കാബൂള്‍: താലിബാന്റെ ഭരണത്തില്‍ ദുരിതം അനുഭവിക്കുന്ന അഫ്ഗാന് ജനതയ്ക്ക് ഇന്ത്യയുടെ സഹായം. ജീവന് രക്ഷാ മരുന്നുകളുമായി കേന്ദ്രസര്‍ക്കാര്‍ അയച്ച വിമാനം കാബൂളിലെത്തി. 1.6 മെട്രിക് ടണ്‍ മരുന്നുകളാണ് ഇന്ത്യ അയച്ചത്. മരുന്നുകളുമായി പ്രത്യേക ചരക്ക് വിമാനം ഇന്ന് രാവിലെയാണ് കാബൂള്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. പാകിസ്താന്റെ ശക്തമായ എതിര്‍പ്പ് മറികടന്നാണ് അഫ്ഗാന് ജനതയെ സഹായിക്കുന്നതിനായി ഇന്ത്യ മരുന്നുകള്‍ എത്തിച്ചത്.
Read Also : കഞ്ചാവ് കടത്ത് : രണ്ടുപേർ നാർകോട്ടിക് എന്‍ഫോഴ്സ്മെന്റെ സ്ക്വാഡിന്റെ പിടിയിൽ
അഫ്ഗാനിസ്ഥാനിലേക്ക് ചരക്കുമായി പറക്കുന്നതിന് വ്യോമപാത തുറക്കില്ലെന്ന് പാകിസ്താന് വ്യക്തമാക്കിയിരുന്നു. ദുരിതത്തിലായ അഫ്ഗാന് ജനതയെ ഇന്ത്യ സഹായിക്കുന്നത് തടയുകയായിരുന്നു ഇമ്രാന് ഖാന് സര്‍ക്കാറിന്റെ ലക്ഷ്യം. എന്നാല്‍ അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യ നടത്തിയ നയതന്ത്ര സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന് വിമാനത്തിന് സഞ്ചരിക്കാന്‍ അനുമതി ലഭിക്കുകയായിരുന്നു. ദുരിതം അനുഭവിക്കുന്ന അഫ്ഗാനിസ്ഥാന് ഇന്ത്യന്‍ ജനതയുടെ സമ്മാനം എന്നാണ് ഇന്ത്യയിലെ അഫ്ഗാനിസ്ഥാന് അംബാസിഡര്‍ ഫരീദ് മാമുദസി കേന്ദ്രസര്‍ക്കാറിന് നന്ദി അറിയിച്ച് ട്വിറ്ററില്‍ കുറിച്ചത്.
താലിബാന് ഭരണം പിടിച്ചെടുത്തിനുശേഷം കടുത്ത മരുന്നു ക്ഷാമമാണ് അഫ്ഗാനിസ്ഥാന് അഭിമുഖീകരിക്കുന്നത്. പാരസെറ്റാമോള്‍ ഗുളിക അടക്കമുള്ളവ രാജ്യത്ത് കിട്ടാനില്ല. ആശുപത്രികളില്‍ മരുന്നുകള്‍ എത്തുന്നില്ല. താലിബാന്റെ അധിനിവേശത്തിന് ശേഷം ലോകരാജ്യങ്ങളുടെ സാമ്പത്തിക സഹായം അഫ്ഗാനിസ്ഥാന് ലഭിക്കാത്തതും മരുന്ന് പ്രതിസന്ധി രൂക്ഷമാകുകയായിരുന്നു.
Post Your Comments