കൊഹിമ: നാഗാലാൻഡിൽ അസം റൈഫിൾസ് ക്യാമ്പിന് നേരെ ആൾക്കൂട്ട ആക്രമണം. സുരക്ഷാസേനയുടെ വെടിയേറ്റ് ഗ്രാമീണർ കൊല്ലപ്പെട്ട സംഭവത്തിന്റെ പ്രതിഷേധമെന്നപേരിൽ ഒരു വിഭാഗം സംഘടിച്ചെത്തി ക്യാമ്പിന് നേരെ ആക്രമണം നടത്തുകയായിരുന്നു. ഗ്രാമീണർ കൊല്ലപ്പെട്ട സംഭവത്തിൽ സൈന്യവും സംസ്ഥാന സർക്കാരും അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം നടന്നത്.
അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാൻ പ്രദേശത്തെ ഇന്റർനെറ്റ് സേവനം അധികൃതർ വിശ്ചേദിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പ്രകോപനപരമായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കാൻ വേണ്ടിയായിരുന്നു നടപടി.
അതേസമയം ഗ്രാമവാസികൾ വെടിയേറ്റ് മരിക്കാനിടയായ സംഭവം നിർഭാഗ്യകരമാണെന്ന് നാഗാലാൻഡ് മുഖ്യമന്ത്രി നെയ്ഫിയു റിയോ പ്രതികരിച്ചു. പ്രത്യേക ഉന്നതതല സംഘം സംഭവം അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഗ്രാമീണർ മരിക്കാനിടയായ സംഭവത്തെക്കുറിച്ച് കോർട്ട് ഓഫ് എൻക്വയറി നടത്തുമെന്ന് സൈന്യം നേരത്തെ വ്യക്തമാക്കിയിരുന്നു. വിഷയത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ദു:ഖം രേഖപ്പെടുത്തി.
.
Post Your Comments