കൊച്ചി: ഉത്തരേന്ത്യൻ പെൺകുട്ടി പീഡനത്തിനിരയായ കേസ് അന്വേഷിക്കാൻ കൈക്കൂലി ആവശ്യപ്പെട്ട എഎസ്‌ഐ വിനോദ് കൃഷ്ണക്ക് എതിരെ എന്ത് കൊണ്ട് ക്രിമിനൽ കേസെടുക്കുന്നില്ലെന്ന് ഹൈക്കോടതി. കേസ് പരിഗണിക്കവേ ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ചോദ്യമുയർത്തിയത്. ഭീഷണിപ്പെടുത്തി പണം തട്ടാനല്ലേ എഎസ്‌ഐ ശ്രമിച്ചതെന്നും എന്ത് കൊണ്ട് കുറ്റപത്രം തയാറാക്കുന്നില്ലെന്നും കോടതി ചോദിച്ചു. പൊലിസുകാരന് എതിരെ പരാതി കിട്ടിയിട്ടില്ലെന്നും അമ്മയുടെ മൊഴി എടുത്തപ്പോൾ ആരോപണം ഉന്നയിച്ചതല്ലാതെ പരാതി ആയി തന്നിട്ടില്ലെന്നും സർക്കാർ മറുപടി നൽകി.
എറണാകുളം നോർത്ത് സ്റ്റേഷനിലെ എഎസ്‌ഐ വിനോദ് കൃഷ്ണ താമസ സൗകര്യം, യാത്ര ചിലവ് എന്നിവക്കായി പരാതിക്കാരിയുടെ കയ്യിൽ നിന്ന് പണം വാങ്ങിയത് തെറ്റാണെന്നും കോടതി പറഞ്ഞു. പൊലിസുകാരനെതിരെ അച്ചടക്ക നടപടിയുമായി മുന്നോട്ട് പോകണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു. കേസിൽ കോടതിയെ സഹായിക്കാൻ അമിക്കസ് ക്യൂറിയെ നിയമിക്കുകയും കേസ് അടുത്ത മാസം ആദ്യവാരം പരിഗണിക്കാൻ നിശ്ചയിക്കുകയും ചെയ്തു.
കേസന്വേഷണത്തിന് പൊലിസുകാർക്കുള്ള ചിലവിന് പണം നൽകാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് കോടതി നിർദേശിച്ചു. എന്നാൽ സംഭവത്തിൽ സർക്കാർ റിപ്പോർട്ട് ഫയൽ ചെയ്തു. ഡൽഹിയിലേക്ക് വിമാനയാത്രക്കായി പരാതിക്കാരിൽ നിന്ന് വാങ്ങിയ പണം തിരികെ കൊടുത്തെന്ന് റിപ്പോർട്ടിൽ പറഞ്ഞു.
Post Your Comments