പാലക്കാട്: മാങ്കുറുശ്ശി കക്കോട് ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പരാതി. അത്താണിപ്പറമ്പിൽ മുജീബിന്റെ ഭാര്യ നഫ്‌ല (19) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി എട്ടരയ്ക്കാണു സംഭവം. മരണം ഭർതൃവീട്ടിലെ മാനസിക പീഡനം മൂലമാണെന്ന് ആരോപിച്ച് സഹോദരൻ നഫ്സൽ രംഗത്തെത്തി. ഭര്‍തൃമാതാവും ഭര്‍തൃസഹോദരിയും സഹോദരിയെ മാനസികമായി പീഡിപ്പിച്ചിരുന്നതായി നഫ്‌ലയുടെ സഹോദരൻ വെളിപ്പെടുത്തി.
ധോണി ഉമ്മിനി പുത്തൻവീട്ടിൽ അബ്ദുൽ റഹ്മാൻ – കമുറുലൈസ ദമ്പതികളുടെ മകളായ നഫ്‌ലയും മുജീബും പത്ത് മാസം മുൻപാണ് വിവാഹിതരായത്. പാലക്കാട്ടെ സ്വകാര്യ കോളേജില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായിരുന്നു. വിവാഹം കഴിഞ്ഞ് പത്ത് മാസം കഴിഞ്ഞിട്ടും ഗര്‍ഭം ധരിക്കാത്തതിനാല്‍ നഫ്‌ല ക്രൂരമായ മാനസികപീഡനത്തിന് ഇരയായിട്ടുണ്ടെന്ന് സഹോദരന്‍ നഫ്‌സല്‍ ആരോപിച്ചതായി മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.
Also Read:വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച ഗുണ്ടാനേതാവിനെ ജാമ്യത്തിൽ വിട്ടയച്ച സംഭവം: എസ് ഐക്കെതിരെ നടപടി
‘പത്ത് മാസം മുൻപായിരുന്നു വിവാഹം. ഗര്‍ഭധാരണത്തിന് ഡോക്ടറെ കണ്ട് ചികിത്സയെല്ലാം തേടിയിരുന്നു. മാത്രമല്ല, അല്പം തടിച്ച ശരീരപ്രകൃതമാണ് അവളുടേത്. അതിന്റെപേരിലും അവളെ പരിഹസിച്ചു. തടി കുറയ്ക്കാന്‍ ഭക്ഷണം നിയന്ത്രിക്കുകയും ദിവസം നാല് കിലോമീറ്റര്‍ വരെ നടക്കുകയുമെല്ലാം ചെയ്തു. എന്നിട്ടും അവർ പരിഹസിക്കുന്നത് തുടർന്നു’, യുവാവ് പറയുന്നു.
‘ഇത്രയും തടിയുള്ള ഞാന്‍ ഇവിടെ ജീവിച്ചിട്ട് കാര്യമില്ല, എല്ലാവര്‍ക്കും ഒരുഭാരമാണ്. എന്റെ ഇക്കാക്ക് ഒരു കുട്ടിയെ കൊടുക്കാന്‍ കഴിയുന്നില്ല എന്നാണ് അവള്‍ ഡയറിയിൽ എഴുതിയിരിക്കുന്നത്. ആരുടെയും പേരെടുത്ത് പറഞ്ഞിട്ടില്ലെങ്കിലും ഡയറിയില്‍ മാനസികപീഡനത്തെക്കുറിച്ചെല്ലാം എഴുതിയിട്ടുണ്ട്. മരണത്തിന് ആരും കാരണക്കാരല്ലെന്നും, താന്‍ മാത്രമാണ് ഉത്തരവാദി എന്നുമാണ് അവൾ എഴുതിയിരിക്കുന്നത്’, നഫ്‌സല്‍ പറഞ്ഞു.
Also Read:ഉപ്പള സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ മുടി മുറിച്ച സംഭവം: പരാതിയില്ലെന്ന് കുട്ടിയുടെ അച്ഛന്‍
സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നത് ഇങ്ങനെ- വ്യാഴാഴ്ച രാത്രി മുജീബ് പുറത്തുപോയി തിരിച്ചെത്തിയപ്പോൾ കിടപ്പുമുറിയുടെ വാതിൽ അടച്ചിട്ട നിലയിലായിരുന്നു. വിളിച്ചിട്ടും തുറക്കാത്തതിൽ സംശയം തോന്നി വാതിൽ പൊളിച്ചു. മുറിയിൽ തൂങ്ങിയ നിലയിൽ കണ്ട നഫ്‌ലയെ ഉടൻ പത്തിരിപ്പാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പിന്നീട് ജില്ലാ ആശുപത്രിയിലേക്കു മാറ്റി. ഇന്നലെ ആർഡിഒ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടപടി പൂർത്തിയാക്കി കബറടക്കി.
Post Your Comments