തിരുവനന്തപുരം: ആറ്റിങ്ങലില്‍ പരസ്യവിചാരണയിൽ പിങ്ക് പോലീസ് ഉദ്യോഗസ്ഥ അപമാനിച്ച പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശം. സര്‍ക്കാര്‍ ഉചിതമായ തീരുമാനം ഇക്കാര്യത്തില്‍ എടുക്കണമെന്നും കോടതി ആവശ്യപ്പെട്ടു. നമ്പി നാരായണന്റെ കേസിന് സമാനമായ രീതിയില്‍ പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്നാണ് കോടതി നിര്‍ദേശം.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഒരു പോലീസ് ഉദ്യോഗസ്ഥ മോഷണക്കുറ്റം ആരോപിച്ച് വിചാരണ ചെയ്യുന്ന സാഹചര്യമാണ് ഉണ്ടായതെന്നും സംഭവത്തില്‍ പെണ്‍കുട്ടി വലിയ മാനസിക പീഡനത്തിനാണ് ഇരയായിരിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. പരാതിക്കാരിയായ പെണ്‍കുട്ടി അമ്പത് ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍ അത്രയും തുക നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ഇക്കാര്യത്തിൽ നഷ്ടപരിഹാരം നല്‍കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ഇതുവരെ അറിയിക്കാത്തതിനാലാണ് കോടതി ഇത്തരമൊരു നിര്‍ദേശം നല്‍കിയിരിക്കുന്നതെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി. അതേസമയം, പെണ്‍കുട്ടിയോടും കോടതിയോടും നിരുപാധികം മാപ്പപേക്ഷിച്ചുകൊണ്ട് കേസില്‍ ഉള്‍പ്പെട്ട സിവില്‍ പോലീസ് ഉദ്യോഗസ്ഥ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. എന്നാല്‍ ഈ മാപ്പപേക്ഷ അംഗീകരിക്കുന്നില്ലെന്ന് അഭിഭാഷക കോടതിയെ അറിയിച്ചു.
Post Your Comments