ഡൽഹി: റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിന്റെ ഇന്ത്യൻ സന്ദർശനത്തിന്റെ തീയതി പ്രഖ്യാപിച്ചു. ഇരുപത്തിയൊന്നാമത് ഇന്ത്യ- റഷ്യ വാർഷിക ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം പങ്കെടുക്കാൻ ഡിസംബർ 6ന് അദ്ദേഹം ഇന്ത്യയിലെത്തും. വിദേശകാര്യ മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചു.
അഫ്ഗാനിസ്ഥാനിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം ഇരു നേതാക്കളും ചർച്ച ചെയ്യും. എസ്-400 മിസൈൽ സംവിധാനം ഇന്ത്യക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട പുരോഗതിയും ഇരു നേതാക്കളും വിലയിരുത്തും. ഇരു രാജ്യങ്ങളുമായി നിലനിൽക്കുന്ന പ്രത്യേക നയതന്ത്ര ബന്ധം മുൻനിർത്തി പ്രതിരോധ മന്ത്രിതല ചർച്ചയും ഉച്ചകോടിയുടെ ഭാഗമായി നടക്കും.
പ്രതിരോധം, വാണിജ്യ സഹകരണം, ശാസ്ത്ര സാങ്കേതിക രംഗം എന്നിവയുമായി ബന്ധപ്പെട്ട സുപ്രധാന കരാറുകളിലും ഇരു നേതാക്കളും ഒപ്പ് വച്ചേക്കും. പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇരു രാജ്യങ്ങളും പരസ്പരം സൈനിക ബേസുകൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട ഉടമ്പടി പ്രാബല്യത്തിൽ വരാനും സാധ്യതയുണ്ട്.
Post Your Comments