ന്യൂഡല്‍ഹി: മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ പുതിയ കോളിളക്കത്തിന് തിരികൊളുത്തി കേന്ദ്ര മന്ത്രി നാരായണ്‍ റാണെ. മാര്‍ച്ച് മാസത്തോടെ മഹാരാഷ്ട്രയില്‍ ബി.ജെ.പി. അധികാരത്തില്‍ എത്തുമെന്ന പരാമര്‍ശമാണ് മഹാരാഷ്ട്ര സർക്കാരിന് പുതിയ ആശങ്കകൾക്ക് കാരണമായിരിക്കുന്നത്. സംസ്ഥാനത്ത് നിയമസഭ തിരഞ്ഞെടുപ്പ് നടക്കാന്‍ രണ്ടുവര്‍ഷം ബാക്കിനില്‍ക്കെയാണ് ബി.ജ.പി അധികാരമേറ്റെടുക്കുമെന്ന റാണെയുടെ പ്രഖ്യാപനം.
മാധ്യമപ്രവർത്തകരോടാണ് റാണെയുടെ പ്രസ്താവന. ‘മാര്‍ച്ച് മാസത്തോടെ ബി.ജെ.പി. സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കും. വലിയൊരു മാറ്റത്തിന് നിങ്ങള്‍ സാക്ഷികളാവും’- മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ രൂപവത്കരിക്കാനാണെങ്കിലും താഴെയിറക്കാനാണെങ്കിലും ചില കാര്യങ്ങള്‍ രഹസ്യമായി സൂക്ഷിക്കണം- റാണെ ജയ്പുരില്‍ പറഞ്ഞു.
മുന്‍ ശിവസേന നേതാവ് കൂടിയാണ് രണ്ടാംമോദി സര്‍ക്കാരിലെ സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ വകുപ്പു മന്ത്രിയായ റാണെ. 2005ല്‍ ശിവസേന വിട്ട റാണെ 2017 വരെ കോണ്‍ഗ്രസില്‍ തുടര്‍ന്നു. പിന്നീട് മഹാരാഷ്ട്ര സ്വഭിമാന്‍ പക്ഷം എന്ന പാര്‍ട്ടിയുണ്ടാക്കി. 2019ല്‍ ബിജെപിയിലേക്ക് ചേക്കേറിയ റാണെ തന്റെ പാര്‍ട്ടിയെ ബിജെപിയിൽ ലയിപ്പിക്കുകയും ചെയ്തു.
നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം ശിവസേന-ബി.ജെ.പി മുന്നണിയിലുണ്ടായ തര്‍ക്കമാണ് ശിവസേന, കോണ്‍ഗ്രസ്, എന്‍.സി.പി സര്‍ക്കാര്‍ രൂപീകരണത്തിലേക്ക് കാര്യങ്ങളെത്തിച്ചത്. എന്നാൽ ബിജെപി പിന്നീട് സർക്കാരുണ്ടാക്കാൻ ശ്രമിച്ചില്ല.
Post Your Comments