കമ്പളക്കാട്: കാട്ടുപന്നിയെ ഓടിക്കാൻ പോയ യുവാവ് വെടിയേറ്റു മരിച്ചതിൽ ദുരൂഹത. വയനാട്ടിലെ കമ്പളക്കാട് വണ്ടിയാമ്പറ്റയിൽ ഇന്നലെ രാത്രി 10.30ഓടെയാണ് സംഭവം. കോട്ടത്തറ മെച്ചന ചുണ്ടറങ്ങോട് കുറിച്യ കോളനിയിലെ ജയൻ(36) ആണ് മരിച്ചത്.
ജയനൊപ്പമുണ്ടായിരുന്ന ബന്ധു ശരുണ്(27) നു ഗുരുതരമായി പരിക്കേറ്റു. ഇയാളെ വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാടത്ത് കാട്ടുപന്നിയെ ഓടിക്കാൻ പോയപ്പോൾ മറ്റാരോ വെടിവയ്ക്കുകയായിരുന്നുവെന്നാണ് ഒപ്പമുണ്ടായിരുന്നവർ പറയുന്നത്.
കോളനിയിലെ ചന്ദ്രപ്പൻ, കുഞ്ഞിരാമൻ എന്നിവരോടൊപ്പമാണ് ഇവർ വയലിൽ പോയത്. വെടിയേറ്റ ശേഷം ഇരുവരെയും കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജയൻ മരിക്കുകയായിരുന്നു.
അതേസമയം ആരാണ് വെടിയുതിർത്തതെന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൂടെയുണ്ടായിരുന്നവരെ ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം.
Post Your Comments