ന്യൂഡൽഹി: ആദ്യത്തെ സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ അപകടമരണത്തിൽ രാജ്യം ഞെട്ടലിലാണ്. അദ്ദേഹത്തിന് പ്രണാമമർപ്പിച്ചു പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയും മറ്റു നേതാക്കളും രംഗത്തെത്തി. അതീവ ദുഃഖകരമെന്നാണ് പ്രധാനമന്ത്രി കുറിച്ചത്. തികഞ്ഞ ദേശസ്നേഹിയായ അദ്ദേഹത്തിന്റെ സേവനം രാജ്യം ഒരിക്കലും മറക്കില്ലെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. ബിപിന്‍ റാവത്തിനൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് അദ്ദേഹം പ്രണാമം അര്‍പ്പിച്ചിരിക്കുന്നത്.
ഇന്ത്യയുടെ ആദ്യ സംയുക്ത സൈനിക മേധാവിയെന്ന നിലയില്‍ നമ്മുടെ സേനകളെ മികച്ചതാക്കുന്നതില്‍ വ്യത്യസ്തമായ പ്രവര്‍ത്തനങ്ങളാണ് ബിപിന്‍ റാവത്ത് കാഴ്ചവെച്ചത്. കരസേന മേധാവിയായി വളരെ കാലം സേവനം അനുഷ്ഠിച്ചിരുന്ന അദ്ദേഹം കൈനിറയെ അനുഭവങ്ങളുമായാണ് അധികാരമേറ്റത്. അദ്ദേഹത്തിന്റെ സേവനങ്ങള്‍ രാജ്യം ഒരിക്കലും മറക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രഗത്ഭനായ സൈനികനായിരുന്നു ബിപിന്‍ റാവത്ത്. സത്യസന്ധനായ ദേശസ്നേഹി. രാജ്യത്തിന്റെ സേനകളെ ആധുനികവത്കരിക്കുന്നതില്‍ വലിയ സംഭാവനയാണ് അദ്ദേഹം നല്‍കിയത്. നയതന്ത്രകാര്യങ്ങളില്‍ അദ്ദേഹത്തിനുള്ള കാഴ്ചപ്പാടും, ദീര്‍ഘവീക്ഷണവും പകരംവയ്ക്കാന്‍ ആകാത്തതാണ്. ബിപിന്‍ റാവത്തിന്റെ അപ്രതീക്ഷിത വിയോഗം അതിയായ ദു:ഖമുളവാക്കുന്നു.
രാജ്യത്തിന് തീരാ നഷ്ടമെന്നാണ് അമിത് ഷാ പറഞ്ഞത്. ഊട്ടിയ്ക്ക് സമീപം കൂനൂരില്‍ ഉച്ചയോടെയായിരുന്നു അപകടം നടന്നത്. വ്യോമസേനയുടെ എംഐ 17 ഹെലികോപ്ടറാണ് തകര്‍ന്നത്.
പതിനാല് പേരായിരുന്നു ഹെലികോപ്ടറിലുണ്ടായിരുന്നത്. ബ്രിഗേഡിയര്‍ എല്‍എസ് ലിഡ്ഡെര്‍, ലഫ്റ്റ്. കേണല്‍ ഹര്‍ജിന്ദെര്‍ സിംഗ്, നായിക് ഗുര്‍സേവാക് സിംഗ്, നായിക് ജിതേന്ദ്രകുമാര്‍, ലാന്‍സ് നായിക് വിവേക് കുമാര്‍, ലാന്‍സ് നായിക് ബി സായ് തേജ, ഹവീല്‍ദാര്‍ സത്പാല്‍ എന്നിവരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥര്‍.
അതേസമയം രാജ്യത്തിന് നഷ്ടമായത് ഇന്ത്യയുടെ പ്രശ്നങ്ങൾ അനായാസേന കൈകാര്യം ചെയ്യാൻ പ്രാപ്തിയുള്ള ഒരു ധീരനെയാണ്.
ചൈനയുമായും പാകിസ്ഥാനുമായുമുളള ഇന്ത്യയുടെ അതിര്‍ത്തി പ്രശ്നങ്ങള്‍ എല്ലാകാലത്തും ഇന്ത്യന്‍ പ്രതിരോധത്തിന് തലവേദനയാണ്.
ഈ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിലെ പ്രാപ്തിയും ധൈര്യവും പ്രകടമാക്കിയതിലൂടെ രാജ്യത്തിന്റെ 57ാം കരസേന മേധാവി എന്ന പദവിയില്‍ നിന്നും ആദ്യത്തെ സംയുക്ത സേനാ മേധാവി എന്ന പദവിയിലേക്ക് എത്തിച്ചേര്‍ന്നയാളാണ് ജനറല്‍ ബിപിന്‍ റാവത്ത്.
