Latest NewsIndia

റാവത്തിന്റെ ഓർമ്മയ്ക്കായി ഗ്രാമത്തിന് അദ്ദേഹത്തിന്റെ പേര് നൽകണമെന്ന് ഗ്രാമവാസികൾ,നഞ്ചപ്പസത്രത്തെ ദത്തെടുത്ത് വ്യോമസേന

ഹെലികോപ്റ്റർ അപകടമുണ്ടായതിന് പിന്നാലെ നഞ്ചപ്പസത്രത്തിലെ ഗ്രാമവാസികളാണ് രക്ഷാപ്രവർത്തനങ്ങൾക്കായി ആദ്യം ഓടിയെത്തിയത്.

കോയമ്പത്തൂർ: സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെയുള്ളവരുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റർ തകർന്ന് വീണ സ്ഥലത്ത് സ്മാരകം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് നഞ്ചപ്പസത്രം ഗ്രാമവാസികൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് കത്ത് കൈമാറി. നഞ്ചപ്പസത്രത്തിന് സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെ പേര് നൽകണമെന്നും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം ഹെലികോപ്റ്റർ അപകടത്തിൽപെട്ടവരെ ജീവൻ പണയപ്പെടുത്തിയും രക്ഷപെടുത്താനുള്ള ശ്രമങ്ങൾ നടത്തിയ ഗ്രാമവാസികളോടുള്ള ആദരസൂചകമായി നഞ്ചപ്പസത്രം മേഖലയെ ദത്തെടുക്കുന്നതായി വ്യോമസേന പ്രഖ്യാപിച്ചു.ഗ്രാമത്തിലുള്ളവരുടെ ആരോഗ്യ പരിശോധനകൾക്കായി സൈന്യം എല്ലാ മാസവും ഡോക്ടറേയും നഴ്‌സുമാരേയും ഇവിടേക്ക് അയക്കും. ചികിത്സക്കായി വെല്ലിങ്ടണിലെ സൈനിക ആശുപത്രിയിൽ ഗ്രാമവാസികൾക്കും എത്താമെന്നും ദക്ഷിണ ഭാരത് ഏരിയ കമാൻഡിങ് ഓഫീസർ ലഫ്.ജനറൽ എ.അരുൺ അറിയിച്ചു.

ഗ്രാമത്തിലുള്ളവർക്ക് ധാരാളം ഉപഹാരങ്ങളും നൽകിയാണ് സേന ഉദ്യോഗസ്ഥർ മടങ്ങിയത്. പുതപ്പുകൾ, സോളാർ എമർജൻസി ലൈറ്റുകൾ, റേഷൻ തുടങ്ങിയവ വിതരണം ചെയ്തു. അപകടവിവരം പുറംലോകത്തെ ആദ്യം അറിയിച്ച രണ്ട് പേർക്ക് 5000 രൂപ വീതവും നൽകി. രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയ പോലീസ്, അഗ്നിരക്ഷാസേന, വനംവകുപ്പ് ഉദ്യോഗസ്ഥർക്കും ഉപഹാരങ്ങൾ കൈമാറി. തമിഴ്‌നാട് സർക്കാരിനും മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും ലഫ്.ജനറൽ എ.അരുൺ നന്ദി അറിയിച്ചു.

ഹെലികോപ്റ്റർ അപകടമുണ്ടായതിന് പിന്നാലെ നഞ്ചപ്പസത്രത്തിലെ ഗ്രാമവാസികളാണ് രക്ഷാപ്രവർത്തനങ്ങൾക്കായി ആദ്യം ഓടിയെത്തിയത്. ഹെലികോപ്റ്ററിൽ നിന്നുയർന്ന തീ അണയ്‌ക്കാനും, ഉദ്യോഗസ്ഥരെ രക്ഷപെടുത്തി ആശുപത്രിയിൽ എത്തിക്കാനുമെല്ലാം ജനങ്ങൾ മുന്നോട്ട് വന്നു. ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് ഇപ്പോഴും ജീവിച്ചിരിക്കാൻ കാരണം ഈ ഗ്രാമത്തിലെ ജനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button