Kerala

കേരളത്തിലെത്തിയത് 14 അംഗ കുറുവാ സംഘമെന്ന് പോലിസ്: അന്വേഷണത്തിന് ഇനി ഡ്രോണും

ആലപ്പുഴ: മണ്ണഞ്ചേരിയിലെ മോഷണ കേസിൽ അറസ്റ്റിലായ കുറുവ സംഘത്തിൽപ്പെട്ട സന്തോഷ്‌ സെൽവത്തെ കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണസംഘം. സന്തോഷ് കുറുവ സംഘത്തിലെ അം​ഗമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു, സംഘത്തെ പറ്റി കൂടുതൽ അറിയാൻ ഇയാളെ കസ്റ്റഡിയിൽ എടുക്കുന്നത് സഹായിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. ഇന്ന് അന്വേഷണസംഘം കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും. ഇന്നലെ മജിസ്ട്രേറ്റിനു മുൻപിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. പ്രതിയുടെ നെഞ്ചിൽ ഉണ്ടായിരുന്ന പച്ച കുത്തലാണ് അന്വേഷണ സംഘത്തിന് ഇയാളെ പിടികൂടാൻ സഹായമായത്.

കേരളത്തില്‍ മാത്രം ഇയാളുടെ പേരില്‍ എട്ട് കേസുകള്‍ ഉണ്ട്.ഈ കേസുകളെ കുറിച്ചെല്ലാം പോലിസ് അന്വേഷിക്കുന്നുണ്ട്. കുറുവാ സംഘത്തില്‍പ്പെട്ട 14 പേരാണ് കേരളത്തിലെത്തിയതെന്നും കേരളത്തിലെ മോഷണത്തിന് പിന്നിലെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. സന്തോഷില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളില്‍ നിന്നും ഇവരെ പിടികൂടാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. അതേസമയം എറണാകുളം കുണ്ടന്നൂരില്‍ നിന്നും സന്തോഷിനൊപ്പം കസ്റ്റഡിയിലെടുത്ത മണികണ്ഠനെ പൊലീസ് ഇതുവരെ പ്രതി ചേര്‍ത്തിട്ടില്ല.

ഇയാള്‍ക്ക് കുറുവാ സംഘവുമായുള്ള ബന്ധത്തെപ്പറ്റി പൊലീസ് അന്വേഷിച്ചുവരികയാണ്.അതിനിടെ എറണാകുളം പറവൂരിലെ മോഷണ ശ്രമങ്ങള്‍ക്ക് പിന്നിലും കുറുവാ സംഘം തന്നെയാണോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. വടക്കന്‍ പറവൂരുലെയും ചേന്ദമംഗലത്തെയും ഏഴ് വീടുകളിലാണ് ഇതുവരെ മോഷണ ശ്രമമുണ്ടായത്. മോഷ്ടാക്കളുടെ കൂടുതല്‍ സി സി ടി വി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ജില്ലാ റൂറല്‍ പൊലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ രൂപീകരിച്ച പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. രാത്രികാല പെട്രോളിംങിന് പുറമെ ഇന്നു മുതല്‍ ഡ്രോണ്‍ ഉപയോഗിച്ചുളള പരിശോധനയും നടത്തും.

 

shortlink

Post Your Comments


Back to top button