പുതുപൊന്നാനി: പുതുപൊന്നാനിയിൽ തീർഥാടക സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. നിരവധി പേർക്കു പരിക്കേറ്റു. ഇതിൽ 18 പേരുടെ നില ഗുരുതരമാണ്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ രണ്ടു മണിയോടെയാണ് അപകടം നടന്നത്. വയനാട് സുൽത്താൻ ബത്തേരിയിൽ നിന്നു ചാലക്കുടി മുരിങ്ങൂരിലെ ധ്യാനകേന്ദ്രത്തിലേക്കു പോവുകയായിരുന്ന ഗാലക്സി എന്ന ടൂറിസ്റ്റ് ബസാണ് പുതുപൊന്നാനി സെന്ററിലെ വളവിൽ വച്ച് ഡിവൈഡറിൽ ഇടിച്ച് തലകീഴായി മറിഞ്ഞത്.
അപകടത്തിൽ കുട്ടി ഉൾപ്പെടെ മൂന്നു പേരുടെ എല്ലുകൾ പൊട്ടി. പരിക്കേറ്റ ലില്ലി(56), പ്രസന്ന(52), അതുല്യ(21), നിക്സണ്(13), ബാസിൽ(14), നിഷ(37), ലില്ലി(57), സാലി(51), അൽഫോൻസ(12), ആലീസ് (38) എന്നിവരുൾപ്പെടെ 18 പേരെയാണ് കോഴിക്കോട് മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചത്. 48 യാത്രക്കാരാണ് അപകട സമയം ബസിനകത്തുണ്ടായിരുന്നത്. 18 പേരൊഴികെ ബാക്കിയുള്ളവർക്ക് നിസാര പരിക്കേയുള്ളൂ.
ഇവരെ പൊന്നാനി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസിന് മുന്നിൽ മറ്റൊരു വാഹനമുണ്ടായതിനാൽ ഡിവൈഡർ ശ്രദ്ധയിൽ പെടാതിരുന്നതാണ് അപകടത്തിലേക്ക് നയിച്ചത്.
Post Your Comments