കാബൂള്‍ : അഫ്ഗാനിസ്ഥാനില്‍ നിന്നും ന്യൂനപക്ഷങ്ങളെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ സഹായിച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കും നന്ദി പറഞ്ഞ് ഡല്‍ഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റ് മജീന്ദര്‍ സിങ് സിര്‍സ. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും അഫ്ഗാനിലെ ന്യൂനപക്ഷങ്ങളോട് അനുഭാവപൂര്‍വ്വമായ സമീപനമാണ് കാണിക്കുന്നതെന്നും, എല്ലാവിധ പിന്തുണയും അവര്‍ നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പ്രത്യേക വിമാനത്തിലാണ് 110 പേരടങ്ങുന്ന ഹിന്ദു, സിഖ് വംശജര്‍ എത്തുന്നത്. ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ ഉച്ചയ്‌ക്ക് ശേഷം ഇവരെത്തുമെന്നാണ് വിവരം. ഇന്ന് രാവിലെയാണ് സംഘം കാബൂളില്‍ നിന്ന് യാത്ര തിരിച്ചത്. ഗുരുദ്വാര രകബ്ഗഞ്ച് സാഹിബിലാണ് ഇവര്‍ക്കുള്ള താമസസ്ഥലം ഉള്‍പ്പെടെ തയ്യാറാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണത്തിന് കീഴില്‍ ജീവിക്കാന്‍ കഴിയുന്ന സാഹചര്യമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സംഘം ഇന്ത്യയിലേക്ക് തിരിച്ചത്. അഫ്ഗാനിസ്ഥാനിലെ പുരാതനമായ ഗുരുദ്വാരകളില്‍ നിന്നുള്ള മൂന്ന് ശ്രീ ഗുരു ഗ്രന്ഥ സാഹിബ്, ഹിന്ദു ഇതിഹാസങ്ങളായ രാമായണം, മഹാഭാരതം, ഭഗവത് ഗീത തുടങ്ങിയവയുമായാണ് സംഘം യാത്ര തിരിച്ചിരിക്കുന്നത്.
Post Your Comments