പരിയാരം: മോഷ്ടിച്ച സ്വര്‍ണാഭരണങ്ങളും പണവും ഉടമകളുടെ പട്ടിക സഹിതം തിരികെ നല്‍കി മാസങ്ങള്‍ക്കു ശേഷം കണ്ണൂര്‍ ജില്ലയിലെ പരിയാരത്തെ സത്യസന്ധനായ കള്ളൻ അറസ്റ്റിൽ. പരിയാരം തോട്ടിക്കീല്‍ പി.എം.മുഹമ്മദ് മുര്‍ഷിദിനെ(31) ആണ് പരിയാരം സിഐ കെ.വി.ബാബുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. 2018-ലെ അനധികൃത പൂഴിക്കടത്ത് കേസില്‍ പയ്യന്നൂര്‍ കോടതിയില്‍ ഇന്നലെ ജാമ്യം എടുക്കാന്‍ എത്തിയപ്പോഴാണ് പൊലീസ് മുര്‍ഷീദിനെ അറസ്റ്റ് ചെയ്തത്.
നവംബർ രണ്ടിനു രാവിലെ പരിയാരം പഞ്ചായത്ത് വായാട് വാര്‍ഡ് അംഗമായ തിരുവട്ടൂര്‍ അഷ്‌റഫ് കൊട്ടോലയുടെ തറവാട് വീട്ടില്‍ മൂന്നു കവറുകള്‍ കണ്ടതുമായി ബന്ധപ്പെട്ടാണു പൊലീസ് അന്വേഷണം ആരംഭിച്ചത്. 1,91,500 രൂപയും നാലര പവന്റെ സ്വര്‍ണമാലയും 630 മില്ലിഗ്രാം സ്വര്‍ണത്തരികളും ഒരു കത്തുമാണ് കവറുകളില്‍ ഉണ്ടായിരുന്നത്.
Read Also : അയല്‍വാസിയുമായി സംസാരിച്ചതിനെച്ചൊല്ലി വാക്കുതര്‍ക്കത്തിൽ യുവാവിനെ തലക്കടിച്ച് കൊന്നു : ഒരാൾ അറസ്റ്റിൽ
തിരുവട്ടൂര്‍, അരിപാമ്പ്ര പ്രദേശത്തും നിന്നും കവര്‍ച്ച നടത്തിയ മുതലാണെന്നും കോവിഡ് കാലത്ത് നിവൃത്തികേടുകൊണ്ട് ചെയ്തുപോയതാണെന്നും പറ്റിയ തെറ്റിനു മാപ്പ് ചോദിക്കുന്നു എന്നുമായിരുന്നു കത്തിൽ എഴുതിയിരുന്നത്.
കളവ് നടത്തിയ വീടുകളുടെ ഉടമകളുടെ പേരും ഓരോ വീട്ടിലും എത്ര തുക വീതം തിരികെ നല്‍കാനുണ്ടെന്നുള്ള വിവരവും കത്തിന്റെ മുകള്‍ ഭാഗത്ത് പട്ടികയായി രേഖപ്പെടുത്തിയിരുന്നു. തുടർന്ന് വീട്ടുകാര്‍ ഇവ പരിയാരം പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു. എന്നാൽ പരിയാരം പൊലീസ് അന്വേഷണം നടത്തിയെങ്കിലും പ്രതിയെ പിടിക്കാന്‍ സാധിച്ചിരുന്നില്ല. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Post Your Comments