
ഔറംഗാബാദ്: പ്രണയിച്ച് വിവാഹം ചെയ്തതിനു സഹോദരിയുടെ തലവെട്ടി സഹോദരൻ. മഹാരാഷ്ട്രയിലെ ഔറംഗാബാദിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. മകളെ കൊല്ലാൻ സഹായം ചെയ്തു നൽകിയത് അമ്മയെന്ന് പോലീസ്. തങ്ങളുടെ സമ്മതമില്ലാതെ പ്രണയിച്ച് വിവാഹം ചെയ്തതിനെ തുടർന്നാണ് കീർത്തി തോർ എന്ന യുവതിയെ അമ്മയും മകനും ചേർന്ന് കൊലപ്പെടുത്തിയത്. ഞായറാഴ്ചയായിരുന്നു സംഭവം.
19 കാരിയായ സഹോദരിയെ സഹോദരൻ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കൊല ചെയ്യാൻ മകളെ പിടിച്ച് വെച്ചത് അമ്മയാണെന്ന് പോലീസ് പറയുന്നു. ഞായറാഴ്ച ഇരുവരും യുവതിയുടെ വീട്ടിൽ സന്ദർശനത്തിനെത്തിയതായിരുന്നു. കൊലപാതകത്തിന് ശേഷം തലയറുത്ത് വേർപെട്ട ശരീരത്തിനൊപ്പം ഇരുവരും സെൽഫി എടുക്കുകയും ചെയ്തു.
Also Read:വാളയാറിൽ ബസ് യാത്രയ്ക്കിടെ പതിമൂന്നുകാരനെ പീഡിപ്പിക്കാന്‍ ശ്രമിച്ച എക്സൈസ് ഓഫീസര്‍ പിടിയിൽ
സഹോദരിയെ കൊലപ്പെടുത്തിയ ശേഷം സഹോദരൻ യുവതിയുടെ മുറിച്ചെടുത്ത തല വായുവിൽ വീശിയ ശേഷം മുറ്റത്തേക്ക് എടുത്തെറിഞ്ഞു. ശേഷം ഇരുവരും ഇവിടെ നിന്നും സ്ഥലം വിടുകയായിരുന്നു. കഴിഞ്ഞ ജൂണിൽ കീർത്തി താൻ പ്രണയിച്ച യുവാവുമായി ഒളിച്ചോടി വിവാഹം ചെയ്തിരുന്നു. ഇതിൽ പ്രകോപിതരായ അമ്മയും സഹോദരനും കീർത്തിയെ കൊലപ്പെടുത്താൻ പദ്ധതി തയ്യാറാക്കി. ഞായറാഴ്ച യുവതിയോട് സംസാരിക്കണമെന്ന് പറഞ്ഞ് രണ്ട് പേരും യുവതിയുടെ വീട്ടിലെത്തി. പ്രശ്നങ്ങൾ പറഞ്ഞവസാനിപ്പിക്കാമെന്നായിരുന്നു ഇവർ കീർത്തിയോട് പറഞ്ഞത്. ഇതുപ്രകാരം വീട്ടിലെത്തിയ അമ്മയ്ക്കും സഹോദരനും ചായ തയ്യാറാക്കുന്നതിനിടെയാണ് യുവതി ആക്രമിക്കപ്പെട്ടത്. ആൺകുട്ടിയെ കസ്റ്റഡിയിലെടുത്തതായും അമ്മയെ അറസ്റ്റ് ചെയ്തതായും അധികൃതർ അറിയിച്ചു.
Post Your Comments