ന്യൂഡൽഹി: കുന്നൂരിൽ സൈനിക വിമാനം തകർന്നു വീണപ്പോൾ രാജ്യത്തിന്റെ സംയുക്ത സേനാ മേധാവിക്കൊപ്പം അന്തരിച്ചത് അദ്ദേഹത്തിന്റെ ഭാര്യയായ മധുലിക റാവത്ത് കൂടിയാണ്. ഏതു വിശേഷ അവസരത്തിലും ബിപിൻ റാവത്തിനൊപ്പം മധുലികയെയും കാണാമായിരുന്നു. ഇപ്പോൾ അന്ത്യയാത്രയിലും അവർ ഒരുമിച്ചു. അന്തരിച്ച രാഷ്ട്രീയക്കാരനായ മൃഗേന്ദ്ര സിങ്ങിന്റെ മകളും മധ്യപ്രദേശിലെ ഷാഡോൾ സ്വദേശിയുമായ മധുലിക റാവത്ത്, ഇന്ത്യയിലെ ഏറ്റവും വലിയ എൻജിഒകളിലൊന്നായ AWWA (ആർമി വൈവ്‌സ് വെൽഫെയർ അസോസിയേഷൻ) പ്രസിഡന്റാണ്.
സൈനികരുടെ ഭാര്യമാർ, കുട്ടികൾ, ആശ്രിതർ എന്നിവരാണ് ഈ സംഘടനയിലുള്ളത്. AWWA കൂടാതെ, അവർ പല തരത്തിലുള്ള സാമൂഹിക പ്രവർത്തനങ്ങളും തുടരുന്നു. കാൻസർ ബാധിതർക്കായി ഇവർ നടത്തുന്ന പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ്. കരസേനയിലെ അംഗങ്ങളുടെ ഭാര്യമാരെ ശാക്തീകരിക്കുന്നതിൽ ഉത്തേജക ശക്തിയായിരുന്നു മധുലിക റാവത്ത്. മുമ്പ്, വീർ നാരിമാരെയും (സൈനിക വിധവകൾ) ഭിന്നശേഷിയുള്ള കുട്ടികളെയും സഹായിക്കുന്ന നിരവധി ക്ഷേമ പരിപാടികളുടെയും കാമ്പെയ്‌നുകളുടെയും ഭാഗമായിരുന്നു മധുലിക റാവത്ത്.
സൈനികരുടെ ഭാര്യമാരെ ബ്യൂട്ടീഷ്യൻ കോഴ്‌സുകൾക്കൊപ്പം ടെയ്‌ലറിംഗ്, നെയ്റ്റിംഗ്, ബാഗ് നിർമ്മാണം എന്നിവ പഠിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിലും അവരെ സാമ്പത്തികമായി സ്വതന്ത്രരാക്കുന്നതിന് ‘കേക്കുകളും ചോക്ലേറ്റുകളും’ ഉണ്ടാക്കുന്നതിലും നിർണായക പങ്ക് വഹിച്ചിട്ടുണ്ട് മധുലിക. തന്റെ സംഘടനയിലെ അംഗങ്ങളുടെ ആരോഗ്യ അവബോധവും ക്ഷേമവും അവർ പ്രോത്സാഹിപ്പിച്ചിരുന്നു.ഡൽഹിയിൽ പഠനം പൂർത്തിയാക്കിയ മധുലിക റാവത്ത് ഡൽഹി സർവകലാശാലയിൽ നിന്ന് മനഃശാസ്ത്രത്തിൽ ബിരുദം നേടിയിട്ടുണ്ട്.
അതേസമയം ജനറൽ ബിപിൻ റാവത്ത് രാജ്യത്തിൻറെ പരമോന്നത വിശിഷ്ട ആദരവുകളാൽ അംഗീകരിക്കപ്പെട്ട ധീരനാണ്. നാലു പതിറ്റാണ്ടോളം നീണ്ട സൈനിക സേവനത്തിനിടയിൽ വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. പരമവിശിഷ്ട സേവാ മെഡൽ, അതിവിശിഷ്ട സേവാ മെഡൽ, വിശിഷ്ട സേവാ മെഡൽ, ഉത്തം യുദ്ധ് സേവാമെഡൽ, യുദ്ധ് സേവാ മെഡൽ, സേനാ മെഡൽ തുടങ്ങിയ സൈനിക ബഹുമതികൾ ഇതിൽപ്പെടും. സൈന്യത്തിൽ നാലു നക്ഷത്ര പദവി (ഫോർ സ്റ്റാർ റാങ്ക്) അദ്ദേഹത്തിന് അനുവദിച്ചിരുന്നു. പ്രതിരോധ മന്ത്രിയുടെ മുഖ്യ സൈനിക ഉപദേശകനും സൈനികകാര്യ വകുപ്പിന്റെ മേധാവിയുമായിരുന്നു. മൂന്നു സേന മേധാവിമാരുടെയും മുകളിലായിരുന്നു അദ്ദേഹത്തിന്റെ സ്ഥാനം.
Post Your Comments