോൾ ആരോഗ്യവകുപ്പിൽ ഇപ്പോൾ ഏകോപനവും കാര്യക്ഷമതയുമില്ല. റോഡ് കുഴിയായി കിടക്കുമ്പോഴും പൊതുമരാമത്ത് മന്ത്രി പ്രകടനങ്ങൾ നടത്തുകയാണെന്നും വിമർശനമുണ്ടായി. വിഭാഗീയതയായി വിലയിരുത്താനാകില്ലെങ്കിലും നേതാക്കൾക്കിടയിൽ പലയിടത്തും ഭിന്നത പ്രകടമാണ്. പേരൂർക്കട ഏരിയാ സമ്മേളനത്തിൽ സെക്രട്ടറി തിരഞ്ഞെടുപ്പ് അരമണിക്കൂറോളം തർക്കത്തിലായിരുന്നു. ഒടുവിൽ സംസ്ഥാന നേതാക്കൾ ഇടപെട്ടാണ് തീർത്തത്.
Post Your Comments