കോട്ടയം: ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കെട്ടിടനിർമാണത്തൊഴിലാളിയെ സഹായിക്കാനെന്ന വ്യാജേന എത്തി പണവും സ്വർണവും സ്കൂട്ടറും മോഷ്ടിച്ച കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. ആലപ്പുഴ എഴുപുന്ന സ്വദേശി രജീഷിന്റെ മാലയും സ്കൂട്ടറും ഉൾപ്പെടെയാണ് മോഷണം പോയത്.
വടവാതൂർ പുത്തൻപുരയ്ക്കൽ ജസ്റ്റിൻ സാജൻ (20), മുട്ടമ്പലം സ്വദേശിയും മാന്നാനം കുട്ടിപ്പടി ഭാഗത്തു താമസിക്കുന്നയാളുമായ പരിയരത്തുശേരി ഡോൺ മാത്യു (25) എന്നിവരെയാണ് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. 6,500 രൂപയും സ്വർണമാലയും സ്കൂട്ടറും ആണ് ഇവർ മോഷ്ടിച്ചത്. കേസിൽ രണ്ടു പേരെക്കൂടി പിടികൂടാനുണ്ട്. രണ്ടാഴ്ച മുൻപ് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം.
കഞ്ഞിക്കുഴിയിൽ കെട്ടിടനിർമാണ ജോലിയുമായി ബന്ധപ്പെട്ട് എത്തിയ രജീഷിന് സംഭവദിവസം വെറ്റിലയും പുകയിലയും ചേർത്തു മുറുക്കിയതിനെ തുടർന്ന് സ്കൂട്ടറിൽ യാത്രചെയ്യാൻ ഒരുങ്ങവേ തലകറക്കം അനുഭവപ്പെടുകയായിരുന്നു. ഈ സമയം എത്തിയ ജസ്റ്റിനും ഡോണും ആശുപത്രിയിൽ എത്തിക്കാമെന്നു വിശ്വസിപ്പിച്ച് രജീഷിനെ സ്കൂട്ടറിൽ കയറ്റി റെയിൽവേ സ്റ്റേഷൻ ഗോഡൗൺ ഭാഗത്തെത്തിച്ചു കവർച്ച നടത്തുകയായിരുന്നു. ഇവരുടെ 2 സുഹൃത്തുക്കളും ചേർന്നാണ് മോഷണം നടത്തിയത്.
Read Also : നാലു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ വീട്ടിലെ ബക്കറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി : ദുരൂഹത
രജീഷിന്റെ കാതിൽ ഉണ്ടായിരുന്ന സ്വർണ കടുക്കനും ഇവർ ഊരിയെടുത്തു. പിന്നീട് രജീഷിനെ ട്രാക്കിനു സമീപത്തേക്ക് തള്ളിയിട്ടശേഷം സ്കൂട്ടറിൽ കടന്നുകളയുകയായിരുന്നുവെന്ന് സ്റ്റേഷൻ ഹൗസ് ഓഫിസർ റിജോ പി.ജോസഫ് പറഞ്ഞു. സംഭവത്തിൽ രജീഷ് പരാതി നൽകി അന്വേഷണം ആരംഭിച്ചതോടെ പ്രതികൾ ഒളിവിൽ പോവുകയായിരുന്നു.
ഡിവൈഎസ്പി ജെ.സന്തോഷ്കുമാറിനു ലഭിച്ച രഹസ്യവിവരത്തെത്തുടർന്നാണ് ഒന്നും രണ്ടും പ്രതികൾ പൊലീസ് പിടിയിലായത്. എസ്ഐമാരായ അനീഷ് കുമാർ, ചന്ദ്രബാബു, ഗ്രേഡ് എസ്ഐമാരായ ഷിബുക്കുട്ടൻ, ശ്രീരംഗൻ, രാജ്മോഹൻ എന്നിവരും അന്വേഷണത്തിൽ പങ്കെടുത്തു. പ്രതികളെ കോടതി ഹാജരാക്കി റിമാൻഡ് ചെയ്തു.
Post Your Comments