കൊല്ലം: തിരുവനന്തപുരം സിറ്റി വലിയതുറ പൊലീസ് സ്റ്റേഷനിലെ ജീപ്പ് എറിഞ്ഞുതകർത്ത ശേഷം മുങ്ങിയ പ്രതി പിടിയിൽ. തിരുവനന്തപുരം വള്ളക്കടവ് ഫിഷർമെൻ കോളനിയിൽ സൂരജ് സുരേഷ് (18) ആണ് പിടിയിലായത്. റെയിൽവേ സ്റ്റേഷനിൽ നിന്ന് കൊല്ലം സിറ്റി പൊലീസ് ആണ് പ്രതിയെ പിടികൂടിയത്.
കാറിൽ ഇയാൾക്കൊപ്പമുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശിയെയും രണ്ട് കൊല്ലം സ്വദേശികളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരത്തു നിന്ന് രക്ഷപ്പെട്ട പ്രതി കൊല്ലം നഗരത്തിലെത്തുമെന്ന് സിറ്റി പൊലീസ് മേധാവി ടി. നാരായണന് വിവരം ലഭിച്ചിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് സംഘം റെയിൽവേ സ്റ്റേഷനിൽ കാത്തുനിന്നാണ് പ്രതിയെ പിടികൂടിയത്.
Read Also : സംഘപരിവാറിൻ്റെ അവിവേകികളും കേരളത്തിലെ ലീഗ് നേതൃത്വവും തമ്മിൽ എന്താണ് വ്യത്യാസം: മന്ത്രി ദേവർകോവിൽ
മഫ്തി സംഘം അറിയിച്ചതിനെ തുടർന്ന് സ്പെഷൽ സ്ക്വാഡ് സബ് ഇൻസ്പെക്ടർ ജയകുമാറിന്റെ നേതൃത്വത്തിൽ എ.എസ്.ഐമാരായ പ്രശാന്ത്, ബൈജു ജെറോം, എസ്. സി.പി.ഒമാരായ സജു, മനു എന്നിവരടങ്ങിയ സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. സൂരജ് സുരേഷ് മാത്രമാണ് കേസിൽ ഉൾപ്പെട്ടതെന്ന് വ്യക്തമായതിനെ തുടർന്ന് ഇയാളെ വലിയതുറ പൊലീസിന് കൈമാറി. മറ്റുള്ളവരെ വിട്ടയച്ചു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Post Your Comments