KeralaArticleNews

പതിനെട്ട് മലകള്‍ക്ക് നടുവിലായി സ്ഥിതിചെയ്യുന്ന ശബരിമല ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രവും പ്രത്യേകതകളും

 

കേരളത്തിലെ പത്തനംതിട്ട ജില്ലയില്‍ പശ്ചിമഘട്ടത്തിന്റെ ഭാഗമായ പെരിയാര്‍ കടുവ സംരക്ഷിത പ്രദേശത്തില്‍ സ്ഥിതിചെയ്യുന്ന ഒരു ഹൈന്ദവ ക്ഷേത്രമാണ് ശബരിമല ശ്രീ ധര്‍മ്മശാസ്താക്ഷേത്രം. ഒരു പ്രത്യേക കാലഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ ഭക്തരെത്തുന്ന ലോകത്തിലെതന്നെ ഏറ്റവും വലിയ ക്ഷേത്രങ്ങളിലൊന്നാണ് ശബരിമല. ഏകദേശം മൂന്നു കോടിയിലധികം പേരാണ് ഓരോ വര്‍ഷവും ഇവിടം സന്ദര്‍ശിക്കുന്നത്. ചില കണക്കുകള്‍ ഇവ അഞ്ചു കോടിയോളം വരുമെന്നു പറയുന്നു. ഹരിഹര പുത്രനായ (ശിവന്‍, വിഷ്ണു എന്നിവരുടെ) അയ്യപ്പനാണ് ഇവിടുത്തെ പ്രതിഷ്ഠ എന്നാണ് വിശ്വസിക്കുന്നത്. കൂടാതെ അടുത്ത് പ്രത്യേകം ക്ഷേത്രത്തില്‍ മാളികപ്പുറത്തമ്മ എന്നു പേരുള്ള ഒരു ദേവീസങ്കല്‍പ്പവും തുല്യപ്രാധാന്യത്തില്‍ വാഴുന്നു. ഉപദേവതകളായി ഗണപതി, വാവരുസ്വാമി, വലിയ കടുത്തസ്വാമി, കൊച്ചു കടുത്തസ്വാമി, കറുപ്പസ്വാമി, നവഗ്രഹങ്ങള്‍, നാഗദൈവങ്ങള്‍ എന്നിവര്‍ക്കും പ്രത്യേകം സന്നിധികളുണ്ട്. ശബരിമലയിലെ ആചാരങ്ങള്‍ ശൈവമതം, വൈഷ്ണവമതം, ശക്തി, ശ്രമണ എന്നിവയുടെ ഒരു സമ്മിശ്രണമാണ്.

സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 480 മീറ്റര്‍ (1,574 അടി) ഉയരത്തില്‍ 18 മലകള്‍ക്കു നടുവിലായാണ് ശബരിമല ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പഞ്ചലോഹത്തില്‍ പൊതിഞ്ഞ പതിനെട്ട് കരിങ്കല്‍ പടികളോടുകൂടിയ ചെറിയൊരു ക്ഷേത്രവും അതിനുമുകളിലുള്ള സ്വര്‍ണ്ണം പൂശിയ രണ്ട് ചതുരശ്രീകോവിലുകളുമാണ് ശബരിമലയിലുള്ളത്. കേരളത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ നദിയായ പമ്പാ നദിയുടെ ഉദ്ഭവം ശബരിമലയ്ക്കടുത്തുനിന്നാണ്. ക്ഷേത്രത്തില്‍ നിന്ന് ഏകദേശം അഞ്ചുകിലോമീറ്റര്‍ തെക്കുപടിഞ്ഞാറു ഭാഗത്തായി പമ്പാനദിയില്‍ ഒരു സ്‌നാനഘട്ടമുണ്ട്. ഇവിടെ കുളിച്ചാണ് ഭക്തര്‍ മല ചവിട്ടുന്നത്. നാനാ ജാതിമതസ്ഥര്‍ക്കും ഇവിടെ പ്രവേശനം അനുവദനീയമാണ്. എന്നാല്‍ ഇരുമുടിക്കെട്ടുമായി വരുന്നവരെ മാത്രമേ 18 പടികള്‍ കയറാന്‍ അനുവദിക്കൂ. ‘നെയ്യഭിഷേകമാണ്’ ഈ ക്ഷേത്രത്തിലെ പ്രധാന വഴിപാട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ളതാണ് ഈ ക്ഷേത്രം. ദേവസ്വം ബോര്‍ഡിനു കീഴില്‍ ഏറ്റവും കൂടുതല്‍ വരുമാനമുള്ള ക്ഷേത്രമാണിത്.

മറ്റു ക്ഷേത്രങ്ങളിലെപ്പോലെ വര്‍ഷത്തില്‍ എല്ലാ ദിവസവും ഇവിടെ പൂജയോ തീര്‍ത്ഥാടനമോ നടക്കുന്നില്ല. നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍, വൃശ്ചികം ഒന്നുമുതല്‍ ധനു പതിനൊന്നുവരെ നീളുന്നതും മണ്ഡലക്കാലം എന്നറിയപ്പെടുന്നതുമായ 41 ദിവസങ്ങളാണ് ശബരിമലയിലെ പ്രധാന തീര്‍ത്ഥാടനകാലയളവ്. ഇതിനുപുറമേ എല്ലാ മലയാളമാസങ്ങളിലേയും ആദ്യത്തെ അഞ്ചുദിവസങ്ങളിലും ഇവിടെ സന്ദര്‍ശനമനുവദിക്കുന്നു. ഇത് തുടങ്ങിയിട്ട് അധികകാലമായിട്ടില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button