മുംബയ്: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ ഭക്ഷണകാര്യത്തില്‍ ബിസിസിഐ നിബന്ധനകൾ വയ്ക്കാറില്ലെന്നും കളിക്കാര്‍ക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും ബിസിസിഐ ഷറര്‍ അരുണ്‍ ധുമാല്‍.
ഇന്ത്യന്‍ ടീമിന് ഹലാല്‍ ഭക്ഷണം മാത്രമേ നല്‍കാവൂ എന്ന് ബിസിസിഐ നിര്‍ദ്ദേശം നല്‍കിയതായി ദേശീയ മാദ്ധ്യമങ്ങളിൽ വന്ന റിപ്പോര്‍ട്ട് വാസ്തവ വിരുദ്ധമാണെന്നും അത്തരത്തില്‍ ഒരു നിര്‍ദ്ദേശം കാറ്ററിംഗ് ഉടമകള്‍ക്ക് ബിസിസിഐ നല്‍കിയിട്ടില്ലെന്നും അരുണ്‍ ധുമാല്‍ പറഞ്ഞു.
കാറ്ററിംഗ് ഉടമകള്‍ക്ക് വിതരണം ചെയ്ത കളിക്കാര്‍ക്കുള്ള ഭക്ഷണ മെനുവിന്റെ ഏറ്റവും താഴെയായി ബീഫും പോര്‍ക്കും ഒഴിവാക്കണമെന്നും ഹലാല്‍ ഭക്ഷണം മാത്രമേ താരങ്ങള്‍ക്ക് നല്‍കാവൂ എന്നും സൂചിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഈ നിര്‍ദ്ദേശം എങ്ങനെ കടന്നുകൂടിയെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും അരുണ്‍ ധുമാല്‍ പറഞ്ഞു.
ഏതെങ്കിലും ഒരു കളിക്കാരന്‍ ഒരു നിര്‍ദ്ദേശം വച്ചാല്‍ മറ്റൊരു താരം അതിന് വിരുദ്ധമായ നിര്‍ദ്ദേശം മുന്നോട്ട് വയ്ക്കുന്നത് വരെ ആദ്യത്തെ കളിക്കാരന്റെ നിര്‍ദ്ദേശം തന്നെ തുടരുന്ന പതിവാണ് നിലവിൽ ഉള്ളതെന്നും അരുണ്‍ ധുമാല്‍ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. ഇത്തരത്തില്‍ ഏതെങ്കിലും കളിക്കാരന്‍ ഹലാല്‍ ഭക്ഷണം ആവശ്യപ്പെട്ടിട്ടുണ്ടാകാമെന്നും മറ്റ് താരങ്ങള്‍ അതിനെ എതിര്‍ക്കാത്തത് കാരണം ആ പതിവ് തുടരുന്നതാകാമെന്നും ധുമാല്‍ പറഞ്ഞു.
Post Your Comments