തിരുവനന്തപുരം: ആറ്റിങ്ങലില്‍ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് പരസ്യവിചാരണ ചെയ്ത സംഭവത്തില്‍ പിങ്ക് പോലീസ് ഉദ്യോഗസ്ഥയെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യവുമായി ആരോപണ വിധേയയായ പെണ്‍കുട്ടിയുടെ പിതാവ് ജയചന്ദ്രൻ. ഉദ്യോഗസ്ഥരുടെ മാപ്പ് അംഗീകരിക്കില്ലെന്നും ജയചന്ദ്രൻ സ്വകാര്യ വാർത്താചാനലിൽ പറഞ്ഞു.
ആഗസ്റ്റ് 27ന് നടന്ന സംഭവത്തില്‍ 29 ന് ആറ്റിങ്ങള്‍ ഡിഎസ്പി പരാതി നല്‍കിയിട്ടും അത് വാങ്ങി മേശപ്പുറത്ത് വെച്ചതല്ലാതെ നടപടിയുണ്ടായില്ലെന്നും പിന്നീട് ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയെങ്കിലും അത് വലിച്ചുകീറി കളഞ്ഞെന്നും പിതാവ് ആരോപിച്ചു.
‘കേസ് നടന്നതിന്റെ അന്ന് മുതല്‍ എംഎല്‍എമാരും മന്ത്രിമാരും ഉദ്യോഗസ്ഥ രജിതയെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. എന്റെ എംഎല്‍എ കൂടിയായ ഭക്ഷ്യവകുപ്പ് മന്ത്രി ജിആര്‍ അനില്‍ പോലും എന്നെ വന്നു കണ്ടില്ല. ഖേദം പ്രകടിപ്പിക്കാന്‍ പോലും ആരും തയ്യാറായില്ല. അവന്‍ കൂലിവേലക്കാരന്‍, അവന് നല്ല ഡ്രസില്ല, മുഷിഞ്ഞ ഒരു വ്യക്തി അടുത്ത തെരഞ്ഞെടുപ്പ് വന്നാല്‍ പോയാല്‍ മതിയല്ലോ എന്നൊക്കെ ചിന്തിച്ചുകാണണം.’ ജയചന്ദ്രൻ പറഞ്ഞു.
സംഭവം നടന്ന അന്ന് മുതല്‍ കുട്ടിയെ കൗണ്‍സിലിംഗിന് വിധേയമാക്കുകയാണെന്നും സ്‌ക്കൂള്‍ തുറന്ന് ഇതു വരെ ഒരു ക്ലാസില്‍ പോലും കുട്ടി ഹാജരായിട്ടില്ലെന്നും പിതാവ് പറഞ്ഞു. കുട്ടിക്ക് അന്നത്തെ ഭയപ്പാട് ഇതുവരേയും മാറിയിട്ടില്ലെന്നും ജയചന്ദ്രന്‍ വ്യക്തമാക്കി.
Post Your Comments