തിരുവനന്തപുരം : ഇതുവരെയും കോവിഡ് വാക്സിൻ സ്വീകരിക്കാത്ത അധ്യാപകരുടെ വിവരം ഇന്ന് ഉച്ചയ്ക്ക് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സമൂഹത്തിന് ഈ വിവരം അറിയാന്‍ അവകാശമുണ്ടെന്നും ഇവർക്കെല്ലാം കാരണം കാണിക്കൽ നോട്ടീസ് അടക്കം നൽകുമെന്നും മന്ത്രി പറഞ്ഞു. രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിന് സാധ്യമായത് എല്ലാം ആരോഗ്യവകുപ്പുമായി ചേർന്ന് വിദ്യാഭ്യാസ വകുപ്പ് ചെയ്യുമെന്നും മന്ത്രി അറിയിച്ചു.
‘വാക്സിനെടുക്കാത്ത അധ്യാപകരുടെ ജില്ല തിരിച്ചുള്ള കണക്ക് ഇന്ന് ഉച്ച കഴിഞ്ഞ് പുറത്തുവിടും. ഏത് നിലയില്‍ എത്രപേർ വാക്സിനെടുത്തില്ല എന്ന് അറിയാന്‍ സമൂഹത്തിന് അവകാശമുണ്ട്. ഈ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഉത്തരവായി വരുന്ന പക്ഷം വിദ്യാഭ്യാസ വകുപ്പ് മറ്റ് നടപടികളിലേക്ക് കടക്കും’-മന്ത്രി പറഞ്ഞു.
നേരത്തെ, വാക്സിനെടുക്കാത്ത അധ്യാപകർ ഉള്‍പ്പടെയുള്ള സർക്കാർ ജീവനക്കാർക്ക് സൗജന്യ ചികിത്സ നല്‍കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. വാക്‌സിന്‍ സ്വീകരിക്കാതെ കോവിഡ് പോസിറ്റീവ് ആകുന്നവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കില്ല. രോഗങ്ങള്‍, അലര്‍ജി മുതലായവ കൊണ്ട് വാക്‌സിന്‍ എടുക്കാന്‍ സാധിക്കാത്തവര്‍ സര്‍ക്കാര്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഹാജാരാക്കണമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ നിർദേശം.
Post Your Comments