ഏതൻസ്: അഭയാർഥികളുടെ പ്രശ്നം ചർച്ച ചെയ്യാനായി പോപ്പ് ഫ്രാൻസിസ് ഗ്രീസിലെത്തി. യൂറോപ്യൻ രാഷ്ട്രങ്ങളുടെ കുടിയേറ്റ അഭയാർഥിവിരുദ്ധ മനോഭാവത്തെ അദ്ദേഹം നിശിതമായി വിമർശിച്ചു. ഗ്രീസിലെ പ്രസിഡൻഷ്യൽ പാലസിൽ നടന്ന പരിപാടിയിൽ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
“ദേശീയത പോലെയുള്ള സ്വാർത്ഥ താൽപര്യങ്ങളാൽ യൂറോപ്യൻ സമൂഹം വലിച്ചു കീറപ്പെട്ടിരിക്കുകയാണ്. സമഭാവനയെന്ന സങ്കൽപ്പവും ചിന്താഗതിയും തന്നെ ഇവിടെ തടസ്സപ്പെട്ടിരിക്കുകയാണ്. യൂറോപ്പിന്റെ കിഴക്കൻ, പടിഞ്ഞാറൻ മേഖലകളിൽ ആശയപരമായി നിലനിന്നിരുന്ന സംഘർഷങ്ങൾ മൂലം അവർക്കിടയിൽ സഹവർത്തിത്വമുണ്ടായിട്ടില്ല. ഇന്ന്, അഭയാർത്ഥി പ്രശ്നങ്ങൾ മൂലം വടക്ക് തെക്ക് മേഖലകൾ കൂടി അകന്നു കൊണ്ടിരിക്കുന്നു.’ മാർപാപ്പ പറഞ്ഞു.
അഭയാർഥികളെയും അവരുടെ അവകാശങ്ങളെയും സംരക്ഷിക്കുക തന്റെ കർത്തവ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. പോപ്പിന്റെ മെഡിറ്ററേനിയൻ ടൂറിന്റെ രണ്ടാം ഘട്ടത്തിലാണ് അദ്ദേഹം ഗ്രീസ് സന്ദർശിച്ചത്.
Post Your Comments