ഭോപ്പാല്‍ : തുടര്‍ച്ചയായി അഞ്ചാം തവണയും ഇന്‍ഡോര്‍ രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമായി. കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം നടത്തിയ സര്‍വേയില്‍ നോയിഡ രാജ്യത്തെ ഏറ്റവും വൃത്തിയുള്ള ഇടത്തരം നഗരമായും വാരണാസി ഏറ്റവും വൃത്തിയുള്ള ഗംഗാതീര നഗരമായും തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള സംസ്ഥാനം ഛത്തീസ്ഗഡാണ്. കേന്ദ്ര സര്‍ക്കാരിന്റെ വാര്‍ഷിക ശുചിത്വ പുരസ്‌കാരമാണ് ഈ സ്ഥലങ്ങള്‍ക്ക് ലഭിച്ചത്. സ്വച്ഛ സര്‍വേക്ഷണ്‍ അവാര്‍ഡ്, 2021 ലെ വൃത്തിയുള്ള നഗരം വിഭാഗത്തില്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ യഥാക്രമം സൂറത്തും വിജയവാഡയും നേടി.
മഹാരാഷ്ട്രയും മധ്യപ്രദേശുമാണ് രാജ്യത്തെ വൃത്തിയുള്ള സംസ്ഥാനങ്ങളില്‍ രണ്ടാമത്തേതും മൂന്നാമത്തേതും. ഇന്‍ഡോര്‍, സൂറത്ത്, വിജയവാഡ, നവി മുംബൈ, ന്യൂഡല്‍ഹി, അംബികാപുര്‍, തിരുപ്പതി, പൂനെ, നോയിഡ, ഉജ്ജയിന്‍ എന്നിവയാണ് ഒരു ലക്ഷത്തിലധികം ജനസംഖ്യയുള്ള 10 മികച്ച വൃത്തിയുള്ള നഗരങ്ങള്‍. മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഒരു ലക്ഷത്തില്‍ താഴെ ജനസംഖ്യയുള്ള നഗരങ്ങളില്‍ ഏറ്റവും വൃത്തിയുള്ളതായി മഹാരാഷ്ട്രയിലെ വിറ്റ നഗരം തിരഞ്ഞെടുക്കപ്പെട്ടു. ലോണാവാലയും സസ്വാദുമാണ് തൊട്ടുപിന്നില്‍.
മധ്യപ്രദേശിലെ ഏറ്റവും മനോഹര നഗരങ്ങളിലൊന്നായ ഇന്‍ഡോര്‍ അതിന്റെ വാസ്തുവിദ്യാ മഹത്വത്തിന്റെയും കൗതുകകരമായ ചരിത്രത്തിന്റെയും ആകര്‍ഷണീയതയാല്‍ വിനോദ സഞ്ചാരികളെ എപ്പോഴും ആകര്‍ഷിക്കുന്ന ഒരിടമാണ്. വര്‍ഷങ്ങളോളം നഗരം ഭരിച്ചിരുന്ന മഹാരാഷ്ട്ര ഭരണാധികാരികളായ ഹോല്‍ക്കര്‍ രാജവംശം പണികഴിപ്പിച്ച ചരിത്രസ്മാരകങ്ങളുടെയും മതപരമായ സ്ഥലങ്ങളുടെയും കേന്ദ്രമാണിത്. അതിമനോഹരമായ കൊട്ടാരങ്ങളും മനോഹരമായി കൊത്തിയെടുത്ത ക്ഷേത്രങ്ങളും പുരാതന കോട്ടകളും കൊണ്ട് നിറഞ്ഞ ഈ സാംസ്‌ക്കാരിക നഗരി ഇന്ത്യയിലെ സ്മാര്‍ട്ട് നഗരം കൂടിയാണ്.
തുടര്‍ച്ചയായി നാലാം വര്‍ഷമാണ് ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ളതും സ്മാര്‍ട്ട് ആയതുമായ നഗരമെന്ന പദവി ഇന്‍ഡോര്‍ സ്വന്തമാക്കുന്നത്. ഇവിടുത്തെ റോഡുകള്‍ വൃത്തിയായി സംരക്ഷിക്കപ്പെടുന്നു. ബോധവല്‍ക്കരണം നടത്തുന്നതിനായി ഇവിടെയുള്ള കുട്ടികള്‍ ശുചിത്വ ഡ്രൈവുകളില്‍ പങ്കെടുക്കുന്നു.
അതേസമയം കേരളമോ, കേരളത്തിലെ നഗരങ്ങളോ ശുചിത്വ സംസ്ഥാനങ്ങളുടേയോ നഗരങ്ങളുടെയോ പട്ടികയില്‍ ഇടം നേടിയില്ല.
Post Your Comments