ന്യൂഡൽഹി: രോഹിണി കോടതിയിലുണ്ടായ സ്ഫോടനത്തിൽ ഒരാൾക്ക് പരിക്കേറ്റു. തീവ്രത കുറഞ്ഞ സ്ഫോടനമാണ് നടന്നതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവ സ്ഥലത്ത് നിന്നും സ്ഫോടക വസ്തുക്കളും ചോറ്റുപാത്രവും പൊലീസ് കണ്ടെടുത്തു. കോടതി കെട്ടിടത്തിലെ 102-ാം നമ്പര്‍ ചേംബറിനുള്ളിൽ രാവിലെ പത്തരയോടെയാണ് വലിയ ശബ്ദത്തോടെ സ്‌ഫോടനമുണ്ടായത്. കോടതി നടപടികൾ തുടരുന്നതിനിടെ ചേമ്പറിനുള്ളിലുണ്ടായിരുന്ന ലാപ്ടോപ് ബാഗ് പൊട്ടിത്തെറിക്കുകയായിരുന്നു. മുറിയിലുണ്ടായിരുന്ന ഒരാൾക്ക് പരിക്കേറ്റു. പരിക്ക് ഗുരുതരമല്ല.
പൊട്ടിത്തെറിയിൽ കോടതിയുടെ നിലത്ത് വലിയ ഗർത്തം രൂപപ്പെട്ടിട്ടുണ്ട്. പൊലീസും പിന്നാലെ ഫോറൻസിക് എൻഎസ്ജി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. പരിസരത്തു നിന്ന് സ്ഫോടക വസ്തുക്കളും ചോറ്റുപാത്രവും സംഘം കണ്ടെടുത്തു. ഈ വർഷം രണ്ടാം തവണയാണ് രോഹിണി കോടതിക്കുള്ളിൽ സുരക്ഷാവീഴ്ച്ച ഉണ്ടാകുന്നത്.
ഒക്ടോബറില്‍ കോടതിക്കുള്ളിൽ മാഫിയ സംഘങ്ങള്‍ തമ്മിൽ വെടിവെപ്പ് നടക്കുകയും മൂന്ന് പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ജിതേന്ദ്ര ഗോഗി എന്ന ഗുണ്ടാ നേതാവും മറ്റു രണ്ടു പേരുമാണ് കൊല്ലപ്പെട്ടത്. ഗോഗിയെ കോടതിയില്‍ ഹാജരാക്കി വിചാരണ നടത്തുന്നതിനിടെ അഭിഭാഷകരുടെ വേഷത്തിലെത്തിയ രണ്ടു പേര്‍ കോടതി മുറിയില്‍ പ്രവേശിച്ച് ഗോഗിക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. അന്നത്തെ ആക്രമണത്തില്‍ ആറു പേര്‍ക്ക് പരിക്കേറ്റു.
Post Your Comments