ന്യൂഡൽഹി: ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തുൾപ്പെടെ ഉള്ളവർക്ക് ആദരമർപ്പിച്ച് രാജ്യം. കൂനൂരിൽ നിന്നും ഡൽഹി പാലം വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മൂന്ന് സൈനിക മേധാവിമാരും ഉൾപ്പെടെ പ്രമുഖർ അന്തിമോപചാരം അർപ്പിച്ചു. ജനറൽ ബിപിൻ റാവത്തിന്റെയും ഭാര്യയുടെയും മൃതദേഹം പൊതുദർശനത്തിന് ശേഷം ഉച്ചകഴിഞ്ഞ് ഡൽഹി കാന്റിലെ ശ്മശാനത്തിൽ സംസ്കരിക്കും.
രാത്രി എട്ട്മണിയോടെയാണ് പാലം വിമാനത്താവളത്തിൽ ജനറൽ ബിപിൻ റാവത്തിൻ്റെയും സഹപ്രവർത്തകരുടെയും മൃതദേഹം വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ എത്തിച്ചത്. സൈനികരുടെ കുടുംബാംഗങ്ങൾ മൃതദേഹം ഏറ്റുവാങ്ങാൻ വിമാനത്താവളത്തിലെത്തി, ജനറൽ, ബിപിൻ റാവത്തിനും സഹപ്രവർത്തകർക്കും ആദരമായി പുഷ്പചക്രം അർപ്പിച്ചു. തുടർന്ന് ആശ്വാസവാക്കുകളുമായി കുടുബാംഗങ്ങളുടെ അരികിലേക്ക്. ഉറ്റവരുടെ ദുഃഖം കണ്ടു നിന്നവരെയും കണ്ണീരണിയിച്ചു.
പ്രതിരോധ മന്ത്രി രാജ്നാഥ് സിങും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും ആദരമര്‍പ്പിച്ചു. ശേഷം മൃതേദേഹങ്ങൾ സൈനിക ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. തിരിച്ചറിഞ്ഞ നാല് മൃതദേഹങ്ങൾ നാളെ ബന്ധുക്കൾക്ക് കൈമാറും. ജനറൽ ബിപിൻ റാവത്തിന്റെ മൃതദേഹം രാവിലെ 9 മണിയോടെ ഡൽഹിയിലെ വസതിയിൽ എത്തിക്കും. 11.30 മുതൽ പൊതുദർശനം.
ഒരു മണിക്കൂർ പൊതുജനങ്ങൾക്കും ഒരു മണിക്കൂർ സൈനികർക്കും. 1.30 ന് ശേഷം ഡൽഹി കാന്റിലെ ശ്മശാനത്തിൽ പൂർണ സൈനിക ബഹുമതികളോടെ സംസ്കാരം. ബ്രിഗേഡിയർ എൽ. എസ് ലിഡ്ഡറിന്റെ സംസ്കാരം രാവിലെ 9.30ന് ഡൽഹി കാൻ്റിൽ നടക്കും. മറ്റ് സൈനികരുടെ മൃതദേഹം തിരിച്ചറിഞ്ഞതിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
Post Your Comments