പഠനകാലത്തെ മികവ് ഔദ്യോഗിക ജീവിതത്തിലും കാഴ്ചവച്ചയാളാണ് ബിപിന്‍ റാവത്ത്. 2020 ജനുവരി ഒന്നിന് ആ പദവി ഏറ്റെടുത്ത ശേഷം ഇന്ത്യയുടെ കര നാവിക വ്യോമ സേനാ പ്രവര്‍ത്തനങ്ങളില്‍ മികവുറ്റ ശ്രദ്ധയാണ് അദ്ദേഹം പുലര്‍ത്തിയത്.
ഉത്തരാഖണ്ഡിലെ പൗരി എന്ന മലയോര പട്ടണത്തില്‍ ഒരു ഹിന്ദു രജപുത്ര കുടുംബത്തിലാണ് 1958 മാര്‍ച്ച് 16ന് ബിപിന്‍ റാവത്ത് ജനിച്ചത്. അച്ഛന് ലക്ഷ്മണ് സിംഗ് റാവത്തും ഒരു പട്ടാള ഉദ്യോഗസ്ഥനായിരുന്നു. ലഫ്റ്റനന്റ് ജനറലായിരുന്നു അദ്ദേഹം. സൈനിക ഉദ്യോഗസ്ഥനായ പിതാവിന്റെ കാര്‍ക്കശ്യവും കര്‍മ്മകുശലതയും ബിപിനും സൈനിക മേഖല തിരഞ്ഞെടുക്കാന്‍ പ്രേരണയായി.
ഡെറാഡൂണിലും ഷിംലയിലുമുളള സ്വകാര്യ സ്കൂളുകളിലെ പഠനശേഷം ബിപിന്‍ റാവത്ത് മഹാരാഷ്ട്രയിലെ ഖഡക്വാസ്ലയിലെ നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ ചേര്‍ന്നു. തുടര്‍ന്ന് ഡെറാഡൂണിലെ ഇന്ത്യന്‍ മിലിറ്ററി അക്കാദമിയിലും. ഇവിടെ വച്ച് മികവിനുളള ‘സ്വാര്‍ഡ് ഓഫ് ഓണര്‍’ അദ്ദേഹത്തിന് ലഭിച്ചു. വെല്ലിംഗ്ടണിലെ ഡിഫന്‍സ് സര്‍വീസസ് സ്റ്രാഫ് കോളേജില്‍ നിന്ന് ബിരുദം നേടി 1978ല്‍ 11 ഗൂര്‍ഖാ റൈഫിള്‍സ് അഞ്ചാം ബറ്റാലിയനില്‍ ജോലിയില്‍ പ്രവേശിച്ചു.
നാല് പതിറ്റാണ്ട് നീണ്ട സൈനിക ജീവിതത്തില്‍ ബ്രിഗേഡ് കമാന്റര്‍, ജനറല്‍ ഓഫീസര്‍ കമാന്റിംഗ് ഇന്‍ ചീഫ്, തുടര്‍ന്നും പല പ്രധാന പദവികള്‍ വഹിച്ച ശേഷം 2016 സെപ്തംബര്‍ ഒന്നിന് വൈസ് ചീഫ് ഓഫ് ആര്‍മി സ്റ്റാഫ് ആയി അദ്ദേഹം നിയമിതനായി. തുടര്‍ന്ന് അതേവര്‍ഷം ഡിസംബര്‍ 31ന് ജനറല്‍ ദല്‍ബീര്‍ സിംഗ് സുഹാഗ് വിരമിച്ചതോടെ അദ്ദേഹം കരസേനാ മേധാവിയായി തിരഞ്ഞെടുക്കപ്പെട്ടു.
2016ലെ സര്‍ജിക്കല്‍ സ്ട്രൈക്കുകളില്‍ നിര്‍ണായക തീരുമാനമെടുത്തയാളെന്ന നിലയിലാണ് ബിപിന്‍ റാവത്ത് ആ പദവിയിലെത്തിയത്. പാക് അധിനിവേശ കാശ്മീര്‍ അതിര്‍ത്തി കടന്നുളള ഇന്ത്യന്‍ സേനയുടെ ആ ഓപ്പറേഷന് ഡല്‍ഹിയില്‍ നിന്നും നേരിട്ട് നിയന്ത്രിച്ചത് ബിപിന്‍ റാവത്തായിരുന്നു.
Post Your Comments