കോട്ടയം: ഏറ്റുമാനൂരിൽ കുറുവ ഭീതി നിലനിർത്തി അഴിഞ്ഞാടുന്നത് മയക്കുമരുന്ന് സംഘങ്ങൾ ഉൾപ്പെടെയുള്ള സാമൂഹ്യ വിരുദ്ധരെന്ന് വിവരം. കഴിഞ്ഞ ദിവസം നീണ്ടൂരിൽ വിജനമായ പുരയിടത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ മഴു ഓണ്‍ലൈനിൽ ലഭിക്കുന്നതാണെന്ന് പോലീസ് വ്യക്തമാക്കി.
മൂന്ന് ദിവസം മുമ്പ് അതിരമ്പുഴ മണ്ണാർകുന്നിൽ സിസിടിവിയിൽ പതിഞ്ഞത് കഞ്ചാവ് സംഘത്തിൽ പെട്ട രണ്ടു പേരുടെ ചിത്രമാണെന്നും പോലീസ് അറിയിച്ചു. അതിരമ്പുഴയിൽ കഴിഞ്ഞ 26ന് വെളുപ്പിന് ഏഴു വീടുകളിൽ നടന്ന മോഷണശ്രമം മാത്രമാണ് കുറുവ സംഘത്തിന്റേതെന്ന് ഉറപ്പിക്കാവുന്നതെന്നും സിസിടിവിയിൽ പതിഞ്ഞ ദൃശ്യത്തിൽ അവരുടെ കൈവശം മാരകായുധങ്ങളുണ്ടായിരുന്നുവെന്നും പോലീസ് അറിയിച്ചു.
അതിരമ്പുഴയിൽ കുറുവ സംഘമെന്ന് കരുതുന്ന മോഷണ സംഘം വന്നതിന് തൊട്ടടുത്ത ദിവസങ്ങളിൽ കാട്ടാത്തി, മുണ്ടകപ്പാടം, മാന്നാനം കുട്ടിപ്പടി, നീണ്ടൂരിലെ വിവിധ പ്രദേശങ്ങൾ, മണ്ണാർകുന്ന്, ശ്രീകണ്ഠമംഗലം, അടിച്ചിറ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം മോഷ്ടാക്കൾ ഓടിപ്പോകുന്നത് കണ്ടതായി പറയുന്നു. അതേസമയം നാട്ടുകാർ പരിശോധിച്ചിട്ടും ആരെയും കണ്ടെത്താനായില്ല. ഇതാണ് ജനങ്ങളിലുണ്ടായ ഭീതി കഞ്ചാവ്, മയക്കുമരുന്ന് സംഘങ്ങൾ മുതലെടുക്കുന്നുവെന്ന സംശയത്തിന് ഇടനൽകിയത്.
Post Your Comments