തിരുവനന്തപുരം: വടകര റസ്റ്റ് ഹൗസിൽ മിന്നൽ പരിശോധന നടത്തിയ മന്ത്രി പി എ മുഹമ്മദ് റിയാസിനെ പരിഹസിച്ച് അഡ്വ. എ. ജയശങ്കർ രംഗത്ത്. ടിവി ക്യാമറകളുടെ അകമ്പടിയോടെ സഖാവ് റസ്റ്റ് ഹൗസും പിന്നാമ്പുറവും പരിശോധിച്ച് മദ്യക്കുപ്പി കണ്ടെടുത്ത മന്ത്രി പതിവുപോലെ ജീവനക്കാരെ ചാടിച്ച ശേഷം സ്റ്റേറ്റ് കാറിൽ യാത്രയായെന്ന് ജയശങ്കർ പരിഹാസരൂപേണ ഫേസ്‌ബുക്കിൽ കുറിച്ചു.
‘വീണ്ടും മിന്നൽ. ഇത്തവണ വടകര റസ്റ്റ് ഹൗസിലാണ് മരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ മിന്നൽ സന്ദർശനം നടന്നത്. ടിവി ക്യാമറകളുടെ അകമ്പടിയോടെ സഖാവ് റസ്റ്റ് ഹൗസും പിന്നാമ്പുറവും പരിശോധിച്ചു, കുപ്പയിൽ നിന്ന് ഒരു കുപ്പി കണ്ടെടുത്തു. പതിവുപോലെ ജീവനക്കാരെ ചാടിച്ചു. അനന്തരം, സ്റ്റേറ്റ് കാറിൽ യാത്രയായി. തുലാവർഷ കാലമാണ്. മിന്നലും ഇടിയും എപ്പോൾ വേണമെങ്കിലും ഉണ്ടാകാം. കരുതിയിരിക്കുക’, എ ജയശങ്കർ ഫേസ്‌ബുക്കിൽ കുറിച്ചു.
Also Read:വീടും തൊഴിലും സ്റ്റൈപ്പെന്റും: കീഴടങ്ങിയ മാവോയിസ്റ്റ് നേതാവിന് പുനരധിവാസം നല്കാൻ സർക്കാർ പാക്കേജ്
വടകര റസ്റ്റ് ഹൗസിൽ മിന്നൽ പരിശോധന നടത്തിയപ്പോൾ വൃത്തിഹീനമായ പരിസരവും നിറയെ മദ്യകുപ്പികളും കണ്ടെത്തിയെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് ഇന്ന് വ്യക്തമാക്കിയിരുന്നു. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കാന്‍ പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ചീഫ് എഞ്ചിനീയറോട് ആവശ്യപ്പെട്ടുവെന്ന് മന്ത്രി പറഞ്ഞു.
അതേസമയം, മുൻപ് തിരുവനന്തപുരം റസ്റ്റ് ഹൗസിൽ മിന്നൽ സന്ദർശനം നടത്തിയപ്പോഴും മന്ത്രി സമാന രീതിയിൽ പ്രതികരണം നടത്തിയിരുന്നു. റസ്റ്റ്ഹൗസും പരിസരപ്രദേശങ്ങളും വൃത്തിയാക്കിയിടാത്തതിനെ തുടർന്ന് മന്ത്രി ജീവനക്കാരോട് അന്ന് ക്ഷുഭിതനായിരുന്നു. ഇങ്ങനെ പോയാൽ മതിയെന്ന് വിചാരിച്ചാൽ അത് നടപ്പില്ല. സർക്കാർ ഒരു തീരുമാനമെടുത്താൽ ജീവനക്കാരും അതിനൊപ്പം നിൽക്കണമെന്നും, സർക്കാർ തീരുമാനം പൊളിക്കാൻ ആരും വിചാരിച്ചാലും നടക്കില്ലെന്നും മുഹമ്മദ് റിയാസ് അന്ന് പറഞ്ഞിരുന്നു.
Post Your Comments