കോഴിക്കോട് : മന്ത്രവാദ ചികിത്സയെ തുടര്‍ന്ന് യുവതി മരിച്ചെന്ന ബന്ധുക്കളുടെ പരാതിയില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ ഇന്ന് നടത്തും. വടകര ജില്ലാ ആശുപത്രി മോര്‍ച്ചറിയിലാണ് 44-കാരിയായ നൂര്‍ജഹാന്റെ മൃതദേഹമുള്ളത്. ചികിത്സ നിഷേധിച്ചെന്നാരോപിച്ച് നൂര്‍ജഹാന്റെ ഭര്‍ത്താവ് ജമാലിനെതിരെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.
കോഴിക്കോട് കല്ലാച്ചിയിലാണ് സംഭവം നടന്നത്. ഭര്‍ത്താവ് ജമാല്‍ ആശുപത്രി ചികിത്സ നിഷേധിച്ച് യുവതിയെ ആലുവയിലെ മതകേന്ദ്രത്തിലെത്തിച്ചെന്നും അവിടെ വെച്ച് ചികിത്സ കിട്ടാതെയാണ് നൂര്‍ജഹാന്‍ മരിച്ചതെന്നുമാണ് ആരോപണം. കഴിഞ്ഞ ഒരു വര്‍ഷമായി നൂര്‍ജഹാന് തൊലിപ്പുറത്ത് വ്രണമുണ്ടായി പഴുപ്പുവരുന്ന രോഗമുണ്ടായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. രോഗം മൂര്‍ച്ഛിച്ചിട്ട് പോലും ജമാല്‍ ഭാര്യക്ക് ആശുപത്രി ചികിത്സ നല്‍കിയില്ലെന്നാണ് ആരോപണം.
Read Also : അഴീക്കലില്‍ മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു : ഒന്‍പതുപേരെ രക്ഷപ്പെടുത്തി
നേരത്തെ ജമാലിന്റെ എതിര്‍പ്പ് അവഗണിച്ച് ബന്ധുക്കള്‍ യുവതിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയിരുന്നു, പക്ഷേ ചികിത്സ തുടരാന്‍ ജമാല്‍ അനുവദിച്ചില്ല. ചൊവ്വാഴ്ച വൈകീട്ട് ഭാര്യയെയും കൊണ്ട് ആലുവയിലേക്ക് പോയ ജമാല്‍ പുലര്‍ച്ചയോടെ മരണവിവരം ബന്ധുക്കളെ വിളിച്ച് അറിയിക്കുകയായിരുന്നു. ആശുപത്രി ചികിത്സ നല്‍കാതെ മന്ത്രവാദ ചികിത്സ നടത്തിയതാണ് മരണകാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. ഇതോടെയാണ് നൂര്‍ജഹാന്റെ അമ്മയും ബന്ധുവും ചേർന്ന് വളയം പൊലീസില്‍ പരാതി നല്‍കിയത്.
Post Your Comments