ന്യൂഡൽഹി: കേന്ദ്രസർക്കാർ കാർഷിക ബില്ല് പിൻവലിച്ചതിന് പിന്നാലെ സമരഭൂമി കയ്യൊഴിഞ്ഞ കർഷകരുടെ വിജയ് ദിവസ് പരിപാടി ഇന്ന് നടക്കും. എന്നാൽ വലിയ ആഘോഷത്തോടേയും വീറോടേയും നടത്തുമെന്ന് പ്രഖ്യാപിച്ച പരിപാടിയുടെ വീര്യം ഏതാണ്ട് തണുത്ത മട്ടാണ്. ഇന്നലെ നടക്കേണ്ടിയിരുന്ന പരിപാടി രാജ്യം ദു:ഖത്തിലായ അന്തരീക്ഷത്തിൽ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. സൈനിക മേധാവിയടക്കമുള്ളവരുടെ മരണം പഞ്ചാബിൽ നിന്നുള്ള ഗ്രാമീണരായ കർഷകരിലും വലിയ വിഷമമാണ് ഉണ്ടാക്കിയിരിക്കുന്നത്.
രാജ്യത്തെ അത്യുന്നത സൈനിക ഉദ്യോഗസ്ഥരെ നഷ്ടപ്പെട്ടതിന്റെ വേദന പഞ്ചാബിൽ നിന്നുള്ള കർഷകരും ഏറ്റെടുത്തുവെന്നതിന്റെ സൂചനയാണ് ഒരുവിഭാഗം ടിക്കായത്തിന്റെ സമ്മർദ്ദ തന്ത്രങ്ങളെ പിന്തുണയ്‌ക്കാതെ നാട്ടിലേക്ക് മടങ്ങിയതിലൂടെ തെളിയിക്കുന്നത്. ഇന്നലെ സൈനികർക്ക് ആദരാഞ്ജലി അർപ്പിക്കാനുള്ള ടിക്കായത്തിന്റെ ശ്രമത്തിനെതിരെ പ്രതിഷേധമുണ്ടായതും ഏറെ ശ്രദ്ധേയമായി.
നിരവധി സൈനികരെ സമ്മാനിക്കുന്ന കർഷക കുടുംബങ്ങൾ സംയുക്ത കരസേനാ മേധാവിയുടെ സംസ്‌കാര ചടങ്ങുകൾക്ക് പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ചതോടെ ടിക്കായത് സംഘം വെട്ടിലായി. ഒപ്പം പോലീസ് കനത്ത ജാഗ്രതയാണ് ഇന്നലെ സിംഘുവിലും ഗാസിപ്പൂരിലും പുലർത്തിയത്.14 മാസം ടെന്റ് കെട്ടി സമരം നടത്തിവന്ന കർഷകരിൽ ഭൂരിഭാഗവും പിന്മാറിക്കഴിഞ്ഞു. പഞ്ചാബിൽ നിന്നുള്ള കർഷകരാണ് പിന്മാറിയത്. ഇതിനിടെ ഉത്തർപ്രദേശ് അതിർത്തിയിൽ തമ്പടിച്ചവർ സാധനങ്ങളെല്ലാം അഴിച്ചെടുത്ത് 15-ാം തിയതിയോടെ മടങ്ങുമെന്നും അറിയിച്ചിട്ടുണ്ട്.
ഇന്ന് നടത്താനിരിക്കുന്ന വിജയ് ദിവസിന്റെ പേരിൽ എന്ത് ക്രമസമാധാന പ്രശ്‌നമുണ്ടായാലും അതിന് പൂർണ്ണ ഉത്തരവാദിത്തം ടിക്കായത്തിനും അനുയായി കൾക്കും ആയിരിക്കുമെന്ന മുന്നറിയിപ്പാണ് പോലീസ് നൽകിയിട്ടുള്ളത്. വൻ തോതിലുള്ള പ്രകടനങ്ങളോ മറ്റ് പരിപാടികളോ നടത്താൻ ശ്രമിച്ചാൽ ശക്തമായി നേരിടുമെന്ന നിലപാടിലാണ് പോലീസ് .
എല്ലാ അതിർത്തി മേഖലയിലും ടോൾ പ്ലാസകൾ കേന്ദ്രീകരിച്ചും കർഷകർ പരിപാടി നടത്തുമെന്നാണ് സംയുക്ത കിസാൻ മോർച്ചയുടെ തീരുമാനം. ഇതിനിടെ ഏതു തീരുമാനത്തേയും അവസാന നിമിഷം അട്ടിമറിക്കുന്ന ടിക്കായത് സംഘത്തിന്റെ നീക്കങ്ങളെ പോലീസും രഹസ്യാന്വേഷണ വിഭാഗവും നിരീക്ഷിച്ചുവരികയാണ്.
Post Your Comments